തീര സുരക്ഷയും തോട്ടപ്പള്ളി സ്പില്‍വേ നവീകരണവും

   ഡോ. കെ. ജി. പത്മകുമാര്‍

ഭൂപ്രദേശങ്ങള്‍ കേവലം കണ്ണു കൊണ്ട് കാണുന്നത് മാത്രമല്ല അതു നല്‍കുന്ന ഓര്‍മ ചിത്രങ്ങളും കൂടിയാണ്. ഇത്തരത്തില്‍ സമാനതകളില്ലാത്ത കാര്‍ഷികചരിത്രം സമ്മാനിക്കുന്ന നാടാണ് കേരളത്തിന്റെ നെല്ലറ എന്നു വിശേഷിക്കപ്പെടുന്ന കുട്ടനാട്. അഞ്ചു നദികള്‍ സംഗമിക്കപ്പെടുന്ന കുട്ടനാടിന്റെ സമ്പത്തും വിഭവവും ഇവിടുത്തെ ജലസമൃദ്ധിയാണ്, അറബിക്കടലുമായുള്ള ബന്ധമാണ്. എന്നാല്‍ ഈ ജലസമൃദ്ധി നാടിന്റെ അനുഗ്രഹവും ചില സമയങ്ങളില്‍ ദുരന്തവുമാകുന്നു എന്നതാണ് വിരോധാഭാസം.

            കുട്ടനാട്ടിലെ നെല്‍ കൃഷി സംരക്ഷിക്കുവാനും കാര്‍ഷിക തീവ്രത വര്‍ദ്ധിപ്പിക്കാനും നടപ്പിലാക്കിയ രണ്ട് പ്രധാന പദ്ധതികളാണ് തോട്ടപ്പള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം ബണ്ടും..

1949 ധനു മാസം ഒന്നാം തീയതി തിരുവിതാംകൂറിലെ മന്ത്രി ആയിരുന്ന ശ്രീ. ഈ.ജോണ്‍ ഫിലിപ്പോസ്, വേമ്പനാട്ട് കായയില്‍ തലേദിവസം ഉണ്ടായ വെള്ളപ്പൊക്കവും വേലിയേറ്റവും മൂലം ഏതാണ്ട് 35000 ഹെക്ടര്‍ ബ്ലോക്ക് കൃഷി മടവീണ് നശിച്ചതു അന്വഷിക്കാനായി കുട്ടനാട്ടില്‍ എത്തി. ആലപ്പുഴയിലെ അന്നത്തെ ജലസേചന എഞ്ചിനീയര്‍ ശ്രീ.പി.എച്ച്. വൈദ്യനാഥനോടു ഇത് സംബന്ധിച്ചു പഠിച്ചു നിര്‍ദേശം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. അമേരിക്കയിലെ സാന്‍സ്ഫ്രാന്‍സിസ്കോ ബേയില്‍ ഇത്തരത്തിലുള്ള ബണ്ട് കൃഷി സംവിധാനങ്ങള്‍ മനസിലാക്കിയിട്ടുള്ള വൈദ്യനാഥന്‍, കുട്ടനാട്ടിലെ പ്രശ്നങ്ങള്‍ക്ക് പോംവഴി നിര്‍ദ്ദേശിച്ചു സമര്‍പ്പിച്ച രണ്ടു പദ്ധതികളാണ് തോട്ടപ്പള്ളി സ്പില്‍വേയും തണ്ണീര്‍മുക്കം ബണ്ടും. ഇതിന്റെ സ്പെഷ്യല്‍ ഓഫീസര്‍ ആയി നിയമിക്കപ്പെട്ട വൈദ്യനാഥന്‍ എട്ട് മാസം കൊണ്ട് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ട് അന്നത്തെ മദ്രാസ് ചീഫ് എഞ്ചിനീയര്‍ക്കു പരിശോധനക്ക് അയച്ചുവത്രെ. “ഇന്ത്യയിലെങ്ങും ഇത്തരത്തിലൊരു പദ്ധതി ചെയ്തിട്ടില്ലാത്തതിനാല്‍ നന്നായി ആലോചിച്ചു വേണം ഇത് ചെയ്യേണ്ടതു “ എന്ന് ചീഫ്  എഞ്ചിനീയര്‍ ശ്രീ. വെങ്കിടാചാര്യ അഭിപ്രായപ്പെട്ടുവത്രേ. ഇത്തരത്തില്‍ രൂപപ്പെടുത്തിയ കുട്ടനാട് വികസന പദ്ധതിയിലുള്‍പ്പെട്ട വെള്ളപ്പൊക്ക പ്രതിരോധ പദ്ധതിയാണ് തോട്ടപ്പള്ളി സ്പീല്‍വേ പദ്ധതി. സ്വാതന്ത്ര്യാനന്തരം ഏറ്റെടുത്ത ഇന്ത്യയിലെ തന്നെ  ആദ്യത്തെ പ്രളയ പ്രതിരോധ പദ്ധതിയാണിത്.

