സംഹാര താണ്ഡവം

“ലോകം മുഴുവന്‍ സുഖം പകരാനായി
സ്നേഹദീപമേ മിഴി തുറക്കൂ”.

എല്ലാവര്‍ക്കും നമസ്ക്കാരം. കണ്ടിട്ടൊരുപാട് നാളായി. ഭൂമിയില്‍ ഇപ്പോള്‍ പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ രോഗബാധയെ തുടര്‍ന്ന് അനേകായിരം ബന്ധുജനങ്ങള്‍ നമ്മേ വിട്ടുപോയി. ദര്‍ശനം അവര്‍ക്കായി ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. പ്രതിസന്ധിയെ തരണം ചെയ്യുവാന്‍ നമുക്ക് കൂട്ടായി പരിശ്രമിക്കാം. കൊറോണ ബാധയ്ക്ക് മുന്‍പ് ഭൂമിയില്‍ നിലനിന്നിരുന്ന അവസ്ഥയും ഇപ്പോഴത്തെ സ്ഥിതിയും ആര്‍ക്കും മനസ്സിലാകത്തക്ക രീതിയില്‍ പ്രകൃതി അതിലളിതമായി തന്നെയാണ് കാട്ടിത്തരുന്നത്. മുന്‍വിധികള്‍ ഒന്നും ഇല്ലാതെ ആര്‍ക്കും എല്ലാം നോക്കിപഠിക്കാവുന്നതാണ്. അതിന് നമ്മുടെ നേത്രങ്ങള്‍ പവിത്രങ്ങളായിരിക്കണം. നേത്രപടലത്തിന്‍റെ പേരാണ് കോര്‍ണ്ണിയ. അതിലൂടെയാണ് നാം ഈ ലോകത്തെ കാണുന്നത്. കോര്‍ണ്ണിയ പരിശുദ്ധമല്ലെങ്കില്‍ കാഴ്ച വികൃതമായിരിക്കും. മൈത്രിഭാവനയോടെ ഈ ലോകത്തെ നോക്കിക്കാണുക. മാവ് പൂക്കുന്നു. ചുറ്റും സുഗന്ധം പരത്തുന്നു. അതറിഞ്ഞ് തേനുണ്ണാന്‍ ധാരാളം വണ്ടുകള്‍ വരുന്നു. അതുവഴി നിലനില്‍പ്പിനായുള്ള പരാഗണവും നടക്കുന്നു. കണ്ണിമാങ്ങ ധാരാളമുണ്ടാകുന്നു. വേണ്ടാത്തവ കൊഴിച്ചുകളയുന്നു. മാമ്പഴം പക്ഷികളുടെയും നമ്മുടേയും അന്നമാകുന്നു. അതിലൂടെ അമ്മമാവ് തന്‍റെ മക്കളായ വിത്തുകളെ ചുറ്റുപാടും വളര്‍ത്തുന്നു. അവയും വളര്‍ന്ന് ജീവശൃംഖലയില്‍ കണ്ണിചേരുന്നു. സകല ജീവരാശികളും പ്രകൃതിയോടിണങ്ങി പരസ്പരപൂരകമായി ആനന്ദിച്ചാറാടുന്നു. മനുഷ്യന്‍ മാത്രം എന്തുകൊണ്ട് ഇങ്ങനെ കഷ്ടപ്പാടും രോഗങ്ങളുംകൊണ്ട് ദുഃഖിക്കേണ്ടിവരുന്നു. ഞാന്‍ എന്ന ഭാവംകൊണ്ട,് അഹങ്കാരംകൊണ്ട് എന്നേ പറയാനാവു! ഭൂമിയോട്, നദികളോട്, കടലിനോട്, അന്തരീക്ഷത്തോട്, ബന്ധുജനങ്ങളോട്, സഹജീവികളോട് എല്ലാം ഇങ്ങനെ കഠോരത കാട്ടുന്ന മനുഷ്യന്‍റെ അഹങ്കാരത്തെ പ്രകൃതി വെച്ചുപൊറിപ്പിക്കുമെന്നു കരുതുന്നുവോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇത് സ്വബോധമുള്ള പ്രപഞ്ചമാണ്. മനുഷ്യനാണിവിടെ ബോധക്കുറവുള്ളത്. മനുഷ്യന്‍ പ്രകൃതിയെ സംരക്ഷിച്ചാല്‍ പ്രകൃതി മനുഷ്യനേയും സംരക്ഷിക്കും. ദേവേന്ദ്രനെയല്ല നമ്മേ നിലനിര്‍ത്തുന്ന ഗോവര്‍ദ്ധന പര്‍വ്വതത്തെ തന്നെ പൂജിക്കാന്‍ പഠിപ്പിച്ച ശ്രീകൃഷ്ണന്‍റെ നാടാണിത്. വേര്‍പെടുത്താനാവാത്ത ബന്ധമാണ് കര്‍മ്മവും അതിന്‍റെ ഫലവും തമ്മില്‍ ഉളളത്. അച്ഛന്‍ ചോദിക്കുന്നതുപോലെ കോടിക്കണക്കിന് രൂപ മുടക്കി ഗംഗാനദി ശുദ്ധീകരിച്ചാല്‍ ഗംഗ പവിത്രയാകുമോ? നമ്മള്‍ തന്നെയല്ലേ അതിന്‍റെ തീരത്ത് താമസിക്കുന്നത്. നദികള്‍ എന്നും ശുദ്ധജലവാഹിനികളാണ്. മാലിന്യസംസ്ക്കരണം പ്രകൃതിക്ക് ക്യത്യമായി അറിയാം. നാമാണ് നദികളെ മലിനമാക്കുന്നത്. നമ്മിലാണ് മാറ്റം വരേണ്ടത് ഏത്കാര്യത്തിനും ഒരു അടിസ്ഥാനകാരണമുണ്ടാകും. കാരണം മാറ്റിയില്ലെങ്കില്‍ കാര്യവും മാറുകയില്ല. ദര്‍ശനം അടിസ്ഥാനകാരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കൊറോണയാണല്ലോ നമ്മുടെ ഇപ്പോഴത്തെ ഭീഷണി. ശാസ്ത്രജ്ഞര്‍ ഔഷധവും പ്രതിരോധവും കണ്ടുപിടിക്കട്ടെ. അതുനോക്കിയിരിക്കലാണോ നമ്മുടെപണി. നമ്മുടെ ബുദ്ധി നമുക്കും ഉപയോഗിക്കാം. ജീവിതശൈലി തെറ്റിയിട്ട് ആശുപത്രികള്‍ കെട്ടിപ്പൊക്കിയാല്‍ ആരോഗ്യനിലവാരം ഉയരുമോ? “നമ്മുടെ സമൂഹ ജീവിതഗതി വിപരീത ദിശയിലായിപ്പോയി. ജീവിത വൃക്ഷത്തിലെ വേരോടു നാമ്പില്‍ ഏതംശം എടുത്ത് പരിശോധിച്ചാലും ആര്‍ക്കും വേഗം ബോദ്ധ്യപ്പെടത്തക്കവണ്ണം അത്ര വ്യക്തമായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. നാം ആകെ തെറ്റിയിരിക്കുന്നു എന്ന വസ്തുത. വിദ്യാഭ്യാസമോ, ഭരണമോ, കൃഷിയോ, ആരോഗ്യമോ ഏതെങ്കിലും ഒരു കാര്യം ശ്രദ്ധിച്ച് പരിശോധിച്ചിട്ട് ഇത് ഇങ്ങനെ തന്നെയാണ് വേണ്ടത്, കൊള്ളാം എന്ന് പറയാനാവുമോ? ഇല്ലെങ്കില്‍ ഈ വഴി തന്നെ ഇനിയും പോയാല്‍ കൂടുതല്‍ അപകടത്തില്‍ പെടുകയല്ലേയുള്ളൂ”.
ജാതി, മത ചിന്തകളില്‍ കുരുങ്ങികിടക്കുന്ന കേരളീയരേ നോക്കി ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന്‍ തന്‍റെ അമേരിക്കന്‍ പ്രസംഗത്തില്‍ പറഞ്ഞു “പ്രിയപ്പെട്ട അമേരിക്കേ, നിന്‍റെ ഭൗതികമോഡികളില്‍ അഹങ്കരിച്ച് ആന്തരിക സത്തയായ ആത്മീയതയെ മറന്നാല്‍ ഭൗതിക നേട്ടങ്ങള്‍ നിലനിര്‍ത്താനാകാതെ നീ തകര്‍ന്നടിയുക തന്നെ ചെയ്യും. ഇത് അമേരിക്കയ്ക്ക് മാത്രമുള്ള താക്കീതല്ല. സ്വയം മറന്നു ഭൗതിക സുഖഭോഗങ്ങളില്‍ അഭിരമിക്കുന്നതാണ് യഥാര്‍ത്ഥ ജീവിതമെന്നു കരുതുന്ന എല്ലാവര്‍ക്കുമുള്ള താക്കീതാണ്. ആത്മീയതയുടെ പേരില്‍ സ്വധര്‍മ്മം നിര്‍വ്വഹിക്കാതെ ആലസ്യത്തിലാണ്ട് ദാരിദ്ര്യം പിടിച്ചുകിടന്ന ഭാരതീയരേ നോക്കിപ്പറഞ്ഞതോ. “ഉത്തിഷ്ഠതാ! ജാഗ്രതാ! പ്രാപ്യവരാന്‍ നിബോധിതാ! ഈ വാക്യങ്ങള്‍ ചാട്ടവാറടികള്‍പോലെ ഉറങ്ങിക്കിടന്ന ഭാരതീയരില്‍ ഉണര്‍വ് ഉണ്ടാക്കി. വിവേകാനന്ദ സാഹിത്യം വായിച്ചാണ് എന്‍റെ ദേശഭക്തി നൂറ്മടങ്ങ് വര്‍ദ്ധിച്ചത് എന്ന് മഹാത്മജി സാക്ഷ്യപ്പെടുത്തുന്നു.
ഈ ലോകം നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല കറങ്ങിക്കൊണ്ടിരിക്കുന്നത്. ആകര്‍ഷണസിദ്ധാന്തം പോലെ അപ്രതിഹതമായ നിയമവ്യവസ്ഥയുണ്ട് പ്രപഞ്ചത്തിന്. അത് തെറ്റിച്ചിട്ടുണ്ടാകുന്ന അനര്‍ത്ഥങ്ങള്‍ക്ക് അണുക്കളെ പഴിപറഞ്ഞിട്ട് കാര്യമുണ്ടോ? നമ്മേ പഠിപ്പിക്കുവാനും ശുദ്ധീകരിക്കുവാനും പ്രകൃതിയ്ക്ക് അതിന്‍റേതായ വഴികളുണ്ട്. ശ്രദ്ധയോടെ നോക്കി പഠിച്ചാലും. യോഗാരംഭത്തില്‍ മൈക്ക് കിട്ടിയ ഗൗരവബോധമില്ലാത്ത സ്വാഗത പ്രാസംഗികനെ പോലെ എന്തൊക്കെയോ ഞാന്‍ പുലമ്പി. മൈക്കിതാ അച്ഛനുകൈമാറുന്നു. രണ്ടായിരത്തി ഒന്ന് ഫെബ്രുവരി 15ന് ദര്‍ശനത്തില്‍ എഴുതിയ സംഹാരതാണ്ഡവം ഈ കാലഘട്ടത്തിന് ചേരുന്നതാണോ എന്നു വായിച്ചുനോക്കുക.

