ഭൂമിക്കാരന്‍
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

കേശു: ദര്‍ശനത്തില്‍ ‘ഭൂമിക്കാരന്‍ ’ എന്ന ശബ്ദം ആദ്യമായി കണ്ടപ്പോള്‍ ഞങ്ങള്‍ അതേപ്പറ്റി ചിന്തിച്ചു. വിമന്‍ സംബന്ധിച്ച പല യോഗങ്ങളിലും സംസാരമദ്ധ്യേ ഈ പുതിയ പദം പ്രയോഗിക്കുകയുണ്ടായി. “ഇന്ത്യക്കാരന്‍, റഷ്യക്കാരന്‍, അമേരിക്കക്കാരന്‍ തുടങ്ങിയ ശബ്ദങ്ങള്‍ക്കുപരി ‘ഭൂമിക്കാരന്‍ ’ എന്ന ശബ്ദം അഭിമാനഭരിതമാകണം. ഭൂമിയാണെന്റെ ജന്മനാട് എന്ന സത്യബോധം ഉണരണം. ‘പൃഥ്വീമാത ’ എന്ന വൈദികശബ്ദത്തിന്റെ വ്യാഖ്യാനമാണ് ഭൂമിക്കാരന്‍” എന്നെല്ലാം വിമന്‍ വിശദീകരിക്കുകയുണ്ടായി. വിശാലദൃഷ്ടി നല്‍കുന്ന ഇത്തരം പദങ്ങള്‍ ബഹുജനങ്ങള്‍ക്കിടയില്‍ പരന്നുവരണം. പലര്‍ ധൈര്യമായി പറഞ്ഞാല്‍ സമൂഹം അതുള്‍ക്കൊള്ളും. ദര്‍ശനത്തില്‍ അത് പ്രയോഗിച്ചതുകൊണ്ടാണല്ലോ വിമന്‍ ഏറ്റെടുത്തത്. ഇന്ന് പരസ്പരരൂപീകരണം നടക്കുന്നത് സങ്കുചിതതാത്പര്യങ്ങളുടെ താളത്തിനൊപ്പിച്ചാണ്. നമുക്ക് പരസ്പര മൈത്രിയുടെ താളം ഇട്ടുകൊടുക്കാന്‍ കഴിഞ്ഞാല്‍ അത്തരത്തില്‍ രൂപീകരണം സംഭവിക്കും. ലോകം ഇങ്ങനെയേ പോകൂ എന്ന ധാരണ മനുഷ്യന്റെ അടിസ്ഥാനസ്വഭാവത്തിനു വിരുദ്ധമാണ്. ഇന്ന് സര്‍വത്ര സങ്കോചമാണെങ്കില്‍ നാളെ സര്‍വത്ര വികാസം. ഈ വികാസം പരസ്പരം സാവധാനം സാധിക്കാവുന്നതാണ്.