പമ്പ, അച്ചന്‍കോവില്‍ ,മണിമല, മീനച്ചില്‍, മൂവാറ്റുപുഴ ഇങ്ങനെ വേമ്പനാട് കായലില്‍ സംഗമിക്കുന്ന അഞ്ചു നദികളുടെ നദീതട പ്രദേശമാണ്  കുട്ടനാട്. നദികളിലൂടെ ഒഴുകി എത്തുന്ന ശരാശരി പ്രതിവര്‍ഷ നീരൊഴുക്ക് 13,816 ദശലക്ഷം ക്യൂബിക് മീറ്റര്‍ ആണ്. ഇതില്‍ 80% വും മണ്‍സൂണ്‍ കാലത്താണ്. നദികള്‍ കൊണ്ടെത്തിക്കുന്ന എക്കല്‍ വീണ് സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കുട്ടനാട്. നദികളുടെ പ്രവാഹത്തില്‍ എക്കലും ശുദ്ധജലവും മണ്‍സൂണ്‍ കാലത്ത് തീരക്കടലില്‍ എത്തുമ്പോള്‍ കടലിലെ തിരയിളക്കവുമായി ചേര്‍ന്ന് ഉണ്ടാകുന്ന ചെളിത്തട്ട് പ്രക്ഷുബ്ധമായ തിരമാലകളെ സമീകരിച്ച് ശാന്തമാക്കുന്നു. ഇത്തരത്തില്‍ ശാതമാകുന്ന കടല്‍മേഖലയില്‍ ഉണ്ടാകുന്ന അത്യപൂര്‍വ പ്രതിഭാസമാണ് ചാകര. ഇതും നമ്മുടെ നദികളും കായലും നല്‍കുന്ന മറ്റൊരു സംഭവനയാണ്.

            കുട്ടനാട് നേരിടുന്ന പ്രളയ ഭീഷണി ലഘൂകരിക്കാന്‍ ഉള്ള ആലോചനകള്‍ 1934ല്‍ തന്നെ തുടങ്ങിയിരുന്നു ആയതിലേക്ക് നിയോഗിക്കപ്പെട്ട രണ്ട് ഇറ്റാലിയന്‍ എഞ്ചിനീയര്‍മാര്‍ ആലപ്പുഴക്കു വടക്ക് ആര്യാട് ഭാഗത്ത് വേമ്പനാട് കായലില്‍ നിന്ന് കടലിലേക്ക് ഒരു കനാല്‍ നിര്‍മിക്കുവാന്‍ നിര്‍ദേശിച്ചു. എന്നാല്‍ അന്നത്തെ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയിരുന്ന ശ്രീ.ഐ.സി.ചാക്കോയുടെ നിര്‍ദേശം പരിഗണിച്ചു പമ്പയും അച്ചങ്കോവിലും സംഗമിക്കുന്ന വീയപുരത്ത് നിന്ന് 10 കിലോമീറ്റര്‍ പടിഞ്ഞാറ് തോട്ടപ്പള്ളിയിലേക്ക് കനാലും അവിടെ  സ്പീല്‍വേയും  നിര്‍മിക്കുന്നതിനു തീരുമാനിച്ചു.  . ഇത് കുട്ടനാട് വികസന പദ്ധതിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടു. ഇത്തരത്തില്‍ 1951ല്‍ ആരംഭിച്ച് 1955ല്‍ പൂര്‍ത്തിയാക്കിയ പദ്ധതിയാണ് തോട്ടപ്പള്ളി സ്പീല്‍വേ പദ്ധതി.