സംഹാര താണ്ഡവം
2001 ജനുവരി 26. 51-ാം റിപ്പബ്ലിക്ദിനം വെള്ളിയാഴ്ച രാവിലെ 8.50 നാണ് സംഭവം ഉണ്ടായത്. ഗുജറാത്തില്‍ ഭുജ്പ്രദേശത്ത് ഉള്ളില്‍ നിന്ന് കിട്ടിയ തട്ട് കേരളംവരെ വിറപ്പിച്ചു. ഇനിയും ഏത് നിമിഷത്തിലും എവിടേയും ഇത് സംഭവിക്കാം. നാം താമസിക്കുന്നത് ഒരഗ്നിഗോളത്തിന്‍റെ പുറംചട്ടയിലാണ്. നമുക്ക് ചുറ്റും അന്തരീക്ഷത്തിലും അഗ്നിവലയം ഉണ്ട്. മുകളില്‍ നിന്നോ താഴെനിന്നോ ഏത് നിമഷത്തിലും എന്തും സംഭവിക്കാം. എഴുത്തച്ഛന്‍ വിളംബരം ചെയ്തതുപോലെ അഗ്നിയില്‍ തപിച്ചുകൊണ്ടിരിക്കുന്ന ലോഹത്തകിടില്‍ ചെന്ന് വീണ ജലബിന്ദുക്കളാണ് നമ്മള്‍ ഓരോരുത്തരും. ഇതാണ് സത്യമെന്നറിഞ്ഞാലും കണ്ടും കേട്ടും അനുഭവിച്ചാലും അനുഭൂതി ആവില്ലെന്നതാണ് അത്ഭുതം.
ഈ മഹാപ്രപഞ്ചത്തില്‍ സ്ഫോടനങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുകയാണ്. പിളര്‍ന്ന് നശിക്കുന്നുമുണ്ട്. ഉരുണ്ടുകൂടി ഉണ്ടാകുന്നുമുണ്ട്. രണ്ടും നമുക്ക് ഒഴിവാക്കേണ്ടതും അല്ല, മനുഷ്യര്‍ ഈ ഭൂമിയില്‍ എത്ര നിസ്സാരരാണ്. ഈ ഭൂമിതന്നെ പ്രപഞ്ചത്തില്‍ ഒന്നുമല്ല എന്ന സത്യം പ്രകൃതി ഇടയ്ക്കിടെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അഹന്തകുറയാന്‍ സഹായിക്കും. നമുക്ക് നമ്മുടെ നാട്വിട്ട് ഓടേണ്ടിവരുമ്പോള്‍ ഓടാം. കൂട്ടമരണം വരിക്കേണ്ടിയും വരാം. അതുവരെ ഇനി എന്തും വരും എന്നോര്‍ത്ത് പേടിക്കാതിരിക്കാന്‍ നോക്കാം. വന്നതില്‍ കൂടുതല്‍ ഒന്നും വരാനില്ലല്ലോ.
സംഹാരത്തെ താണ്ഡവത്തോട് ചേര്‍ത്ത് ചിന്തിച്ചവരാണ് നമ്മുടെ പൂര്‍വ്വികര്‍. സൃഷ്ടിയും സംഹാരവും പ്രപഞ്ച പുരുഷന്‍റെ നൃത്തത്തിന്‍റെ വ്യത്യസ്ത ഭാവങ്ങളായി കണ്ടാനന്ദിക്കുവാന്‍ അവര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ശിവന്‍റെ ശിവതാണ്ഡവം, തലയോട്ടി അണിഞ്ഞുള്ള ഭദ്രതാണ്ഡവം തുടങ്ങിയവയില്‍ അതാണ് പ്രമേയം. ലോകം സൃഷ്ടിയുടെയും സംഹാരത്തിന്‍റേയും ലീലാവേദിയാണ് എന്നും എപ്പോഴും അത് സംഭവിച്ചുകൊണ്ടേ ഇരിക്കും. ടാഗോര്‍ പാടിയതുപോലെ ഈ പാനപാത്രം നീ സദാ നിറയ്ക്കുകയും സദാ ഒഴിവാക്കുകയും ചെയ്തുകൊണ്ടേ ഇരിക്കുകയല്ലേ. ശ്രീകൃഷ്ണന്‍റെ കാലത്ത് ഗുജറാത്തില്‍ ഭൂകമ്പമുണ്ടായി. അന്നത്തെ ഭൂകമ്പത്തില്‍ പെട്ടാണ് ദ്വാരക നശിച്ചത്.
സകല ഭൂഖണ്ഡങ്ങളും നീങ്ങികൊണ്ടിരിക്കുകയാണ്. സ്ഥിരമെന്നുതോന്നുന്നതെല്ലാം അസ്ഥിരവുമാണ് ഇനിയും ഇതിനേക്കാള്‍ ഭീകരമായ കമ്പനങ്ങളും അഗ്നിപ്രവാഹങ്ങളും ഉണ്ടായെന്നുവരാം. ഹിമാലയം സമുദ്രത്തില്‍ മുങ്ങിപോകാം. പ്രകൃതിക്ക് ഇതൊക്കെ ലീലയാണ്. അവള്‍ വീണ്ടും വീണ്ടും സൃഷ്ടിച്ചും ലയിപ്പിച്ചും കളിക്കും. കുട്ടികള്‍ വേഴങ്കോല്‍ സോപ്പുവെളളത്തില്‍ മുക്കി ആകാശത്തിലേക്ക് കുമിളകള്‍ വിട്ട് അത് പറന്നുയരുന്നതും നിമിഷത്തിനുള്ളില്‍ പൊട്ടി അപ്രത്യക്ഷമാകുന്നതും കണ്ടു രസിക്കുന്നതു പോലെ പ്രപഞ്ചങ്ങളെ സൃഷ്ടിച്ചു രസിക്കുകയാവാം. ജഗത്. വെറുതേ ദുഃഖിച്ചിട്ടും ഭയന്നിട്ടും കാര്യമില്ല എന്നുപറയാമെന്നല്ലാതെ ഈ അവസ്ഥയിലെത്തി ജീവിക്കുവാന്‍ എളുപ്പമല്ല. എന്നു സമ്മതിക്കുന്നു. എന്നാല്‍ ഇതറിഞ്ഞിരുന്നാല്‍ അപരനെ ദുഃഖിപ്പിക്കാതെയും പേടിപ്പിക്കാതെയും സമാധാന ജീവിതം നയിക്കാന്‍ കഴിയും.
ഒരു ചോദ്യം ഞാന്‍ ഈയിടെ പലരോടും ചോദിച്ചു. പ്രകൃതിക്ഷോഭംകൊണ്ട് മരിച്ചവരുടെ എണ്ണമായിരിക്കുമോ നാം പരസ്പ്പരം കൊന്നൊടുക്കിയവരുടെ എണ്ണമായിരിക്കുമോ ഏതായിരിക്കും കൂടുതല്‍. 30 സെക്കന്‍റ് കൊണ്ടാണ് ഭുജ് ശവപ്പറമ്പാക്കിയത്. അമേരിക്കയുടെ തന്നെയല്ല ലോകത്തിന്‍റെ ആകെ സഹായം വേഗം അങ്ങോട്ടെത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഈ അമേരിക്ക അഞ്ചു സെക്കന്‍റുകൊണ്ടല്ലേ നാഗാസാക്കിയും ഹിരോഷിമയും അഗ്നിഗോളമാക്കിയത്. ഹിറ്റ്ലറുടെ ഗ്യാസ് ചേബറുകളില്‍ എത്ര ലക്ഷങ്ങളാണ് വിഷവാതകം ശ്വസിച്ചു തിങ്ങിഞെരുങ്ങി മരിച്ചത്. റഷ്യന്‍ വിപ്ലവവും ചൈനീസ് വിപ്ലവവും കോടികണക്കിന് മനുഷ്യരെയല്ലേ കൊലചെയ്തത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ നാം എത്രയെത്ര നിരപരാധികളെ കൊന്നു. വിയറ്റ്നാമിലും ഇന്‍ഡോനേഷ്യന്‍ രാജ്യങ്ങളിലും കൊറിയയിലും കൊന്നൊടുക്കിയവരുടെ കണക്ക് ആര്‍ക്കറിയാം. യുദ്ധങ്ങള്‍, വര്‍ഗ്ഗീയലഹളകള്‍, പട്ടിണിമരണങ്ങള്‍, വിഭജനങ്ങള്‍, പലായനങ്ങള്‍, ഇതൊന്നും പ്രകൃതിയുടെ വകയല്ലല്ലോ. നമ്മുടെ കാലഘട്ടത്തില്‍ നാം നടത്തിക്കൊണ്ടിരിക്കുന്ന കുരുതികള്‍ മാത്രം നോക്കിയാല്‍ പ്രകൃതിയുടെ സംഹാരത്തേക്കാള്‍ എത്രോയോ മടങ്ങ് കൂടുതലല്ലേ. മക്കള്‍ തമ്മില്‍ വഴക്ക് മൂക്കുമ്പോള്‍ ചിലപ്പോള്‍ അമ്മ ചെവിക്ക് പിടിച്ച് ഒന്ന് കറക്കിപൊക്കി താഴെത്തിട്ടെന്നും വരും. ഇന്ത്യയുടെ ചെവിക്കാണ് അമ്മ ഇപ്പോള്‍ പിടിച്ചത്. അവിടെയാണ് നല്ല നുള്ളുകൊടുത്ത് കറക്കിവിട്ടത്. ലോകത്തിനാകെ വേണ്ടിയുള്ള അമ്മയുടെ ശിക്ഷയാണിത്.
സഹായമെത്തിക്കുന്ന രാഷ്ട്രങ്ങളോടും സഹായം സ്വീകരിക്കുന്ന ഭാരതത്തോടും മാത്രമല്ല വ്യക്തികളോടും അപകടത്തില്‍നിന്നു പരസഹായംകൊണ്ട് രക്ഷപ്പെടുന്ന വ്യക്തികളോടും ദര്‍ശനം അപേക്ഷിക്കുന്നു. നമുക്ക് ഇനിമേല്‍ ഭൂമിയില്‍ ആരേയും വേദനിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാതെ പരസ്പരാനന്ദമായി ജീവിക്കുവാന്‍ പരിശീലിക്കാന്‍. ഭരണമല്ല, ജീവിതമാണ് നമുക്കുവേണ്ടത്. സിലോണ്‍ ആര് ഭരിക്കണമെന്നതല്ല, സിലോണില്‍ മനുഷ്യര്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ കഴിയണമെന്നതാണാവശ്യം. ഇന്ന് അരിയും മരുന്നും നാളെ തോക്കും ബോംബും. ഇന്ന് ആതുരശുശ്രൂഷ നാളെ കൂട്ടക്കൊല. ബന്ധുവായിരിക്കുമ്പോഴും ശത്രുവാണെന്നര്‍ത്ഥം. ഈ മനോഭാവം തുടര്‍ന്നുകൂടാ.
ഗുജറാത്തില്‍ ക്ഷേത്രങ്ങളും, ചര്‍ച്ചുകളും, മോസ്ക്കുകളും ഒരുപോലെ നശിച്ചു. പ്രകൃതിയുടെ മടിയില്‍ എല്ലാം സമം. അവിടെ പ്രകൃതി, മരണവും, സംസ്ക്കാരവും ഭേദംകൂടാതെ ഒരു പോലെ നടത്തി. തുറസ്സായ ആകാശത്തിന്‍ കീഴില്‍ എല്ലാവരും തല്ക്കാലം കിട്ടുന്നതു കഴിച്ചു ഉറങ്ങുന്നു. ഞങ്ങള്‍ ഇനിമേല്‍ ഞങ്ങളുടെ താമസസ്ഥലങ്ങളില്‍ ഉള്ളടുപ്പത്തോടെ ജീവിക്കാന്‍ ശ്രമിക്കുമെന്ന് നിശ്ചയിക്കുവാന്‍ ഈ സംഭവങ്ങള്‍ നമുക്ക് പ്രേരണയായെങ്കില്‍ അയല്‍ക്കാരെ മനസ്സിലാക്കാന്‍ ശ്രമിക്കാം. വീട്ടിലുള്ളവരെ വെറുപ്പിക്കാതെ നോക്കാം. ഓരോ വീട്ടുകാരും കരുതി തുടങ്ങി എങ്കില്‍ ! എത്ര അനുഭവം വന്നാലും അതിനതിന് തന്നിലേയ്ക്ക് ചുരുണ്ടുകൂടുന്ന മനോഭാവം ഇനിയും പുലര്‍ത്താതിരിക്കാന്‍ നമുക്കു കഴിയണ്ടേ? മനസുകള്‍ വിടരട്ടെ. മറ്റുള്ളവരെപ്പറ്റിയുള്ള പരിഗണന മനസ്സില്‍ നിറയട്ടെ. അവനവനെക്കൊണ്ട് മാത്രം മനസ്സ് നിറക്കുന്നത് നമുക്കും ലോകത്തിനും ദോഷമേ ചെയ്യൂ.
ദയവായി ഈ വിഭാഗീയ കുരുക്കളില്‍ നിന്ന് സാവധാനം സുഗമമായി മോചിപ്പിക്കുവാനുള്ള വഴിയെപ്പറ്റി ഓരോരുത്തരും ചിന്തിക്കണം. ഞാനും ഈ ഭൂമിയും നശിച്ചാലും എന്‍റെ എതിര്‍ ഗ്രൂപ്പിനെ ഞാന്‍ വെച്ചേക്കില്ല എന്ന കഠോരബുദ്ധി ഗുജറാത്ത് ഭൂകമ്പത്തിന്‍റെ സാക്ഷ്യത്തില്‍ വിട്ടുകളയാം.

