സേവനം മതിയാവില്ല
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

മിനി: വിശക്കുന്നവനോട് ഒരു പ്രവര്‍ത്തകന്‍ എന്താണ് പറയേണ്ടത്? ഇയാള്‍ക്കാവശ്യം ഭക്ഷണമാണെന്നറിയാം.

ഉത്തരം: വിശന്നുതളര്‍ന്നവരെ തത്കാലം നമുക്ക് ശല്യപ്പെടുത്താതിരിക്കാം. എന്തെങ്കിലും കൈയിലുണ്ടെങ്കില്‍ കൊടുക്കുകയും ചെയ്യാം. എന്നാല്‍ നമ്മുടെ സമീപനത്തില്‍നിന്ന് അവര്‍ ഒരുകാര്യം മനസ്സിലാക്കിയിരിക്കണം. നാം വിശക്കുന്നവരെ തേടി നടക്കുന്നവരല്ല. അതിന്റെ കാരണം ഇല്ലാതാക്കാന്‍ അവരുടേയും കൂടി സഹായം തേടാന്‍ വന്നവരാണ്. ഓരോരുത്തരും മറ്റുള്ളവരെക്കൂടി പരിഗണിച്ച് ജീവിക്കുന്ന ഒരു വ്യവസ്ഥിതി ഉണ്ടായാല്‍ മാത്രമേ ദാരിദ്ര്യം ഇല്ലാതാവൂ. നമുക്ക് നല്ലൊരു വരുമാനം ഉണ്ടായി നമ്മുടെ ദാരിദ്ര്യം തീര്‍ന്നാല്‍ ദാരിദ്ര്യം എന്ന പ്രശ്‌നത്തിന് അതൊരു പരിഹാരമാവുന്നില്ലെന്ന് ദരിദ്രരെ ബോദ്ധ്യപ്പെടുത്തണം. ശാശ്വത പരിഹാരത്തിന് സേവനം പോരാ; സഹകരണം വേണം. നാം എല്ലാവരും വേണ്ടപ്പെട്ടവരെന്ന ബോധത്തിലുള്ള സഹകരണം വേണം.

രാജു: ആ ബോധം ഒരു പ്രധാന പോയിന്റാണ്. ഒരു ദരിദ്രന് ഒരാള്‍ ഒരുനേരത്തെ റേഷന്‍ വാങ്ങിക്കൊടുക്കുന്നു. അയാളത് സന്തോഷപൂര്‍വം സ്വീകരിക്കുന്നു. ഇല്ലായ്മ കണ്ടതുകൊണ്ടുണ്ടായ സഹതാപമാണ് അവിടെ പ്രവര്‍ത്തിച്ചത്. നമുക്ക് അത് പോരാ. ഈ മനുഷ്യന്‍ എനിക്ക് വേണ്ടപ്പെട്ടവനാണ്. എന്റെ ജീവിതം സുരക്ഷിതമായിരിക്കണമെങ്കില്‍ ഇവനും സുരക്ഷിതനായിരിക്കണം. ലക്ഷോപലക്ഷം സെല്ലുകള്‍കൊണ്ട് നിര്‍മിക്കപ്പെട്ട ശരീരത്തില്‍ ഒരു സെല്ലിന് സ്ഥാനഭ്രംശം വന്നാല്‍ അത് ആകെ വിപത്തുണ്ടാക്കും. അതുപോലെ ഓരോരുത്തരുടേയും നിലനില്പിന്റെയും പുരോഗതിയുടേയും കാര്യമാണ് കൂട്ടത്തില്‍ ആരും പിന്നില്‍ പോകാനിടവരരുതെന്ന കാര്യം. ഈ ബോധം ധനികരിലും ദരിദ്രരിലും എല്ലാവരിലും വളര്‍ത്തിയെടുക്കുന്നതിനുതകുന്ന സമീപനമാണ് പ്രവര്‍ത്തകരിലുണ്ടാകേണ്ടത്. പത്തുവീടെങ്കിലും ഒന്നുചേര്‍ന്നിരുന്ന് അവര്‍ നിശ്ചയിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയാല്‍ നീക്കം വിപ്ലവാത്മകമാകും.