പമ്പ, അച്ചങ്കോവില്‍, മണിമല നദികളിലൂടെ ജൂലൈ ഓഗസ്റ്റ് മാസത്തില്‍ ഒഴുകിയെത്തുന്ന 69,000 ക്യൂബിക് ഫീറ്റ്/സെക്കണ്ട് (ക്യൂസെക്) ജലത്തില്‍ 5000 ക്യൂബിക് മീറ്റര്‍/സെക്കന്‍ഡില്‍ ജലം ടി. എസ്. കനാല്‍ വഴി കായംകുളം കായലിലേക്ക് പോകുന്നത് കഴിച്ച് ബാക്കി 64,000 ക്യൂബിക് മീറ്റര്‍/സെക്കന്‍ഡ് ജലം കടലിലേക്ക് നേരിട്ട്ഒഴുക്കാന്‍ ഈ പദ്ധതി വഴി ലക്ഷ്യമിട്ടിരുന്നു. ആയതിലേക്ക് 400 അടി വീതിയില് 40 ഷട്ടറുകള്‍ ചേര്‍ന്ന സ്പീല്‍വേയും 1000 അടി വീതിയില്‍ വീയപുരത്ത് നിന്നും പുതുതായി വെട്ടിയുണ്ടാക്കുന്ന ഒരു ലീഡിങ് ചാനലും ചേര്‍ന്നതായിരുന്നു ഈ പദ്ധതി. 1311 മീറ്റര്‍ നീളത്തില്‍ സ്പീല്‍വേയുടെ വീതിയില്‍ ‘സ്പീല്‍വേ കനാല്‍ ‘നിര്‍മിച്ചുവെങ്കിലും വീയപുരത്തുനിന്നും നിര്‍ദേശിച്ചത്ര വീതിയില്‍ ലീഡിങ് ചാനല്‍ നിര്‍മ്മിക്കാന്‍ ആയില്ല. ഇപ്പോള്‍ ലീഡിങ്ചാനലിനു 80 മീറ്റര്‍ വീതി മാത്രമാണ് നിലവിലുള്ളത്. നിര്‍മ്മാണ സമയത്ത് ലക്ഷ്യമിട്ട 64,000 ക്യൂസെക് ജലത്തില്‍ 20,000 ക്യൂസെക് മാത്രമാണ് സ്പീല്‍വേയുടെ ജലനിര്‍ഗമന ശേഷി എന്ന് പില്‍കാലത്ത് രേഖപ്പെടുത്തപ്പെട്ടു. ഇപ്പോള്‍ അത് യഥാര്‍തത്തില്‍ പിന്നെയും കുറഞ്ഞിട്ടുണ്ട്.  ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ലീഡിങ് ചാനലിന്റെ വീതിക്കുറവും  അതില്‍ മണ്ണടിഞ്ഞു നീരൊഴുക്ക് തടസ്സപ്പെടുന്നതുമാണത്രേ., സ്പില്‍വേയുടെ കടല്‍മുഖത്ത് തീര-പ്രതിഭാസത്തില്‍ മണലടിയുന്നത് കൊണ്ട് സ്പീല്‍വേയുടെ ശേഷി അടുത്തക്കാലത്ത് ഇതിലും ഗണ്യമായി കുറവായിട്ടുണ്ടത്രേ. ലീഡിങ് ചാനലിന്റെ വീതി 250-300 മീറ്റര്‍ എങ്കിലുമായി വര്‍ദ്ധിപ്പിക്കണമെന്നാണ് ഇത് സംബന്ധിച്ച നടത്തിയിട്ടുള്ള എല്ലാ പഠന റിപ്പോര്‍ട്ടുകളും ശുപാര്‍ശ ചെയ്യുന്നത്.

ഇത് കൂടാതെ, മണ്‍സൂ ണ്‍കാലത്ത് കടല്‍നിരപ്പ് ഉയര്‍ന്നിരിക്കുന്നതു കൊണ്ടും പ്രക്ഷുബ്ധമായ തിരമാലകള്‍ ഉണ്ടാക്കുന്ന  ‘ഓടിച്ചുകുത്ത്’ പ്രതിഭാസം കൊണ്ടും സ്വഭാവികമായ കടലിലേക്കുള്ള ജലനിര്‍ഗമന ശേഷി വളരെ അധികം തടസ്സപ്പെടുന്നതായി പില്‍ക്കാലത്ത് കണ്ടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സാഹചര്യം സ്പില്‍വേ പദ്ധതി രൂപപ്പെടുത്തിയ കാലത്ത് കണക്കിലെടുത്തതായി തോന്നുന്നില്ല.