ഗുരുമൊഴികള്‍

1991 ഗാന്ധിജയന്തിദിനത്തില്‍ പുന്നപ്രയില്‍ വെച്ച് നടന്ന മാനുഷികധ്യാനവേദിയില്‍ ഗുരു നിത്യചൈതന്യയതി നടത്തിയ ആമുഖ പ്രഭാഷണം
ഒരേയൊരു ജീവചൈതന്യം വിവിധ രൂപങ്ങളില്‍ പ്രകടമാകുന്നതാണ് ഈ ലോകം. അത് അറിവായി, ബോധമായി, സ്നേഹമായി, ആനന്ദമായി സ്വയം ആവിഷ്കരിച്ചുകൊണ്ടേയിരിക്കുന്നു. എല്ലാ ജീവികളിലും ഈ ആദിമചൈതന്യം സദാ സ്ഫുരിക്കുന്നു. ഏറിയും കുറഞ്ഞും. നമ്മുടെ ഹൃദയമനസ്സുകള്‍ ഏറെ വികസിക്കുമ്പോള്‍ ഈ സ്നേഹവും ആനന്ദവും അറിവും സത്യാഭിമുഖ്യവും ഏറിവരും. ജീവന്‍റെ ഉണര്‍വ്വാണത്. ഈ ഉണര്‍വ്വുണ്ടാകാനാണ് നാം ശ്രമിക്കേണ്ടത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുകയെന്ന അയല്‍ക്കൂട്ട സങ്കല്പം ഈ ഉണര്‍വ്വിന്‍റെ ആദ്യ ചലനമായി ഞാന്‍ കാണുന്നു. ഈ ശാന്ത നിര്‍മ്മലമായ സായംസന്ധ്യയില്‍ ഇവിടെ നടന്ന മാനുഷിക ധ്യാനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ജനങ്ങള്‍ ഉണ്മയായി, ബോധമായി, ഹര്‍ഷമായി, അന്‍പായി, മൈത്രിയായി പ്രവഹിക്കുന്ന വിശ്വചേതനയുമായി ഇത്തിരി നേരമെങ്കിലും ലയിച്ചിരുന്നു. ഇത് ഒരു മഹാസംഭവമാണ്, വാഴ്ത്തപ്പെടേണ്ട സംഭവം.
ഉപനിഷത്തിലെ പ്രസിദ്ധമായൊരു മന്ത്രംചൊല്ലി ഞാന്‍ ഈ ലഘു പ്രസംഗം അവസാനിപ്പിക്കാം. ആ മന്ത്രം സത്യത്തിനും പ്രകാശത്തിനും അനശ്വരതയ്ക്കും വേണ്ടിയുള്ള മാനവാത്മാവിന്‍റെ പ്രാര്‍ത്ഥനയാണ് “അസതോമാ സദ്ഗമയാ തമസോമാ ജ്യോതിര്‍ഗമയാ മൃത്യോര്‍മാ അമൃതംഗമയാ ഓം ശാന്തി…. ശാന്തി…. ശാന്തി….” എങ്ങും കാണുന്ന അസത്യങ്ങളില്‍നിന്നും മിഥ്യാ ഭ്രമങ്ങളില്‍നിന്നും നിത്യമായ സത്യത്തിലേക്ക് എന്നെ നയിക്കേണമേ, അകവും പുറവും പരന്നിരിക്കുന്ന ഇരുളില്‍നിന്ന് നിത്യ പ്രകാശത്തിലേക്ക് എന്നെ നയിക്കേണമേ, നശ്വരതയില്‍നിന്നും അനശ്വരമായ ആത്മമഹിമയിലേക്ക് എന്നെ നയിക്കേണമേ എന്നാണാ മന്ത്രത്തിന്‍റെ അര്‍ത്ഥം.
അത് നമ്മുടെ ഉള്ളുണര്‍ത്തും. അപ്പോള്‍ നാം പുതിയ മനുഷ്യരാകും, ഈ ഭൂമി പുനര്‍ജനിക്കും. എങ്ങും എവിടെയും ശാന്തി പ്രസരിക്കും.

പ്രകൃതി മനോഹരി

ലേഖാ സുരേഷ്, അമ്പലപ്പുഴ
ഫോണ്‍ : 9249935665

കഴിഞ്ഞ കുറേ ദിനരാത്രങ്ങള്‍ ഒരു നടുക്കത്തോടെ മാത്രമേ ഓര്‍ക്കാനാവുന്നുള്ളു. ജീവിക്കാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലില്‍ പലപ്പോഴും കാലിടറുന്നുണ്ടായിരുന്നു. പിടിച്ചു കേറാനെത്ര തുനിഞ്ഞിട്ടും നിലംപൊത്തുന്ന നിമിഷങ്ങള്‍ ! ഒരു വശത്ത് മുന്നിലുള്ള ഉത്തരവാദിത്വങ്ങളുടെ നീണ്ടനിര, മറുവശത്ത് തികച്ചും നിര്‍വികാരമായി ജീവിതം തീര്‍ത്തും മടുത്തുപോകുന്ന അവസ്ഥ, രണ്ടിനുമിടയില്‍കിടന്ന് പൂര്‍വാധികം ഞെരുങ്ങിയെന്നറിഞ്ഞതുകൊണ്ടാവാം ജഗദീശ്വരന്‍ യഥാസമയം എനിക്ക് എന്തെന്നില്ലാത്ത മനക്കരുത്തേകിയെന്നെ കൈ പിടിച്ചുയര്‍ത്തിയത്.
മുറ്റത്തെ പ്ലാവില്‍ രണ്ടിണക്കിളികള്‍ കൂടുകൂട്ടിയിരുന്നത് അന്നാണ് എന്‍റെ ശ്രദ്ധയില്‍പെട്ടത്. അടുത്ത മാവിന്‍കൊമ്പത്ത് ഒരു കാരണവര്‍കാക്കയും ഇവര്‍ക്ക് കാവലെന്നപോലെ നിലയുറപ്പിച്ചിരുന്നു. കൊക്കുരുമിയും ഇണയുടെ വായില്‍ ഭക്ഷണം വെച്ചുകൊടുത്തും തമ്മില്‍ വിശേഷങ്ങള്‍ കൈമാറിയും സസന്തോഷം നിമിഷങ്ങള്‍ പങ്കുവെക്കുന്ന ആ ഇണക്കുരുവികള്‍ എന്‍റെ മനസ്സിന് എന്തെന്നില്ലാത്ത കുളിര്‍മ്മയേകി. അതേ സമയം എനിക്ക് അവരുടെ നിസ്വാര്‍ത്ഥ സ്നേഹം ആസ്വദിക്കുവാനുളള മനസ്സും ദൈവം തന്നതില്‍ അതിയായ ആശ്വാസവും തോന്നി. കാരണം നാളുകളേറെയായി ഞാന്‍ തികച്ചും മരവിച്ച ഒരു അവസ്ഥയിലാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.
ഒരു നിമിഷം ഞാന്‍ പ്രകൃതിയോടലിഞ്ഞു ചേരുകയായിരുന്നു. ഒന്നാലോചിച്ചാല്‍ ദൈവം നമുക്ക് എല്ലാം പകര്‍ന്നു തന്നിട്ടില്ലേ. വെള്ളം, തണല്‍, ഫലങ്ങള്‍ എന്നിങ്ങനെ ഒരു മനുഷ്യന് അനിവാര്യമായവയെല്ലാം അതൊന്നും കണ്ടില്ലെന്നു നടിച്ചും ഉള്ളതില്‍ സംതൃപ്തി അടയാന്‍ കൂട്ടാക്കാതെയും രാപകലില്ലാതെ പരക്കം പായുന്ന മനുഷ്യര്‍! തൊട്ടടുത്ത വീടുകളിലാരെന്നോ, അവിടെയെന്തു നടക്കുന്നുവെന്നോ അറിയാന്‍ സാധിക്കാത്ത ദുരവസ്ഥ ആര്‍ക്കും ആരേയും ശ്രദ്ധിക്കാന്‍ സമയമില്ലാത്ത നെട്ടോട്ടം സ്വന്തം വീട്ടില്‍ പോലും അനുദിനം ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമേ ചിലവഴിക്കാനാവുന്നുള്ളുവെന്ന യാഥാര്‍ത്ഥ്യം. അപ്പോഴും പിറ്റേ ദിവസത്തേക്കുള്ള തത്രപ്പാടിനു നടുവില്‍ മനസ്സുനിറഞ്ഞൊന്നു പുഞ്ചിരിക്കാന്‍ പോലും മറന്നു പോവുന്നുവെന്ന നഗ്നസത്യം തള്ളിക്കളയാനാവുന്നില്ല.
ആഡംബരകാറുകളില്‍ പരസ്പരം മല്ലടിച്ചു പോവുന്ന ന്യൂജെന്‍ ദമ്പതികളെ കാണുമ്പോള്‍, പട്ടിണിപ്പാവങ്ങളുടെ കെട്ടുതാലിയടക്കം പണയത്തിലാക്കുന്ന ചിട്ടി തട്ടിപ്പുസംഘങ്ങളെ കാണുമ്പോള്‍, അമ്മപെങ്ങള്‍മാരെ വേര്‍തിരിച്ചറിയാന്‍ കഴിയാതെ കഞ്ചാവിന്‍റെ മായികലോകത്തിലുഴലുന്ന ആണ്‍പെണ്‍വ്യത്യാസമില്ലാത്ത അധോലോകത്തെകാണുമ്പോള്‍, നാളെയെന്തെന്നോര്‍ത്തു നാം സ്തബ്ധരാവുന്നു! ഇവയെല്ലാം അപഗ്രഥിക്കുമ്പോള്‍ അന്നന്നത്തെ ഒരു ചാണ്‍ വയറിന് വേണ്ടി മാത്രം സസന്തോഷം ഓരോ നിമിഷവും ചിലവിട്ടുകഴിയുന്ന തീര്‍ത്തും വേവലാതികള്‍ ഇല്ലാതെ ജീവിക്കുന്ന ആ ഇണക്കിളികളിലൊന്നാവാന്‍ ഞാന്‍ ആഗ്രഹിച്ചു പോവുന്നു. പ്രകൃതിഭംഗികളാസ്വദിച്ച് ദൈവം കനിഞ്ഞു നല്‍കിയ വരദാന ങ്ങള്‍ ആവോളം നുകര്‍ന്ന് ആവലാതികളൊഴിഞ്ഞ ഈ അനുഗൃഹീത നിമിഷങ്ങള്‍ എത്ര അനിര്‍വചനീയം !
സായാഹ്നം വരെ ഏവര്‍ക്കും സൗജന്യമായി വേണ്ടുവോളം വെട്ടവും വെളിച്ചവും നല്‍കി പ്രകൃതിയുടെ മടിത്തട്ടിലേക്ക് ചായുന്ന സൂര്യഭഗവാനും അടുത്ത നിമിഷം എവിടുന്നെന്നറിയാതെ ഒരു ശാലീനസുന്ദരിയെപോലെ കടന്നു വരുന്ന സന്ധ്യയുമൊക്കെ എന്നും എല്ലാത്തിനും മൂകസാക്ഷിയായി നിലകൊള്ളട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.

