ഇതുവരെയുണ്ടായ സമരങ്ങളുടെ ആകെ ഫലം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

ഞാന്‍: ആകെക്കൂടി ഉണ്ടായ ഫലം ഞാന്‍ പറയട്ടെ. എന്റെ തോന്നലാണിത്. തെറ്റാവാം. എങ്കിലും പറയട്ടെ. അതിരുകളെല്ലാം പൊട്ടിച്ചെറിഞ്ഞ് നാം വര്‍ഗരഹിതസമൂഹത്തിലേക്ക് കുതിച്ചെങ്കിലും ഏകവര്‍ഗസമൂഹത്തിലാണ് തിരിച്ചെത്തിച്ചേര്‍ന്നത്. യഥാര്‍ത്ഥത്തില്‍ സംഭവിക്കേണ്ടതു സംഭവിച്ചില്ല.

കേശു: ആ വര്‍ഗം മനുഷ്യവര്‍ഗമാണോ?

ഞാന്‍: അല്ല. മുതലാളിവര്‍ഗം തന്നെ. ശരിക്കുപറഞ്ഞാല്‍ സ്വകാര്യവര്‍ഗം. ആ പദം മലയാളത്തില്‍ വന്നിട്ടില്ലാത്തതുകൊണ്ട്, ഞാന്‍ മുതലാളിവര്‍ഗം എന്നു പറഞ്ഞുവെന്നേയുള്ളു. സ്വകാര്യവര്‍ഗം, പരാര്‍ത്ഥവര്‍ഗം എന്നു രണ്ടായി മനുഷ്യരെ തിരിച്ചാല്‍ രണ്ടാംവര്‍ഗം ചരിത്രത്തില്‍ എന്നും അത്യന്തം കുറവായിരുന്നു എന്നു കാണാം. തൊഴിലാളിവര്‍ഗം പരാര്‍ത്ഥവര്‍ഗത്തിനു പകരമാവില്ല.

രാജു: ഈ വിശകലനം നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത് ലോകാരംഭം മുതല്‍ ഇന്നുവരെയും മനുഷ്യരാശി സ്വകാര്യമാത്ര ജീവിതമാണ് നയിച്ചുപോരുന്നത് എന്നാണ്. മാറ്റത്തിനാഗ്രഹിക്കുന്നവര്‍ ധനിക ദരിദ്രഭേദമോ, ഉച്ചനീചഭേദമോ, വര്‍ഗവിഭജനമോ നോക്കാതെ സ്വകാര്യാസക്തിയില്‍നിന്ന് സര്‍വര്‍ക്കും മോചനം നേടാന്‍ വഴി ഒരുക്കുകയാണ് വേണ്ടത്. എന്തുകൊണ്ടെന്നാല്‍ സ്വകാര്യമാത്ര ജീവിതശൈലിയാണ് ഇക്കണ്ട വിഭജനങ്ങളെല്ലാം ഉണ്ടാക്കി നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്.