            തീരക്കടലിലെ പ്രതിഭാസങ്ങളുടെ ഭാഗമായി സ്പില്‍വേയുടെ കടല്‍ മുഖത്ത് അടിഞ്ഞു കൂടുന്ന മണലും മറ്റും  ഓരോ വര്‍ഷവും കോണ്ട്രാക്റ്റ് അടിസ്ഥാനത്തില്‍, പണം മുടക്കി,  കാലവര്‍ഷത്തിനു മുന്‍പ് നീക്കുകയോ സ്പില്‍വേ മുഖത്തെ മണല്‍ തിട്ട ഭാഗീകമായി മുറിച്ചു നീക്കുകയോ ആണ് പതിവ്. ഇത്തരത്തില്‍ ഭാഗികമായി മണല്‍ ചിറ തുറന്നു വെള്ളമൊഴുക്കുന്ന അശാസ്ത്രീയ രീതിക്ക് മാറ്റമുണ്ടാകണമെന്നും വെള്ളപ്പൊക്ക ദുരന്തങ്ങള്‍  വര്‍ധിക്കുന്ന  പശ്ചാത്തലത്തില്‍ കടല്‍ മുഖത്ത് മുഴുവന്‍ വീതിയിലും നീരൊഴുക്കിന് സൗകര്യം ഒരുക്കണമെന്നും ഉള്ള നിര്‍ദേശം ഇത് സമ്പന്ധിച്ച എല്ലാ റിപ്പോര്‍ട്ടിലും ഉണ്ട്. കടലിലെ തിരയിളക്കത്തെ ഭേദിച്ചുള്ള  നീരൊഴുക്ക് സുഗമം ആക്കാന്‍ സ്പില്‍വേ മുഖത്ത് ആഴത്തേക്കാള്‍ പരപ്പിനാണ് പ്രാധാന്യം എന്നും  വിലയിരുത്തപ്പെടുന്നു. . സ്പില്‍വേ കനാലിന്റെ മുഴുവന്‍ വീതിയിലും മണല്‍ ചിറ നീക്കേണ്ടത് അനിവാര്യമാകേണ്ടതാണ് എന്നാണു  ഡോ. എം.എസ്.സ്വാമിനാഥന്‍ സമര്‍പ്പിച്ച കുട്ടനാട് പാക്കേജ്, IIT-CWRDM പഠന  റിപ്പോര്‍ട്ട്‌,, കേരള ശാസ്ത്ര സാഹിത്യ പരിഷ്യത്തിന്റെ പഠനങ്ങള്‍, പ്ലാനിങ്ങി ബോര്‍ഡ് കുട്ടനാട് പാക്കേജ്-II റിപ്പോര്‍ട്ട്, കുട്ടനാട് കായല്‍ കൃഷി ഗവേഷണ കേന്ദ്രം,(കൃഷിവകുപ്പ്) റിപ്പോര്‍ട്ട് ഇവ ഒക്കെ തന്നെ അഴിമുഖത്ത് മണ്ണടിഞ്ഞു നീരൊഴുക്ക് തടസപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മണല്‍ത്തിട്ടയില്‍  തികച്ചും അശാസ്ത്രീയമായും നിയമ വിരുധമായും മരം വെച്ചുപിടിപ്പിക്കുക കൂടി  ചെയ്തതോടെ  മണല്‍ ചിറ പൊഴി മുഖത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം വരെ അടഞ്ഞു കിടക്കുന്ന  സ്ഥിതിയില്‍ ആയി. 2018 ലെ മഹാ പ്രളയ കാലത്തും സ്പില്‍വേ മുഖം 1/3 മാത്രം തുറന്നിരുന്നു എന്നതുകൊണ്ട്‌ തന്നെ സ്പില്‍വേയിലൂടെ നീരൊഴുക്കിന് അസാധാരണമായ കാലതാമസം ഉണ്ടായി. കുട്ടനാട്ടിലെ പ്രളയ കെടുതികള്‍ മാസങ്ങള്‍ നീണ്ടു നിന്നു.   എന്ന കാര്യവും വിസ്മരിക്കാനാവില്ല. സ്പില്‍വേയിലൂടെ ഉള്ള നീരൊഴുക്ക് വേലിയേറ്റത്തേയും കടലിലെ ജല നിരപ്പിനേയും കൂടെ ആശ്രയിച്ചാണിരിക്കുന്നത്.ഉയര്‍ന്ന വേലിയേറ്റ സമയത്ത് കടല്‍ നിരപ്പ് 90-95 സെന്റിമീറ്റര്‍ വരെ ഉയരുന്ന പശ്ചാത്തലത്തില്‍ വെള്ളപ്പൊക്ക കാലത്തെ നദികളിലെ ജല പ്രവാഹവും വേലിയേറ്റം വഴി ഉണ്ടാകുന്ന ഉയര്‍ന്ന ജല നിരപ്പും  കാലാവസ്ഥ മാറ്റം കടല്‍ നിരപ്പില്‍ ഉണ്ടാക്കുന്ന ഗുരുതര  പ്രശ്നങ്ങളും ഭാവിയില്‍ അത്യന്തം ഭയാനകം ആയ പ്രളയ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമെന്നും വിലയിരുത്തപ്പെടുന്നു. നദി പ്രളയവും വേലിയേറ്റ പ്രവാഹവും ചേര്‍ന്ന് വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശാസ്ത്രീയമായ പദ്ധതികള്‍ ഉണ്ടാക്കേണ്ടതുണ്ട്. തീരദേശം  നേരിടേണ്ടി വരുന്ന പ്രതി സന്ധികളെ  ചെറുതായി കാണാനാവില്ല.