യു.കെ.ഡയറി

ശബരീഷ് കഞ്ഞിപ്പാടം
9446397715

2019 ഒക്ടോബര്‍ മാസം പകുതിയോടെയാണ് മാനേജര്‍ എന്നോട് ജോലിസംബന്ധമായി ഇംഗ്ലണ്ടിലേക്ക് പോകാനുള്ള ഒരു അവസരത്തേ കുറിച്ചു പറയുന്നത്. വളരെക്കാലമായി മനസ്സിലുള്ള ആഗ്രഹമായതുകൊണ്ടും കുടുംബവുമായി പോകാനുള്ള ഏറ്റവും നല്ല സമയമായതുകൊണ്ടും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കസ്റ്റമര്‍ ഇന്‍റര്‍വ്യൂവിലും വിസ പ്രോസസിങ്ങിനുമായി രണ്ടുമാസം സമയമെടുത്തു യാത്രയിലോട്ടെത്തിച്ചേരാന്‍. ആദ്യമായി പുറംരാജ്യത്തേക്ക് പോകുന്നതുകൊണ്ടുള്ള ആകൂലത കൊണ്ടും കൃഷ്ണപ്രിയയുടെ നിലവിലുള്ള ജോലിയില്‍ നിന്ന് രാജിവെയ്ക്കുവാന്‍ കുറച്ചുസമയം കൂടി വേണ്ടതുകൊണ്ടും ഞാന്‍ ആദ്യം പോകാമെന്നും കുടുംബത്തെ രണ്ട് മാസത്തിനുശേഷം കൊണ്ടുപോകാമെന്നും തീരുമാനിച്ചു. അങ്ങിനെ ജനുവരി ആറാം തീയതി എല്ലാവരുടെയും ആശിര്‍വാദത്തോടുകൂടി തിരുവനന്തപുരത്ത് നിന്ന് സായിപ്പിന്‍റെ നാട്ടിലേക്ക് വിമാനം കയറി. യാത്രയിലുടനീളം യൂറോപ്പ് മുഴുവന്‍ കറങ്ങുന്നതും ഒരു ടെന്നീസ് ഭ്രാന്തനായ എന്‍റെ മെക്കയായ വിംബിള്‍ഡണ്‍ സന്ദര്‍ശിക്കുന്നതുമൊക്കെ എന്‍റെ സ്വപ്നത്തില്‍ മാറിമാറിവന്നു. എന്നാല്‍ മറ്റൊരു അദ്യശ്യശക്തി വേറേ പല പദ്ധതികളും ഇടുന്നു എന്നുളളത് എന്‍റെ സ്വപ്നത്തിലേ വന്നില്ല.
ആറാംതീയതി പ്രദേശിക സമയം രാത്രി 7.30നു ബര്‍മിങ്ഹാം എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. സുഹൃത്തുക്കള്‍ കാത്തുനിന്നിരുന്നു. ഏഴാംതീയതി മുതല്‍ ഓഫീസില്‍ പോകാന്‍തുടങ്ങി. ജനുവരി മാസമായതിനാല്‍ ശൈത്യം അതികഠിനമായിരുന്നു. നാട്ടില്‍ രണ്ട് മിനിട്ട് തികച്ചു നടക്കാത്ത ഞാന്‍ ഈ പുകയില്ലാത്ത പൊടിയില്ലാത്ത സ്ഥലത്ത് മരംകോച്ചുന്ന തണുപ്പില്‍ കൂടി 5 കി.മി. ദിവസേന നടക്കാന്‍ തുടങ്ങി. സുര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം എന്ന് അറിയപ്പെടുന്ന ഈ സ്ഥലത്ത് സൂര്യനെ കാണാന്‍ ഞാന്‍ നന്നേ ബുദ്ധിമുട്ടി. ദിവസത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗവും ഇരുട്ടായിരുന്നു. മരങ്ങള്‍ വെറും കമ്പ് കഷ്ണങ്ങള്‍ പോലെയാണ് നിന്നിരുന്നത്. വലിയ വലിയ കെട്ടിടങ്ങളല്ല വികസിത രാജ്യത്തിന്‍റെ മുഖമുദ്ര, മറിച്ച് കൃത്യമായ ആസൂത്രണമാണ് എന്ന് ഞാന്‍ മനസ്സിലാക്കി. ആളുകള്‍ക്ക് താമസിക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍, ഇന്‍ഡസ്ട്രികള്‍ക്ക് വേറെ സ്ഥലങ്ങള്‍ എന്നിങ്ങനെ എന്തിനും ഏതിനും കൃത്യമായ നിയമങ്ങള്‍. വീടോ, ബിസിനസോ ഒന്നും നമ്മുടെ നാട്ടിലെ പോലെ ഇഷ്ടം പോലെ ചെയ്യാന്‍ പറ്റില്ല. റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ വരെ കൃത്യമായ പ്ലാനിങ്ങിലൂടെ ആണ് ഒഴുകികൊണ്ടിരിക്കുന്നത്. ആളുകള്‍ക്കാണെങ്കില്‍ എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം. പൊതുവേ ഇവര്‍ നമ്മളേക്കാള്‍ ട്രാന്‍സ്പേരന്‍റാണെന്ന് തോന്നി. അവര്‍ക്ക് ഒന്നും ഒളിച്ചുവെക്കാനില്ല അങ്ങനെ ദിവസങ്ങള്‍ കടന്നുപോയി.
ഫെബ്രുവരി മാസത്തോടെ സൂര്യനെ കൂടുതല്‍ കാണാന്‍ തുടങ്ങി. അതോടൊപ്പം ഈ ഭൂമിയുടെ സൗന്ദര്യവും കൂടുതല്‍ കൂടുതല്‍ പുറത്തോട്ട് വരാന്‍ തുടങ്ങി. എന്നാല്‍ സൂര്യന്‍ ഉദിക്കാന്‍ തുടങ്ങിയതോടെ പുതിയ ഒരാളുടെയും ഉദയത്തേക്കുറിച്ച് ഞാന്‍ കേട്ടു. കൊറോണ അഥവാ കോവിഡ്-19. ചൈനയില്‍ നിന്നുള്ള കേസുകള്‍ അടുത്തിരുന്നു ജോലി ചെയ്ത ചൈനാക്കാരെ സംശയത്തോടെ നോക്കാന്‍ ഇടയാക്കി. ഈ സമയങ്ങള്‍ ഞാന്‍ ചെറിയ ട്രിപ്പുകള്‍ നടത്തി. അതെല്ലാം പുതിയ അനുഭവമായിരുന്നു. മരങ്ങള്‍ പൂത്തുതുടങ്ങി. ചുമന്ന നിറത്തിലുള്ള വലിയമരങ്ങള്‍, സിമെന്‍റിന്‍റെ ചേരുവ എത്ര കുറയ്ക്കാമോ അത്രയും കുറച്ച് ഉണ്ടാക്കിയിരിക്കുന്ന വീടുകള്‍, ശാന്തമായ പ്രകൃതി എല്ലാം അങ്ങേയറ്റം സന്തോഷകരമായ കാഴ്ചകളായിരുന്നു. ഇവരുടെ വികസനങ്ങളെല്ലാം പ്രകൃതിയോട് ഇണങ്ങി ഉള്ളവയായിരുന്നു. നമ്മള്‍ സ്വന്തം വീട് വൃത്തിയാക്കി ഇടുന്നതുപോലെയായിരുന്നു ഇവര്‍ നാട് വൃത്തിയാക്കി സൂക്ഷിച്ചിരുന്നത്. അതിനുവേണ്ടി അവര്‍ നല്ലൊരുതുക നികുതിപണമായി വാങ്ങുന്നുവെന്നത് ഞാന്‍ വിസ്മരിക്കുന്നില്ല. ഇവരുടെ ഓരോ പദ്ധതികളും ഭാവിയെ വളരെയധികം മുന്നില്‍ കണ്ടുള്ളതായിരുന്നു. അതിന്‍റെ മകുടോദാഹരണമാണ് ലണ്ടന്‍റെ ജീവനാഡിയായ 130 വര്‍ഷമെങ്കിലും പഴക്കമുള്ള ഭൂഗര്‍ഭ മെട്രോറെയില്‍ സംവിധാനം.
മാര്‍ച്ച് മാസം തുടക്കത്തോടെ കൊറോണ കൂടുതല്‍ സുപരിചിതനായി. അടുത്തുകിടക്കുന്ന ഇറ്റലിയും സ്പെയിനും ആടിഉലയുന്നത് കാണാന്‍ തുടങ്ങി. അപ്പോഴും ബ്രിട്ടണ്‍ ഇതൊന്നും കണ്ടില്ല എന്ന് നടിക്കാന്‍ ശ്രമിച്ചു മുന്നോട്ടു പോയി. ഞാന്‍ കുടുംബത്തിനുള്ള വിസ എടുത്ത അതേ ആഴ്ച തന്നെ ഇടിത്തീപോലെ വാര്‍ത്തയെത്തി-ഇന്ത്യ അന്താരാഷ്ട്രവിമാന സര്‍വ്വീസ് നിര്‍ത്തിവെയ്ക്കുന്നു. വെറും ഒരാഴ്ച വ്യത്യാസത്തില്‍ ലണ്ടന്‍ ലോകത്തിന്‍റെ തന്നെ ഹോട്ട്സ്പോട്ടുകളില്‍ ഒന്നായി മാറി. ഓഫീസില്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് 23 ആയപ്പോഴേക്കും ബ്രിട്ടണില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. പക്ഷേ അത് കതിരില്‍കൊണ്ട് വളംവെയ്ക്കുന്ന പോലെ ആയിപ്പോയി. യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ കാണിച്ച വൈമനസ്യത്തിന് ബ്രിട്ടണ്‍ തുടര്‍ന്നങ്ങോട്ട് വലിയവില നല്‍കേണ്ടിവന്നു. മാര്‍ച്ച് 23ന് ഓഫീസില്‍ പോയി വരുമ്പോള്‍ ഞാന്‍ കരുതിയതേയില്ല, തല്‍ക്കാലത്തേക്കെങ്കിലുളള അവസാന വരവാണെന്ന്.
ഏപ്രിലോടുകൂടി ബ്രിട്ടണില്‍ കൊറോണ ആഞ്ഞടിച്ചു. ജോലി വീട്ടിലിരുന്നാണെങ്കില്‍ പോലും എങ്ങും എവിടെയും മരണത്തിന്‍റെ കണക്കുകള്‍ മാത്രമാണ് കണ്ടിരുന്നത്. ദിനംപ്രതി കേസുകള്‍ കൂടി. എന്‍റെ പേടി കൊറോണയെ ആയിരുന്നില്ല മറിച്ച് ഇപ്പോള്‍ എനിക്കൊരു ചെറിയ പനി വന്നാല്‍ പോലും വീട്ടിലുണ്ടാകാന്‍ പോകുന്ന സുനാമിയെക്കുറിച്ചായിരുന്നു. ഇതോടൊപ്പം നാട്ടില്‍നിന്നുള്ള സുഹൃത്ത് റോയിച്ചന് ലണ്ടനില്‍ കൊറോണ ബാധിച്ചതും ജീവന്‍ നിലനിര്‍ത്താന്‍ പെടാപ്പാടുപെടുന്നതും ഒരു നാട് മുഴുവനും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതും അതില്‍ വിജയിക്കുന്നതും ഞാന്‍ അടുത്തുനിന്ന് കണ്ടു. മറ്റുള്ളവരെപോലെ പതിയെപതിയെ എന്‍റെ ജീവിതം കൂടെയുള്ള കൂട്ടുകാരും രണ്ടു മുറികളുള്ള വീടും – അതില്‍ ജനലില്‍കൂടി കാണുന്ന റോഡുമായി. ദിവസങ്ങള്‍ ആഴ്ചകളായി, പിന്നെ മാസങ്ങളായി. പ്രതിബന്ധംകൂടാതെ ഒഴുക്ക് അനുവദിക്കുകയില്ല ദൈവം എന്നുതുടങ്ങിയ അപ്പൂപ്പന്‍റെ – പങ്കജാക്ഷകുറുപ്പ് – ജീവിതവും സന്ദേശവും കൂട്ടിനുണ്ടായിരുന്നു.
ഇതിനിടയില്‍ ഇവിടുത്തെ കാലാവസ്ഥ വളരെയധികം മാറി. മെയ്മാസത്തോടെ മൂന്നില്‍ രണ്ട് നേരം പകലായി. ആദ്യം മടിച്ചു നിന്ന സൂര്യനിപ്പോള്‍ പോകാനെ കൂട്ടാക്കുന്നില്ല, കൊറോണയെപോലെയായി. എന്നാല്‍ മറ്റൊരു കാര്യം ആശ്ചര്യമായി തോന്നിയത് ഇവിടുത്തുകാര്‍ ദിവസത്തില്‍ ആയിരക്കണക്കിനു പേര്‍ മരിച്ചുവീഴുമ്പോഴും പുറത്തിറങ്ങുന്നതില്‍ വിമുഖത കണിക്കാത്തതാണ്. അവര്‍ക്ക് പ്രഭാത, സായാഹ്ന സവാരിക്കും, വ്യായാമത്തിനും കൃത്യമായ ഇളവു ഗവണ്‍മെന്‍റ് തന്നെ പ്രഖ്യാപിച്ചത് ഇമ്മാതിരി കാര്യങ്ങളൊന്നും ചെയ്യാത്ത എന്നെ കൂടുതല്‍ ആശ്ചര്യവാനാക്കി. പ്രായമായവരാണ് ഏറ്റവും കൂടുതല്‍ പുറത്തിറങ്ങുന്നത് കണ്ടത്. ഈ സമയത്തും മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളുമായി ഒരു കൂസലുമില്ലാതെ വെയില്‍ കായുന്ന മാതാപിക്കളേയും ഞാന്‍ കണ്ടു. ഈ കൂസലില്ലായ്മയും എന്തിനേയും നേരിടാനുള്ള ചങ്കൂറ്റവുമായിരിക്കണം ഒരുകാലത്ത് ഇവരെ ലോകത്തിലെ സാമ്രാജ്യശക്തിയായി നിലനിര്‍ത്തിയത്. ഇതിനിടയില്‍ കൊറോണയുടെ ഭീകരത ഞങ്ങളുടെ കമ്പിനിയെ താത്ക്കാലികമായെങ്കിലും നാട്ടിലിരുന്ന് ജോലിചെയ്യാനുള്ള തീരുമാനം എടുപ്പിച്ചു.
ജൂണ്‍ മാസമായതോടുകൂടി ഇവിടെ കേസുകള്‍ കുറയാന്‍ തുടങ്ങി ഇവിടുത്തുകാര്‍ ആദ്യം പറഞ്ഞ ഹേര്‍ഡ് അല്ലെങ്കില്‍ അക്യുയേര്‍ഡ് ഇമ്യൂണിറ്റി അവര്‍ പ്രഭാതസവാരിയിലൂടെയും മറ്റും കൈവരിച്ചത് ആണ് മരുന്നിനേക്കാള്‍ ഉപരി സഹായിച്ചതെന്നു തോന്നുന്നു. എന്തിനും ഏതിനും മരുന്ന് കുത്തികേറ്റുന്ന നമ്മളെപോലെയല്ല ഇവിടുത്തെ ചികിത്സാരീതി. അതിന്‍റെ പാളിച്ചകള്‍ ഉണ്ടെങ്കിലും വൈദ്യശാസ്ത്രം ഇവിടെ അധികം കച്ചവടവല്‍ക്കരിക്കപ്പെട്ടിട്ടില്ല. കൊറോണ ഒഴിച്ചാല്‍ ആളുകളുടെ ആരോഗ്യവും ആയുസ്സും നമ്മളേക്കാള്‍ മുന്നിലാണ്. ജൂണ്‍ 24 ന് ഉള്ള മടക്ക ടിക്കറ്റ് കിട്ടിയതോടെ ഞാനും പുറത്തിറങ്ങാന്‍ തുടങ്ങി. കൂടുതല്‍ സ്ഥലങ്ങള്‍ നടന്നുകണ്ടു. ഒരു ദിവസം പതിനാറ് കിലോ മീറ്റര്‍ നടന്നിട്ട് പോലും വീണ്ടും നടക്കാനാണ് തോന്നിയത് അത്ര സുന്ദരം. ശൈത്യത്തില്‍ നിന്നും വസന്തത്തിലോട്ടും പിന്നീട് വേനലിലേക്കും കൃത്യമായി ഈ രാജ്യം മാറുന്നത് ഞാന്‍ ഈ ചുരുങ്ങിയ കാലയളവില്‍ കണ്ടു. വൈകുന്നേരങ്ങളിലെ നടത്തം ഒരു ശീലമാക്കി വന്നപ്പോഴേക്കും എന്‍റെ മടക്കയാത്രയ്ക്ക് സമയമായി. ജൂണ്‍ ഇരുപത്തിയഞ്ചോടു കൂടി ഞാന്‍ നാട്ടിലെത്തി. ഹോട്ടലില്‍ ക്വാറന്‍റീന്‍ തുടങ്ങുന്നു. ഉടന്‍തന്നെ വീട്ടുകാരെ കാണാം എന്ന ശുഭപ്രതീക്ഷയുമായി.

ഭൂമിക്കാരന്‍

അച്ഛനോടൊത്തും ദര്‍ശനത്തിലൂടെയും പഠിച്ച പരസ്പരാനന്ദ ജീവിതാശയങ്ങള്‍ വഞ്ചിപ്പാട്ട് രീതിയില്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ് കുരുവിള തോമസ്, പാമ്പാടി. ഒന്ന് ചൊല്ലിനോക്കിയാലും. ചെത്തി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി……….

ഭൂമിയിലെല്ലാരുമെനിക്കൊരുപോലെ വേണ്ടപ്പെട്ടോര്‍
ഭേദം വേണ്ട നാനാജാതി മതസ്ഥര്‍ തമ്മില്‍
ദേശഭേദമില്ലാതെയെല്ലാവരെയുംമൊന്നുപോലെ
ഭൂമിക്കാരനായിക്കണ്ട വിശ്വമാനവന്‍!
ആലപ്പുഴ ജില്ലയിലെ കഞ്ഞിപ്പാടം ദേശത്തായി
കാലമേറെ അധ്യാപന സേവനം ചെയ്ത
നവലോകസ്യഷ്ടിക്കായി സ്വജീവിതം സമര്‍പ്പിച്ച
പങ്കജാക്ഷകുറുപ്പിന്‍റെ ദര്‍ശനം കേള്‍പ്പൂ.
പലവീടുകളില്‍ പാര്‍ക്കും ഒരേ കുടുംബക്കാര്‍ നമ്മള്‍
ഇല്ല നമ്മില്‍ വര്‍ണ്ണ വര്‍ഗ്ഗ ദേശ ചിന്തകള്‍
എന്നെ സ്നേഹിക്കുന്നവരും വെറുക്കുന്നവരുമെല്ലാം
എനിക്കുള്ളവര്‍ : അന്യരാ യാരുമില്ലിഹേ!
സര്‍വ്വമതസ്ഥരേയുമെനിക്കുള്ളവരായ് കണ്ടിടാം
ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം എല്ലാം എന്‍റെ സോദരര്‍
കറുത്തവര്‍, വെളുത്തവര്‍, പൗര്യസ്ത്യരും പാശ്ചാത്യരും
ഒരുപോലെ ഭൂമിക്കാരായ് വസിച്ചിടട്ടെ.
പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങളുമൊന്നായി
പരസ്പരം ബന്ധപ്പെട്ടിരിപ്പൂ കൂട്ടരേ.
ലോകത്തിനാകെവേണ്ടി നാമേവരും ജീവിക്കുമെന്ന
ബോധം വിളങ്ങട്ടെ ചലനങ്ങളിലെന്നും.
ഭൂമിക്കാരനാവാന്‍ നാലു പടികള്‍ ഉപദേശിപ്പൂ
മൈത്രിസാധന ചിന്തയും ജൈവാര്‍ച്ചനയും
മനം വേണം സ്വയം തോറ്റു കൊടുപ്പാനും ക്ഷമിപ്പാനും
തറക്കൂട്ടം ഇവ ചേര്‍ന്നാല്‍ നവലോകമായ്
മൈത്രിസാധനയെന്നാല്‍ ഗുണദോഷങ്ങള്‍ നോക്കിടാതെ
മിത്രഭാവേന വര്‍ത്തിക്കാം എല്ലാവരോടും
സ്വന്തം, അയല്‍വീടൂ, ദേശം, പ്രപഞ്ചത്തെയോര്‍ത്തു ദിനം
പുലര്‍കാലെ നടത്താം മാനുഷികധ്യാനം
ജൈവാര്‍ച്ചനയെന്നാല്‍ കയ്യില്‍ വരുന്നതിലൊരുഭാഗം
അയല്‍ക്കാര്‍ക്കായ് പങ്കിട്ടു കൊടുക്കുന്നതത്രേ!
അവര്‍ തരുന്നതു സന്തോഷത്തോടെ സ്വീകരിപ്പാനും
മനസ്സുണ്ടായാല്‍ രണ്ടാം പടിയിലെത്തീടാം.
ചേമ്പു, ചേന, പച്ചക്കറി, ചക്ക, മാങ്ങ, നാളികേരം
പണിയായുധങ്ങള്‍ പരസ്പരം കൈമാറാം
ഇപ്രകാരം ജൈവാര്‍ച്ചനശീലിച്ചെന്നാല്‍ സ്നേഹിതരെ
പാരസ്പര്യം വര്‍ദ്ധിച്ചീടും അയല്‍ക്കാര്‍ തമ്മില്‍
കൊടുക്കല്‍ വാങ്ങലൂകളീവിധം ജനം ശീലിച്ചെന്നാല്‍
നാണയം വേണ്ടാ ബാങ്കുക-ളൊന്നുമേ വേണ്ടാ !
അവശ്യസാധനങ്ങള്‍ ഇപ്രകാരം കൈമാറിടുമ്പോള്‍
പണത്തിന്‍റെ പ്രാധാന്യം കുറഞ്ഞുവന്നീടും
അപമാനം സഹിപ്പാനും തോറ്റുപിډാറിടുവാനും
സ്വയം സന്നദ്ധരായിടാം സഹോദരരെ.
വേണ്ടാ ദ്വേഷം:ശത്രുവിനെ മിത്രമാക്കീടാം നേടുക
ക്ഷമയെന്ന ദിവ്യഗുണം മൂന്നാംപടിയായ്!!!
പത്തുവീടുകള്‍ ചേര്‍ന്നൊരു തറക്കൂട്ടം തുടങ്ങീടാം
ഒത്തൊരുമിച്ചു കൃഷിയില്‍ വിളവെടുക്കാം
പരസ്പരം കൊടുക്കലും വാങ്ങലും നടത്തിടട്ടെ
പരസ്പരാനന്ദത്തിന്‍റെ മാറ്ററിയട്ടെ.
അഞ്ചുതറ ചേര്‍ന്നൊരയല്‍ക്കൂട്ടം, ഗ്രാമക്കൂട്ടം പിന്നെ
പഞ്ചായത്തു വാര്‍ഡും, ബ്ലോക്കും, ജില്ലകളുമായ്
പിരിച്ചുവിടാനാവില്ല തറക്കൂട്ടങ്ങളെയാര്‍ക്കൂം
പരസ്പര ബന്ധത്തിലെ കണ്ണികളല്ലോ
എത്ര വിസ്തൃതമീ ഭൂമി, ആകാശവും, പ്രകൃതിയും
എത്രയോ വിഭവങ്ങള്‍ ഈ ഭൂതലമതില്‍!
ഇത്രയധികം ദാരിദ്ര്യം എന്നിട്ടുമെന്തേ ഈ ഭൂവില്‍
ഈശ്വരനിശ്ചയമല്ല, വിധിയുമല്ല.
ശത്രുവാണപരനെന്ന തോന്നലില്‍ നിന്നുളവായ
ഭീതിയത്രേ വാരിക്കൂട്ടാന്‍ പ്രേരിപ്പിക്കുന്നു
ഭീതിയെല്ലാം നീങ്ങിപ്പോം പരസ്പരം സ്നേഹിച്ചിടുമ്പോള്‍
ആര്‍ത്തി നീങ്ങി തൃപ്തരാകും മാനവരാശി.
എല്ലാവരും എനിക്കുവേണ്ടിയാ-ണതുപോലെ ഞാനും
എല്ലാവര്‍ക്കും വേണ്ടി സ്വയം സമര്‍പ്പിച്ചീടാം
വരുംതലമുറകള്‍ക്കായ് പ്രകൃതിയെ സംരംക്ഷിപ്പാന്‍
ചുമതല നമുക്കുണ്ട് മറന്നിടല്ലെ!
ഭൂമി ചുരത്തിനില്‍ക്കുന്നു ശുദ്ധജലം കരിക്കുമായ്
മുന്തിരി, പൈനാപ്പിള്‍ ജ്യൂസും, കരിമ്പിന്‍ നീര
പരസ്പര ജീവിതാനന്ദ ലഹരി പൂര്‍ണമായാല്‍
കലഹപ്രിയമാം മദ്യം ഭൂവിലെന്തിന്?
പണമാര്‍ജിക്കാനല്ലപഠനം: ജീവിതത്തോടൊപ്പം
ആവശ്യമനുസരിച്ചു സംഭവിച്ചീടും
കുട്ടികളുടെ തലയെ സ്റ്റോര്‍റൂമാക്കി മാറ്റിടല്ലെ
വാസനയനുസരിച്ചു വിദ്യ നേടട്ടെ!
വൃദ്ധമന്ദിരവും മദ്യപാനം, തൊഴില്‍രഹിതരും
പിന്നോക്കമായാരുമില്ല നവലോകത്തില്‍
പുതുലോക സൃഷ്ടിക്കായി ദര്‍ശനം ഭാവന ചെയ്യും
പുതിയ വഴികളിവ സ്വീകരിച്ചാലും!!