            കുട്ടനാടിന് ഭൂപ്രകൃതിയുടെ ചായ്‌വ് വടക്ക് പടിഞ്ഞാറോട്ടാണ്. എന്നിരുന്നാലും സ്പില്‍വേക്കുപിന്നില്‍ ഒഴുകിയെത്തുന്ന ജലത്തില്‍ നല്ലൊരു ഭാഗം ദേശീയ ജലപാത വഴി ഏതാണ്ട്  20 കിലോമീറ്റര്‍ തെക്ക് കായംകുളം കായലിലേക്ക് ഒഴുകി മാറുന്നുണ്ട്. കഴിഞ്ഞ പ്രളയ കാലത്ത് അന്തര്‍ദേശീയ കായല്‍ കൃഷി  ഗവേഷണ പരിശീലന കേന്ദ്രം നടത്തിയ പഠനത്തില്‍ സ്പില്‍വേയുടെ തൊട്ടുപിന്നില്‍ നിന്ന് തെക്കോട്ട്‌ കായംകുളം കായലിലേക്കുള്ള ഒഴുക്ക്, സ്പില്‍വേയിലൂടെ ഉള്ള ഒഴുക്കിനേക്കാള്‍ ഏതാണ്ട് അഞ്ചിരട്ടി വേഗതയിലായിരുന്നു. ഇതിനു പ്രധാന കാരണമായി കണ്ടിട്ടുള്ളത് കായംകുളം കായലിന്റെ അഴിമുഖം ഹാര്‍ബറായതോടുകൂടി തിരയിളക്കം കുറഞ്ഞിരിക്കുന്നതു കൊണ്ടും തിരമാലകളുണ്ടാകുന്ന പ്രതികൂല സാഹചര്യം കുറഞ്ഞിരിക്കുന്നതുകൊണ്ടാണ്. കൂടാതെ ദേശീയജലപാത അടുത്ത കാലത്ത് ആഴവും വീതിയും കൂട്ടി നിലനിര്‍ത്തുന്നതും ഉയര്‍ന്ന ഒഴുക്കിന് കാരണം ആയിട്ടുണ്ട്‌. ഈ പശ്ചാത്തലത്തില്‍ സ്പിവെയുടെ കടല്‍മുഖത്തെ മണല്‍ചിറകള്‍ നീക്കി സംരക്ഷിക്കുന്നതിനൊപ്പം  കടല്‍ മുഖത്ത് പുലിമുട്ടുകള്‍ തീര്‍ത്തു തിരയിളക്കം ഒഴിവാക്കി നീരൊഴുക്ക് സുഗമം ആക്കുന്നതിനുമുള്ള പദ്ധതികളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ തീരക്കടലില്‍ ഏറ്റെടുക്കുന്ന പുലിമുട്ട് പദ്ധതികള്‍ കടലിലെ നീരോഴുക്കിനെ പറ്റിയുള്ള കൂലംകക്ഷമായ പഠനങ്ങള്‍ക്ക് ശേഷം ഇരു പുറവുമുള്ള തീരസുരക്ഷ നൂറു ശതമാനം  ഉറപ്പാക്കികൊണ്ട് മാത്രം നടപ്പിലാക്കേണ്ടതാണ്.

            സ്പില്‍വേയിലൂടെയുള്ള ജലനിര്‍ഗമനം വര്‍ധിപ്പിക്കുന്നതിന്  IIT-CWRDM റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിട്ടുള്ള പ്രധാണ പദ്ധതിയാണ്   വീയപുരം മുതല്‍ തോട്ടപ്പള്ളി വരെ പത്തു കിലോമീറ്റര്‍ ദൂരത്തില്‍ 300 മീറ്റര്‍ വീതിയിലുള്ള ചാനല്‍ വീതികൂട്ടല്‍  പദ്ധതി. ഇതിനു  പ്രായോഗികമായി ഏറെ തടസങ്ങളുണ്ട്. ഇരുപുറവും ഉള്ള ജനവാസപ്രദേശം എറ്റെടുക്കേണ്ടതും റെയില്‍വെ ലൈന്‍ ഉണ്ടാക്കുന്ന തടസങ്ങളും പ്രധാന പ്രശ്നങ്ങളാണ്. ഇതിനു പകരമായി ലീഡിംഗ് ചാനലിന്ല്‍ സമാന്തരമായി നിലവിലുള്ള തോടുകള്‍ കോരംകുഴിതോട്, കരിയാര്‍തോട് ,കരിയില്തോട് തുടങ്ങിയ തോടുകള്‍ ആഴവും വീതിയും കൂട്ടി പ്രളയ ജലം T S കനാല്‍  വഴി സ്പില്‍വെയില്‍ എത്തിക്കുന്ന പദ്ധതികള്‍ ഏറ്റെടുക്കാന്‍  ശുപാര്‍ശയുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കുട്ടനാട്ടില്‍ വെള്ളപ്പൊക്ക ഭീഷണിയുടെ ഇടവേള കുറയുന്നു, തീവ്രത  കൂടുന്നു. ഇതാണ് അനുഭവം,   നദികള്‍ എത്തിക്കുന്ന ജലം, വര്‍ഷ കൃഷിയില്ലാത്ത പാടശേഖരങ്ങളിലൂടെ പരന്നൊഴുകി വേമ്പനാട് കായലില്‍ എത്തുന്ന പഴയ സാഹചര്യം മാറിയിരിക്കുന്നു. വര്‍ഷകൃഷി വ്യാപകമായതോടെ നീരൊഴുക്ക് കനാലിലൂടെ മാത്രമായിട്ടുണ്ട്. എക്കലും മറ്റും അടിഞ്ഞിട്ടുള്ള  തോടുകളിലെ തടസങ്ങളും അശാസ്ത്രീയമായ നിര്മാണങ്ങളും വെള്ളപ്പൊക്കത്തിന്റെ തോത് വര്‍ധിപ്പിക്കുന്നു. 2010 ല്‍  കുട്ടനാട്ടിലെ വര്‍ഷ കൃഷി വിസ്തൃതി, 29% ആയിരുന്നത് 2016 ആയപ്പോള്‍ 36% ആയി ഉയര്‍ന്നു, കോട്ടയം ജില്ലയില്‍ അത് ഏതാണ്ട് 45 % വരെ ആയി. . പ്രളയജലം ഉള്‍ക്കൊള്ളാനുള്ള ഇടങ്ങള്‍ ചുരുങ്ങി. വര്‍ഷകൃഷിയുടെ വിസ്തൃതി 20% വര്‍ധിക്കുമ്പോള്‍ ജലനിരപ്പ്‌ 1½ മീറ്റര്‍ വരെ ഉയരുമെന്നാണ് ഇന്‍ഡോ ഡച്ചപOന റിപ്പോര്‍ട്ട്‌ കണക്കാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഭാവിയില്‍ പ്രളയജലം ഒഴുക്കി കളയുന്നതിനു കൂടുതല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുകയോ അല്ലെങ്കില്‍ താല്‍കാലികമായി കനാലുകളുടെയും കായലിന്റെയും ആഴം കൂട്ടുകയോ ചെയ്യണമെന്നാണ് ഡച്ച്‌ വാട്ടര്‍ ബാലന്‍സ് സ്റ്റഡി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സ്പില്‍വേയുടെ ജലനിര്‍ഗമന ശേഷി 1/3 കൊണ്ട് ഉയരത്തെണ്ടതിന്റെ അനിവാര്യതയാണ് ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

            സ്പില്‍വേയുടെ അഴിമുഖം പൂര്‍ണമായി തുറക്കുന്നതിനൊപ്പമോ  അതിലും മുന്‍പോ  വേഗതയില്‍  നടപ്പിലാക്കേണ്ട ജോലിയാണ് സ്പില്‍വേ ഷട്ടറുകളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുന്ന  പണികള്‍. മഴക്കാലം കഴിഞ്ഞു ഷട്ടര്‍ അടക്കുമ്പോള്‍ കുട്ടനാട്ടിലേക്ക് കടല്‍ ജലം കടന്നു നെല്‍ കൃഷിയാകെ നശിക്കുന്നത് തടയ്യന്‍ ഉതകും വിധം വേണ്ടത്ര ഉയരമുള്ള ഷട്ടറുകളല്ല ഇപ്പോഴുള്ളത്. കുട്ടനാട് പാക്കേജില്‍ പെടുത്തി നടപ്പിലാക്കിയ സ്പില്‍വേ ഷട്ടറുകളുടെ പുനര്ര്‍ നിര്‍മ്മാണത്തിലെ പോരായ്മകളാണ് ഈ അവസ്ഥക്ക് കാരണം ഇത് പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ഷട്ടറുകള്‍ അടച്ചിടുമ്പോള്‍  വേലിയേറ്റത്തിനു വെള്ളം കയറരുത്.