കുരുവിള തോമസ് 9447957197

കൊച്ചുവര്‍ത്തമാനം

അപ്പൂപ്പാ ഒറ്റപ്രാശംകൂടി” കൊച്ചുമക്കള്‍ വീട്ടില്‍ വന്നാല്‍ അവരേയുംകൊണ്ടുളള കറക്കമാണ് പ്രാധാന പരിപാടി. കടപ്പുറവും കടകളും അമ്പലവും ആല്‍ത്തറയുമൊക്കെയാണ് വേദി. ഇടയ്ക്ക് മരുന്നുകാര് വന്നാല്‍ കൊടുക്കും. അപ്പോള്‍ ഇല്ലാത്ത രോഗം പറഞ്ഞ് കുട്ടികളും മരുന്ന് വാങ്ങും. കളിയൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് വന്നാല്‍ പൊന്നുവിന്‍റെ മകള്‍ സാത്വികയുടെ ഒരു സ്ഥിരം പല്ലവിയുണ്ട്. അപ്പൂപ്പാ ഒറ്റപ്രാശംകൂടി കളിക്കാം. ഒത്തുപിടിക്കാന്‍ ചിന്നുവിന്‍റെ മകള്‍ ആരാധ്യയും. ശരി സമ്മതിച്ചു. കളിയും കഴിഞ്ഞ് വീട്ടില്‍ വന്നാലും ഇതേ പല്ലവി ആവര്‍ത്തിക്കും. നമ്മള്‍ എന്തെങ്കിലും തടസ്സം പറഞ്ഞാല്‍ നമ്മളെ മയക്കുവെടി വെയ്ക്കും. പ്ലീസ് അപ്പൂപ്പാ എന്നുപറഞ്ഞു തൊഴുതുനില്‍ക്കും. ഈ ആവര്‍ത്തന ലീല ചിലപ്പോള്‍ പാതിരാ വരെ നീണ്ടിട്ടുണ്ട്. അവസാനം പൊന്നു വന്നു കുട്ടികളെ എടുത്തോണ്ടുപോകും. ഇപ്പോള്‍ സാത്വിക ദുബായിലാണ്. കൊറോണ ഭീതി കാരണം എല്ലാവരും വീട്ടുതടങ്കലില്‍. വിനോദോപാധികള്‍ തീരെക്കുറവ് അതിനാല്‍ അടുക്കളയില്‍ കയറി ഇഷ്ടമുളളതൊക്കെ എടുത്തുതിന്നും. പൊന്നു തടസ്സം പറഞ്ഞാല്‍ ആര് കേള്‍ക്കാന്‍. ഞാന്‍ ഇഷ്ടമുള്ളതൊക്കെ തിന്നും അല്ലെങ്കില്‍ എന്നെ കടപ്പുറത്ത് കൊണ്ടുപോകണം എന്നാണ് ഭീഷണി. ഇപ്പോള്‍ പടം വരയാണ് പ്രധാനഹോബി. നല്ലശീലങ്ങള്‍കൊടുത്തു മനസ്സിനെ നിയന്ത്രിച്ചെടുക്കണം. കുട്ടികള്‍ക്ക് അഞ്ച് വയസ്സുവരെ രക്ഷമതി ശിക്ഷ പാടില്ല.
ഈ ബാലലീല കുട്ടികള്‍ക്ക് ഭൂഷണമാണ്. ഉള്ളിലെ സ്നേഹത്തെ ഉണര്‍ത്തും. വിരസതയ്ക്കും സ്ഥാനം കിട്ടില്ല. കൗമാരം പഠനവും കളികളുംകൊണ്ട് നിറയണം. ഈ സമയം അമിത സ്വാതന്ത്ര്യം നല്‍കി വളര്‍ത്തിയാല്‍ കുട്ടികള്‍ക്ക് വഴിതെറ്റും ശ്വാസിച്ചു വളര്‍ത്തണം. അപ്പോഴാണ് എല്ലാ നډകളും ഉണ്ടാകുന്നത്. കുട്ടികള്‍ക്ക് മാതൃകയാകേണ്ടവര്‍ വിരസതയകറ്റാന്‍ ലഹരിയുടെ പുറകേ പോകുന്നതാണ് കഷ്ടം. സന്ധ്യകഴിഞ്ഞാല്‍ ഇടവഴികളിലൂടെ യാത്ര ഇപ്പോള്‍ പ്രയാസമാണ്. വെറുതെ ഒരു രസത്തിനും ബോറടി മാറ്റാനുമായി പുകവലിയോ മദ്യപാനമോ പോലുളള ലഹരി ഉപയോഗിച്ചാല്‍ പിന്നീട് ആവര്‍ത്തിക്കാന്‍ തോന്നും. ആവര്‍ത്തിച്ചാല്‍ അത് ശീലമാകും. ക്രമേണ ശീലം സ്വഭാവമാകും, ജീവിതം അപകടത്തിലും. പിന്നീട് ഈ ദുസ്വഭാവത്തെ അതിജീവിക്കുക പ്രയാസമാണ്. ഇതാണിന്ന് പലരിലും പ്രത്യേകിച്ച് യുവാക്കളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യചുതിക്ക് ആധാരം. മാനസിക അടിമത്വം സംഭവിച്ചാല്‍ ക്രമേണ നേടിയതെല്ലാ നഷ്ടമാകും. “സുഖമല്‍പ്പം ബഹുക്ലേശം”.
മനോനിയന്ത്രണം ശീലിച്ചവരില്‍ ഈ കളികളൊന്നും നടക്കുകയില്ല. മനസ്സ് നമ്മുടെ നിയന്ത്രണത്തിലാണെങ്കില്‍ നമ്മുടെ മിത്രത്തെപ്പോലെ പെരുമാറും. നാം മനസ്സിന്‍റെ നിയന്ത്രണത്തിലാണെങ്കില്‍ ശത്രുരൂപേണയായിരിക്കും ഇടപെടല്‍. നമ്മേ വേണ്ടാത്ത കുണ്ടുകളില്‍ ചാടിക്കും. “സ്വാതന്ത്ര്യം തന്നെ അമൃതം”.
കല്‍ക്കട്ടകാര്‍ക്ക് ഹുക്കാവലി പ്രധാന വിനോദമാണ്. അത് വലിച്ചാലുള്ള സുഖത്തെ പറ്റി കേട്ടറിഞ്ഞു ശ്രീരാമകൃഷ്ണ പരമഹംസനും ഒരാഗ്രഹം പ്രകടിപ്പിച്ചു. ശിഷ്യډാര്‍ ഹുക്ക തയ്യാറാക്കികൊടുത്തു. ഇരുന്നും കിടന്നും ശ്രീരാമകൃഷ്ണന്‍ അത് ആസ്വദിച്ചു. എന്നിട്ട് ശിഷ്യډാര്‍ കേള്‍ക്കെ സ്വന്തം മനസ്സിനോടെന്നപോലെ പറഞ്ഞു “മനസ്സേ ഇതാണ് ഹുക്കാ വലിച്ചാലുളള സുഖം മനസ്സിലായല്ലോ നീ ആവശ്യപ്പെട്ടു ഞാനതു തന്നു. കൃത്രിമസുഖത്തിന് പിന്നാലെ പോയാല്‍ ദുഃഖമാണ് ഫലം. ദൈവത്തില്‍നിന്നകലും. ഇനി മേലാല്‍ ഇത്തരം കാര്യങ്ങളുമായി എന്‍റെയടുത്തു വരരുത്. ഇത് കേട്ട് മായ-സത്യത്തെ മറക്കുന്നത്-കിടുകിടാ വിറച്ചുപോയി. ഹുക്കായുടെ സെറ്റിംഗ്സ് എല്ലാമെടുത്തു ദൂരെയെറിയാന്‍ ആയിരുന്നു ഗുരുവിന്‍റെ ഉപദേശം.
അച്ഛന്‍ 2004 ജനുവരിയിലെ ഡയറിയില്‍ എഴുതിയിരിക്കുന്നു “ഇന്ന് പുറത്തേയ്ക്ക് ഒന്നും പോയില്ല അല്പം ക്ഷീണംതോന്നി. ചാരുകസേരയില്‍ കിടന്ന് തിരുവനന്തപുരത്ത് ഗാന്ധിഭവനില്‍ നടക്കുന്ന ഭാവിലോകം പുസ്തകപ്രകാശനത്തിന് ക്ഷണിക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി. അപ്പോള്‍ ശാന്തിനി വന്ന് അച്ഛന്‍ ഒന്നും കഴിച്ചില്ലല്ലോ നല്ല കേക്ക് ഇരുപ്പുണ്ട് രണ്ട് കഷ്ണം കൊണ്ടുവരട്ടെ ഒന്നു കഴിച്ചുനോക്ക് എന്നുപറഞ്ഞു. ഞാന്‍ ഇത്തരം വസ്തുക്കള്‍ ഒന്നും കഴിച്ചിട്ടില്ല. എങ്കിലും വയ്യാതിരുന്നപ്പോള്‍ ഒരാഗ്രഹം തോന്നി. നോക്കട്ടെ കൊണ്ടുവരാന്‍പറഞ്ഞു. കഴിച്ചപ്പോള്‍ നല്ല സ്വാദ് തോന്നി മുഴുവനും കഴിക്കുകയും ചെയ്തു. ഡയറിയില്‍ തുടര്‍ന്ന് എഴുതിയിരിക്കുന്നു. പക്ഷേ പ്രിയപ്പെട്ട നാവേ നീ ഇനിയിത് പ്രതീക്ഷിക്കണ്ട ഇത് മൈദയും പഞ്ചസാരയുമൊക്കെ ചേര്‍ന്നതാണ്, ആരോഗ്യത്തിന് ഹാനികരവും. അരമണിക്കൂറിനുള്ളില്‍ തന്നെ സ്വീകരണവും തിരസ്ക്കാരവും നടന്നു. ഇന്ദ്രിയങ്ങള്‍ക്ക് കൊതിയൂറുന്ന വഴിയെ സഞ്ചരിക്കുമ്പോള്‍ അതിര്‍ത്തി ലംഘിക്കാതെ സൂക്ഷിക്കണം. സത്യധര്‍മ്മാദികള്‍ വിട്ട് ഒരുകളിയും പാടില്ല.
ഈയിടെ ഒരു അച്ഛനും അമ്മയും കൂടി രാത്രി മരുന്നിന് വന്നു. അവര്‍ വളരെ വിഷണ്ണരായിരുന്നു. ആകെത്തകര്‍ന്ന ഒരുഭാവം. എന്തുപറ്റി കൊറോണപേടിയാണോ എന്നുചോദിച്ചു. ഓ കൊറോണയൊക്കെ എത്രയോ നിസ്സാരം കൂടിവന്നാല്‍ അങ്ങ് ചത്തുപോകും. ഇത് അതിലും വലിയ പ്രശ്നമാണ്. കോളേജില്‍ പഠിക്കുന്ന ഞങ്ങളുടെ മകന് ഈയിടെ ഒരു മാറ്റം കാണുന്നു. ഇടയ്ക്കിടെ പൈസ കൊടുക്കണം. എന്തിനാണെന്ന് ചോദിച്ചാല്‍ ദേഷ്യമാണ്. തറുതല പറയും. എന്‍റെ മോന്‍ അങ്ങനെയൊന്നും ഇതുവരെ പറയുമായിരുന്നില്ല. എന്നമ്മ കരഞ്ഞുകൊണ്ടുപറഞ്ഞു. ചില പുതിയ കൂട്ടുകാര്‍ വീടിന്‍റെ പരിസരത്ത് വരികയും അവരുമായി പുറത്തുപോകുന്നതും കാണുന്നുണ്ടായിരുന്നു. അത് ഇത്രയ്ക്ക് അപകടം വരുത്തുമെന്നറിഞ്ഞില്ല. ചുരുക്കത്തില്‍ കുടുംബാംഗങ്ങളുടെ കൂട്ട ഉപവാസത്തോടെയുള്ള ഇടപെടലും മകന്‍ അറിയാതെ മരുന്നുകൊടുത്തുകൊണ്ടും ലഹരിയില്‍ നിന്നും ഒരുവിധം മുക്തി നേടി.
മഹാമാരികള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടുന്നതിന് കൃത്യമായ കാരണങ്ങളുണ്ടാകും. ശരിയായ കാരണങ്ങള്‍ കണ്ടുപിടിക്കുകയും പരിഹരിക്കുകയും വേണം എന്തായാലും അതിന്‍റെ പണി കഴിഞ്ഞ് അത് പോകാറുണ്ട്. എന്നാല്‍ ലഹരി തീരാവ്യാധിയാണ്. അണുക്കള്‍ ദേഹത്തെ നശിപ്പിക്കുമ്പോള്‍ ലഹരി ആദ്യം നശിപ്പിക്കുന്നത് ഒരുവന്‍റെ വിവേചനാ ശക്തിയെയായിരിക്കും. അതോടെ തല തിരിയും. താനൊരു കേമനാണെന്നും മറ്റുള്ളവരെല്ലാം മണ്ടډാരാണെന്നും തോന്നും. സ്വന്തം സുഖമല്ലാതെ ഒരു ലക്ഷ്യവും ഇക്കൂട്ടര്‍ക്കുണ്ടാകില്ല. അതിനാരെ വേണമെങ്കിലും എന്തുവേണമെങ്കിലും ചെയ്യും. അതിനനുസൃതമായ തത്വശാസ്ത്രവും മെനഞ്ഞെടുക്കും.
നമ്മുടെ നാടിന്‍റെ ഏറ്റവും വലിയ ശാപം കൊറോണയല്ല, പട്ടിണിയല്ല. മൂല്യബോധം നഷ്ടപ്പെടുന്ന പുതിയതലമുറയാണ്. നമ്മെ നിലനിര്‍ത്തുന്നത് നമ്മുടെ സംസ്ക്കാരമാണ്. അത് നഷ്ടപ്പെട്ടാല്‍ എല്ലാ നശിച്ച് ജീവിതം ദുഃഖമയമാകും. ജാതിമത ചിന്തകളില്‍ നിന്നും കുറേക്കൂടി സ്വതന്ത്രരാണെന്നുള്ള ഒരു ഗുണവും ക്രിയാശേഷിയും പുതിയ തലമുറയിലുണ്ട്. അവര്‍ക്ക് തൊഴിലോ പൊതുസാംസ്ക്കാരിക ഇടങ്ങളോ കളിസ്ഥലങ്ങളോ ഉണ്ടാകണം. ആത്മഹത്യ തടയാന്‍ മദ്യമല്ല വിദ്യയാണ് വേണ്ടത്. സ്വയം മാറുക. മൈത്രിഭാവനയും ജൈവാര്‍ച്ചനയും ശീലമാകട്ടെ. ഇപ്പോള്‍ സംഭവിച്ചിട്ടുളള ദുരവസ്ഥയെ നമുക്ക് തരണം ചെയ്യുവാന്‍ കഴിയും എന്നുറച്ച് വിശ്വസിക്കുക. ഇത് അന്ധവിശ്വാസമല്ല. അന്ധകാരത്തെ ഇല്ലാതാക്കുന്ന വിശ്വാസമാണ്. നല്ല സ്വപ്നം കാണുക. കഴിവതു പ്രവര്‍ത്തിക്കുക. സമസ്ത പ്രപഞ്ചവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്നേഹിക്കുവാനല്ലാതെ ഇവിടെ ദ്വേഷിക്കുവാനൊന്നുമില്ല. ഈ സന്ദേശത്തോളം മാധുര്യം തരുന്ന ഒന്നും ഭൂമുഖത്തില്ല.