ഇപ്പോള്‍ വിവാദമായിട്ടുള്ള വിഷയം സ്പില്‍വേ മുഖത്ത് അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ നീക്കി കൊണ്ട് പോകുന്നതാണ്. ഇവിടെ അടിഞ്ഞുകൂടിയിട്ടുള്ള മണല്‍ തൊട്ടടുത്ത തീരങ്ങളില്‍ നിന്ന് തിരമാലകള്‍ കവര്‍ന്നെടുത്തു നിക്ഷേപിക്കുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ ഈ മണല്‍ നിക്ഷേപം തീര സംരക്ഷണത്തിനും കടലാക്രമണ മേഖലയുടെ സമ്പുഷ്ട്ടീകരണത്തിനും  വിനിയോഗിക്കുകയാണ്‌ ഏറ്റവും അഭികാമ്യം. അഴിമുഖത്ത് നിന്ന് എടുത്തു മാറ്റുന്ന മണലിലെ ലോഹമണല്‍ വേര്‍തിരിക്കുന്നതിന്റെ ഭാഗമായി വിദൂരങ്ങളിലേക്ക് കടത്തിക്കൊണ്ടു പോകുന്നത് സ്വഭാവികമായും കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന തീരദേശവാസികള്‍ക്ക് ആസ്വസ്ഥ്യമുണ്ടാക്കുന്ന ഇടപെടല്‍ ആണ്.  എടുത്തു മാറ്റുന്ന മണല്‍ തീരപോഷണതിനും സുരക്ഷഭിത്തിയുടെ സംരക്ഷണത്തിനും ഉപയോഗിക്കുന്നതിനെ പറ്റി ആലോചിക്കണം..  പ്രളയ പ്രതിരോധ പദ്ധതികളുടെ ഭാഗമായി മണല്‍ നീക്കം ചെയ്യുന്ന പദ്ധതികള്‍ കരിമണല്‍ ചൂഷണമായി മാറുമോ എന്ന തദ്ദേശസമൂഹത്തിന്റെ ആശങ്ക ദുരീകരിക്കപ്പെടെണ്ടതുണ്ട്.

തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ തീര മേഖലയിലെ മണല്‍ തിട്ടകള്‍ കരിമണല്‍ നിക്ഷേപം കൊണ്ട് സമ്പുഷ്ട്ടമാണ്. എന്നാല്‍ ഈ കടലോരം അത്യന്തം പരിസ്ഥിതി ദുര്‍ബല മേഖലയാണ്. കേരളത്തിന്റെ ശരാശരി ജനസാന്ദ്രതയുടെ ഏതാണ്ട് ഇരട്ടിയാണ് ഇവിടെ ജനസാന്ദ്രത. കടല്‍ തീരത്ത് നിന്ന് 150-200   മീറ്ററിനപ്പുറം കുട്ടനാതാന്‍ പാടശേഖരങ്ങളും കായല്‍ പ്രദേശവും ആണ്. ഈ തീരദേശ മേഖല നിരന്തരം കടലാക്രമണ ഭീഷണി നേരിടുന്ന തീരം കൂടിയാണ്. ലോകത്തിലെ തന്നെ അത്യപൂര്‍വമായ ‘ചാകര’ കുട്ടനാടന്‍ നദീ തടങ്ങളും കടലുമായുള്ള ബന്ധം വഴി ഉരുത്തിരിയുന്ന പ്രതിഭാസമാണ്.

1596 ല്‍ ആസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള ‘”ലിന്‍കോസ്റ്റിന്‍ ഇറ്റര്‍നെറിയ”എന്നനാവിഗേഷന്‍ ഭൂപടത്തില്‍ തോട്ടപ്പള്ളി സ്പില്‍വേക്ക് അടുത്തുള്ള പുറക്കാട് ‘ബുര്‍ക്ക‘ (BURCA) എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതൊരു കടലോര തുറമുഖം ആയിരുന്നുവത്രേ. കിഴക്ക് ഇടനാട് വരെയും കുട്ടനാട് മുതല്‍ വടക്ക് കൊടുങ്ങല്ലൂര്‍-പൊന്നാനി വരെയും  മുട്ടി നില്‍ക്കുന്ന പ്രദേശങ്ങള്‍ അറബിക്കടലിന്റെ ഉള്‍ക്കടല്‍ മേഖല ആയിട്ടാണ് ഈ ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കടലിനെയും കായലിനെയും വേര്‍തിരിക്കുന്ന  അത്യന്തം അസ്ഥിരമായ ഒരു മണല്‍തിട്ട മാത്രം ആയിരുന്നു തീര ദേശമായുള്ളത്. ഏറ്റവും പരിസ്ഥിതി ദുര്‍ബല പ്രദേശമെന്നതു കൊണ്ടു തന്നെ മനുഷ്യ ഇടപെടലുകള്‍ കഴിവതും ഒഴിവാക്കേണ്ട പ്രദേശമാണിത്. കാലാവസ്ഥാ വ്യതിയാനവും കടലേറ്റവും ഭീഷണിയും വിനാശം ഉയര്‍ത്തുന്ന നാളുകളില്‍ ഈ മേഖലയുടെ സുരക്ഷ വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കാവണം മുന്‍‌തൂക്കം.

            പ്രളയ പ്രതിരോധത്തിന്റെ ഭാഗമായി സ്പില്‍വേ കനാലില്‍ നിന്ന് എടുത്തു മാറ്റുന്ന മണല്‍ നിക്ഷേപം തീരപ്രദേശത്തിന്റെ സുരക്ഷയ്ക്ക് വിനിയോഗിക്കുന്നതിനുള്ള മേന്മയേറിയ  വഴികള്‍ തേടണം. കടലാക്രമണ മേഖലകളില്‍ കടല്‍ഭിത്തിയെ ബലപ്പെടുത്താനുതകും വിധം മണല്‍ തിട്ടകള്‍ രൂപപ്പെടുത്തി കണ്ടല്‍ ഉള്‍പ്പടെയുള്ള അനുയോജ്യ ശശി സമൂഹങ്ങളും മറ്റും നട്ടുപിടിപ്പിച്ച് തീരസുരക്ഷ ഉറപ്പാക്കുന്ന ഹരിത വല്‍ക്കരണത്തെ പറ്റി ആലോചിക്കണം. ലോകമെമ്പാടും തീരസംരക്ഷണതിനു കേവലം സിവില്‍ നിര്‍മ്മാണങ്ങല്‍ക്കപ്പുറ൦ ഹരിത വഴികള്‍ കൂടി കൂട്ടിയോജിപ്പിച്ച്  ഹാര്‍ഡ് ആന്‍ഡ്‌ സോഫ്റ്റ്‌ (Hard and Soft )  ഹൈബ്രിഡ് മാര്‍ഗങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുക്കുന്ന കാലമാനിത്.  കടലോരം കടലിന്റെ ശ്വാസോച്ഛ്വാസ മേഖലയാണ്. കുട്ടനാടിന്റെ പ്രളയ പ്രതിരോധത്തിന് ശ്വാശ്വത വഴികള്‍ തേടുമ്പോള്‍ തന്നെ  കായലില്‍ നിന്ന് കടലിലേക്ക്‌ തുറക്കുന്ന നിരവധിയായ പൊഴികളുടെ (pozhi)  സംരക്ഷണം കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്.. തീരത്ത്‌ തിരമാലകളെ സമീകരിച്ച് കടലാക്രമണ പ്രതിരോധം തീര്‍ക്കുന്ന ഈ പോഴിമുഖങ്ങളുടെ നീരൊഴുക്കുകളും ഊര്‍ജമേറിയ തിരകളുടെ ആയമേറ്റുവാങ്ങുന്ന  ജൈവമേഖലകളായി സംരക്ഷിക്കണം. കടല്‍ ഭിത്തിയോടു ചേര്‍ന്ന് മണല്‍ തിട്ടകളും ജൈവമേഖലയും സ്ഥായിയായ സാമൂഹിക തീര സുരക്ഷ പദ്ധതികളായി കൂട്ടി യോജിപ്പിക്കണം. തീരവനവല്‍ക്കരണത്തിലൂടെ ജൈവാവരണം ഉറപ്പുവരുത്തുന്ന പ്രകൃതി സൗഹൃദ നിര്‍മ്മാണം (Building with nature) ജനപങ്കാളിത്തത്തോടെ ഏറ്റെടുക്കണം. തീരദേശവാസികളുടെ തൊഴിലും സുരക്ഷയും ഉറപ്പുവരുത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എകൊപിപ്പിക്കുന്നതിനെപ്പറ്റി ആലോചനയുണ്ടാകണം.

                                                                               

                 ഡയറക്ടര്‍

അന്തര്‍ ദേശീയ കായല്കൃഷി ഗവേഷണ

   പരിശീലന കേന്ദ്രം, തോട്ടപ്പള്ളി

                           

            

Most unstable coastal regions

Kerala coast  Engraved by  Hendrik  Van Langeren
In  Linschoten’s Itinerario (Amsterdam,1596)