പൊതുവിവരങ്ങള്‍

  • സമര്‍പ്പയാമി – പങ്കജാക്ഷനും സാരസാക്ഷനും
    പേരുകള്‍ തമ്മില്‍ നല്ല സാമ്യം അര്‍ത്ഥവും ഒന്നുതന്നെ. കേണല്‍ സാരസാക്ഷന് അച്ഛന്‍റെ ആദര്‍ശങ്ങളോട് തുടക്കത്തില്‍ തന്നെ വലിയ ആകര്‍ഷണം തോന്നി. അങ്ങിനെ ഒരാഴ്ച നീണ്ടുനിന്ന കുടുംബസംഗമം കോട്ടയത്ത് പുളിയ്ക്കല്‍ കവലയില്‍ ചേട്ടന്‍റെ വീട്ടില്‍ വെച്ച് മംഗളമായി നടന്നു. അതോടെ കുടുംബാംഗങ്ങള്‍ ഈ സന്ദേശം സ്വീകരിച്ചു. സഹധര്‍മ്മിണി അഡ്വ.ഗീതാസാരസാക്ഷന്‍ ഭാവിലോകം എന്ന അച്ഛന്‍റെ പുസ്തകം ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്തു. തിരുവനന്തപുരത്ത് ഗാന്ധിഭവനില്‍ വെച്ച് ശ്രീ.എം.എ.ബേബിയാണ് അത് പ്രകാശനം ചെയ്തത്. അപ്പോഴേക്കും അച്ഛന്‍ ദേഹം വിട്ടിരുന്നു. ഇപ്പോള്‍ സാരസാക്ഷനും നമ്മോടൊപ്പം ഇല്ല. ഹൃദയാഘാതത്തെ തുടര്‍ന്ന് നാല് വര്‍ഷം മുന്‍പ് അന്തരിച്ചു. അച്ഛന്‍റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുവാനും അടുത്ത തലമുറയ്ക്ക് കൈമാറുവാനും ഒരു വെബ്സൈറ്റ് സാറിന്‍റെ സ്വപ്നമായിരുന്നു. സാരസാക്ഷന്‍ സാറിന്‍റെ ആ സ്വപ്നം ഇന്ന് ഗീതചേച്ചിയിലൂടെയും മകന്‍ ഇരവിയിലൂടെയും സാധിതമായിരിക്കുന്നു. ഇനി ദര്‍ശനവും പുസ്തകങ്ങളും പ്രധാനമായി ഭാവിയിലേയ്ക്ക് എന്ന ഡോക്യുമെന്‍ററിയും വായനക്കാര്‍ക്ക് ഇന്‍റര്‍നെറ്റിലൂടെ ദൃശ്യമാകും. ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മുടെ ചര്‍ച്ചായോഗങ്ങള്‍ ഓണ്‍ലൈനിലൂടെ നടത്തുന്നതാണു ഉചിതമെന്ന് ചേച്ചി നിര്‍ദ്ദേശിക്കുന്നു. ദര്‍ശനവും ഇനി മുതല്‍ വെബ്സൈറ്റിലൂടെ പ്രസദ്ധീകരിച്ചാല്‍ മതിയോ? അങ്ങിനെയെങ്കില്‍ ദര്‍ശനം ഇപ്പോഴേ നാണയമുക്തമാകും. കഞ്ഞിപ്പാടത്ത് ജനിച്ചുവളര്‍ന്നു ചുറ്റുവട്ടത്ത് സ്നേഹസന്ദേശം പടര്‍ത്തിയ ഈ അയല്‍ക്കൂട്ട ദര്‍ശനത്തെ ഇവിടെ വേണ്ടപോലെ സംരക്ഷിക്കുവാന്‍ ആയിട്ടില്ല എന്ന ഖേദമുണ്ട്. അതിന് ആരെങ്കിലും മുന്നോട്ടുവരണം. ദര്‍ശനം തുടരാന്‍ എനിക്ക് ആവുന്നില്ല. ഇപ്പോള്‍ ഗീതചേച്ചി ഈ സന്ദേശത്തെ അനന്താന്തരീക്ഷത്തിലേക്ക് തുറന്നു വിട്ടതില്‍ ദര്‍ശനം കുടുംബാംഗങ്ങളുടെ അഭിനന്ദനം അറിയിക്കുന്നു. ഇനി ഭൂമിയില്‍ എവിടെ ഇരുന്നും ദര്‍ശനം മലയാളത്തിലോ ഇംഗ്ലീഷിലോ നേരിട്ട് മനസ്സിലാക്കി പരസ്പരാനന്ദജീവിതം നയിക്കുവാന്‍ ഇതൊരവസരമാണ്. ജൂണ്‍ 28 ഞായറാഴ്ച രാവിലെ പ്രതിമാസയോഗം ഓണ്‍ലൈനിലൂടെ നടന്നു. ഇനിമുതല്‍ ഞായറാഴ്ച ദിവസങ്ങളില്‍ വൈകിട്ട് നാലുമുതല്‍ അഞ്ചുവരെ ദര്‍ശനം പ്രവര്‍ത്തകയോഗം ചേരാമെന്ന് കരുതുന്നു. ഗിരിജന്‍, ശ്രീകുമാരി ചേച്ചി, ഹംസ സാര്‍, ഡോ.പത്മകുമാര്‍, സുധീര്‍, മുഹമ്മദ്അലി, ഡോ.ജോര്‍ജ്ജ് ചങ്ങനാശ്ശേരി, ഗീതചേച്ചി, ബസുമ തുടങ്ങിയവര്‍ ഈ നൂതന സംവിധാനത്തില്‍ പങ്കുചേര്‍ന്നു. താത്പര്യമുള്ളവര്‍ ഇതിന്‍റെ സംവിധായകനായ ശ്രീ.മിഥുനുമായി ബന്ധപ്പെടുക.
    (ലറമൃമെിമാ.ീൃഴ) ഫോണ്‍ : 8075251365
  • പുസ്തകപ്രകാശനം – ശ്രീ.ഗിരിജന്‍ തന്‍റെ വിലപ്പെട്ട ജീവിതാനുഭവങ്ങള്‍ രേഖപ്പെടുത്തി നിവേദനം എന്ന പേരില്‍ ഒരു പുസ്തകം അവതരിപ്പിച്ചിരിക്കുന്നു. നമ്മുടെ മന്ത്രി ശ്രീ.ജി.സുധാകരനാണ് പ്രകാശന കര്‍മ്മം (23.02.2020 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്) അമ്പലപ്പുഴ പടിഞ്ഞാറേ നടയില്‍ വെച്ച് നിര്‍വ്വഹിച്ചത്. തുടര്‍ന്നുളള പരിപാടികള്‍ക്ക് എല്ലാവരും സന്ദര്‍ശനില്‍ ഒത്തുകൂടി. നൂറോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ ശ്രീ.ചന്ദ്രന്‍ പുറക്കാട് അദ്ധ്യക്ഷന്‍ ആയിരുന്നു. ഡോ.അമ്പലപ്പുഴ ഗോപകുമാര്‍ പുസ്തക നിരൂപണം നടത്തി. സമൂഹത്തില്‍ എത്രമാത്രം തിډയുടെ വിളയാട്ടം ഉണ്ടായാലും നീതിബോധമുള്ളവര്‍ക്ക് വഴി തെറ്റുകയില്ലെന്ന അനുഭവ പാഠമാണ് “നിവേദനത്തെ” ശ്രദ്ധേയമാക്കുന്നത് എന്ന് അമ്പലപ്പുഴ ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. ശ്രീ.ചിത്തരഞ്ജന്‍, മറിയമോണ്ടിസോറി രക്ഷാധികാരി ശ്രീ.ഗംഗാദത്തന്‍, ഡോ.ഹരിഹരന്‍ തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി.

കാക്കാഴം ദര്‍ശനം റസിഡന്‍റ്സ്
അസോസിയേഷന്‍ വാര്‍ഷിക റിപ്പോര്‍ട്ട്

ദര്‍ശനം റസിഡന്‍റ്സ് അസോസിയേഷന്‍റെ 12-ാമത് വാര്‍ഷിക പൊതുയോഗം 26.01.2020 ഞായറാഴ്ച കുഴുവേലില്‍ ഭവനത്തില്‍ പ്രസിഡന്‍റ് ഹംസ കുഴുവേലിയുടെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. സെക്രട്ടറി സി.കെ ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷന്‍റെ ഉപക്രമ പ്രസംഗത്തില്‍ അസോസിയേഷന്‍ ദര്‍ശനം എന്ന പേര് നല്‍കാനുണ്ടായ താത്പര്യവും അതിന് പ്രേരകമായ അയല്‍ക്കൂട്ട പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവും ഭൂമിക്കാരനുമായ ഡി.പങ്കജാക്ഷക്കുറുപ്പ് സാറിന്‍റെ ആശയദര്‍ശനങ്ങളും വിശദീകരിച്ചു. ഡോ.പി.രാധാകൃഷ്ണന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്. ദര്‍ശനം വിഭാവനം ചെയ്യുന്ന മഹത്തായ മൂല്യങ്ങള്‍ സദസ്യര്‍ക്ക് വിവരിച്ചുകൊടുത്തു.
ശേഷം നടന്ന പൊതുസമ്മേളനം അമ്പലപ്പുഴ സബ് ഇന്‍സ്പെക്ടര്‍ ശ്രീ.ലൈസാദ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പുതിയ സമൂഹ രചനയില്‍ റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് വളരെ പ്രസക്തി ഉണ്ടെന്നും എല്ലാവരം പരസ്പരാനന്ദത്തില്‍ കഴിയേണ്ട കാലഘട്ടമാണിതെന്നുമുള്ള ദര്‍ശനാദര്‍ശം ഒരു പോലീസ് ഓഫീസറിന്‍റെ സാക്ഷ്യപ്പെടുത്തലോടെ അദ്ദേഹം വിവരിച്ചത്. നിശബ്ദരായി സദസ്യര്‍ കേട്ടിരുന്നു. മുഖ്യപ്രഭാഷണം നടത്തിയ തകഴി സ്മാരക സംഘം സെക്രട്ടറി കെ.വി.അജയകുമാര്‍ കുറുപ്പുസാറിനോടൊപ്പം പ്രവര്‍ത്തിക്കാനായ നല്ല കാലത്തെകുറിച്ച് അനുസ്മരിച്ചു. എല്ലാവരും ഒന്നാണെന്ന ദര്‍ശനം സന്ദേശം കവിതയിലൂടെ അവതരിപ്പിച്ചും, സദ്യസരെ കൊണ്ട് പാടിപ്പിച്ചും സദസ്സിനെ സന്തോഷിപ്പിച്ചും അസോസിയേഷനിലെ 80 വയസ്സ് കഴിഞ്ഞ 12 പേരില്‍ നിന്ന് എത്താന്‍ കഴിഞ്ഞ 6 പേരെ മുഖ്യാതിഥി പൊന്നാടയണിയിച്ച് ആദരിച്ചു. മറ്റുള്ളവരെ വീട്ടില്‍ പോയി ആദരിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് അസോസിയേഷനിലെ അംഗങ്ങള്‍ ഒന്നിച്ചിരുന്നു വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചു. 12 വര്‍ഷത്തിനിടയില്‍ 400 ഓളം അംഗങ്ങള്‍ പങ്കെടുത്ത ഒരു പരിപാടി ഇത്തവണത്തേതായിരുന്നു. അതിലെല്ലാം ഉപരി തുടക്കം മുതല്‍ ഒടുക്കം വരെ ഓരോ പ്രഭാഷണങ്ങളിലും കുറുപ്പ് സാറും അദ്ദേഹത്തിന്‍റെ ആശയാദര്‍ശങ്ങളും തിളങ്ങിനിന്നിരുന്നു എന്നതു ആ മഹാനുഭാവനു നല്‍കാന്‍ കഴിയുന്ന ദര്‍ശനം റസിഡന്‍റ്സ് അസോസിയേഷന്‍റെ ഏറ്റവും തിളക്കമാര്‍ന്ന ആദരവായിരുന്നു.
മടിശ്ശീല : കമലമ്മ ചേച്ചി പുന്നപ്ര, അക്ബര്‍ ഷെരീഫ് നീര്‍ക്കുന്നം, പരമേശ്വരന്‍ നമ്പൂതിരി ചാലക്കുടി, ഡോ.ഗോപാലകൃഷ്ണന്‍ വണ്ടാനം, അഷറഫ് കളര്‍കോട്, ഹംദാന്‍ മൂവാറ്റുപുഴ, സുധീര്‍ ഗുരുകുലം, മണിയമ്മ ചേച്ചി കാക്കാഴം, കൃഷ്ണകുമാര്‍ കറുകയില്‍ (കുട്ടന്‍ വൈദ്യരുടെ അനുജന്‍), ഗംഗാധരകുറുപ്പ് ചേപ്പാട്, സാംജോസ് തുടങ്ങിയവര്‍ 500 രൂപാ വീതവും. രാധമ്മ അമ്പലപ്പുഴ, കമലമ്മ അമ്പലപ്പുഴ തുടങ്ങിയവര്‍ 300 രൂപാ വീതവും, മണിയമ്മ -ഗാന്ധിസ്മാരസേവാകേന്ദ്രം പ്രവര്‍ത്തക 2000 രൂപയും മടിശ്ശീലയിലേക്ക് എത്തിച്ചുതന്നിട്ടുണ്ട്. ഞായറാഴ്ചതോറും നടക്കുന്ന ദര്‍ശനം ഓണ്‍ലൈന്‍ കൂട്ടായ്മയിലേക്ക് എല്ലാവര്‍ക്കും സ്വാഗതം.
സമയം : വൈകിട്ട് 4 മുതല്‍ 5 വരെ.

  1. ദേഹവിയോഗങ്ങള്‍
    ദര്‍ശനം പ്രസിദ്ധീകരണത്തിന്‍റെ ഈ വര്‍ഷത്തെ ഇടവേളകളില്‍ നമ്മുടെ മിത്രങ്ങള്‍ പലരും വിട്ടുപിരിഞ്ഞു.
  2. ശ്രീ.കുട്ടപ്പന്‍സാര്‍ കളത്തില്‍ പുന്നപ്ര, അച്ഛനോടൊപ്പം ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ആ സന്ദേശങ്ങള്‍ക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്തുകയും ചെയ്ത ശ്രീ. കുട്ടപ്പന്‍സാര്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. വിവരമറിഞ്ഞ് കുടുംബാംഗങ്ങളെ പോയി കണ്ടു. പള്ളിയിലെ പതിവ് പ്രാര്‍ത്ഥനയിലും കൃഷിയിടത്തിലെ പണികളുമായി കഴിഞ്ഞിരുന്ന കുട്ടപ്പന്‍സാര്‍ ദര്‍ശനം പരിപാടികള്‍ക്കും പങ്കെടുത്തുപോന്നു. മനുഷ്യപ്രശ്നങ്ങളുടെ മോചനത്തിന് കൃഷിയിലേക്കും ആത്മീയതയിലേക്കും മടങ്ങിപ്പോകേണ്ടതുണ്ടെന്നായിരുന്നു. കൃഷിഓഫീസര്‍ ആയി വിരമിച്ച സാറിന്‍റെ ജീവിത സന്ദേശം. ദര്‍ശനത്തിന്‍റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
  3. രവീന്ദ്രനാഥകുറുപ്പ് കഞ്ഞിപ്പാടം – എന്‍.എസ്.എസ്.കരയോഗത്തിന്‍റെ ദീര്‍ഘകാല പ്രസിഡന്‍റും വട്ടപ്പായിത്ര, കൂറ്റുവേലി ക്ഷേത്രങ്ങളുടെ ഭരണവും സ്തുത്യര്‍ഹമായി വഹിച്ചിരുന്ന രവീന്ദ്രന്‍ ചേട്ടന്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. സഹധര്‍മ്മിണി പത്മകുമാരി അച്ഛന്‍റെ ശിഷ്യയും. ഇരുവരും കാക്കാഴം സ്കൂളിലെ അദ്ധ്യാപകരുമായിരുന്നു. ഞങ്ങളുടെ അപ്പച്ചി ലക്ഷ്മികുട്ടിയമ്മയുടെ മകനായ രവീന്ദ്രച്ചേട്ടന് ആദരാഞ്ജലികളര്‍പ്പിക്കുന്നു.
  4. ശ്രീ.ഹെര്‍ഷല്‍ അര്‍ത്തുങ്കല്‍ – സര്‍വ്വോദയ പ്രവര്‍ത്തനങ്ങളിലൂടെ അനവധിപേര്‍ക്ക് മാര്‍ഗ്ഗദീപമായിരുന്ന ഹെര്‍ഷല്‍ സാര്‍
    86-ാം വയസ്സില്‍ അന്തരിച്ചു. അദ്ധ്യാപകനായിരുന്നു. യുവാക്കള്‍ക്ക് സ്വാശ്രയത്വം കൈവരിക്കുവാന്‍ ഗാന്ധിയന്‍ മാതൃകയിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അച്ഛന്‍റെ ഈ മിത്രത്തിന് ദര്‍ശനം കുടുംബാംഗങ്ങളുടെ ആദരാഞ്ജലികളര്‍പ്പിക്കുന്നു. ഹെര്‍ഷല്‍ സാറിന്‍റെ അനുസ്മരണത്തോടുകൂടിയാണ് ഈ ആഴ്ച ദര്‍ശനം കൂട്ടായ്മ ഓണ്‍ലൈനിലൂടെ ആരംഭിച്ചത്. രോഗശയ്യയിലാണെന്നറിഞ്ഞിട്ടും എനിക്ക് ഒന്ന് പോയി കാണുവാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്. മൃത്യുവിന് ഏതുസമയത്തും എവിടെയും കടന്നുചെല്ലുവാനുള്ള സ്വാതന്ത്ര്യമുണ്ട്. എത്ര ശ്രദ്ധിച്ചാലും നമുക്കത് തടയുവാന്‍ കഴിയുമോ? ഇല്ലെങ്കില്‍ പിന്നെ ജീവിച്ചിരിക്കുമ്പോള്‍ സേവനം ചെയ്യുവാന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കാതെ ചെയ്യുക. അതുതന്നെയാണ് സന്തോഷകരമായ ജീവിതത്തിന് അടിസ്ഥാനം.