സര്‍വജന സഹകരണം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

കബീര്‍: ഭക്ഷണത്തിനും വസ്ത്രത്തിനും വകയില്ലാതെ, കയറിക്കിടക്കാന്‍ ഒരു വീടില്ലാതെ, ആരോരുമില്ലാതെ നമ്മുടെ ആളുകള്‍ കഷ്ടപ്പെടുന്നതെന്തിന്? എന്നു ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട്. മനുഷ്യന്‍ പരസ്പരം ഒന്നു ശ്രദ്ധിച്ചാല്‍ എത്രവേഗം ഇതു മാറിപ്പോകും. പ്രകൃതിയുടെ ഔദാര്യം അത്യാര്‍ത്തികൊണ്ടടച്ച് മനുഷ്യന്‍ ഭൂമിയില്‍ കൃത്രിമക്ലേശം സൃഷ്ടിച്ചിരിക്കുകയല്ലേ? പ്രകൃതിയുടെ ഔദാര്യം നേരെ കണ്ട് അറിഞ്ഞ് അനുകരിച്ചാല്‍ ഓരോരുത്തരും തന്റെ കഴിവുകള്‍ എല്ലാവര്‍ക്കുമായി വിനിയോഗിക്കുമായിരുന്നു.

മിനി: “മദയാനയെ തളയ്ക്കാന്‍ പോരുന്നൊരു തുടല്‍ എന്റെ പക്കലുണ്ട്. കണ്ണിചേരാതെ കിടക്കുകയാണെന്നേയുള്ളു” എന്നു പറഞ്ഞതുപോലെയാണ് നമ്മുടെ ഇന്നത്തെ അവസ്ഥ. മനുഷ്യന്‍ കണ്ണിചേര്‍ന്നാല്‍ ഭൂമി ഐശ്വര്യപൂര്‍ണമാകും. വിഭിന്നപാര്‍ട്ടികളേയും, വര്‍ഗങ്ങളേയും, മതങ്ങളേയും, രാഷ്ട്രങ്ങളേയും എങ്ങനെ കണ്ണി ചേര്‍ക്കും?

ഞാന്‍: കണ്ണിചേര്‍ക്കല്‍ നാടുതോറും തുടങ്ങേണ്ട ജോലിയാണ്. വ്യാപകമായി തുടങ്ങാവുന്നതല്ല. മതഭേദമെന്യേ ഓരോ പ്രദേശത്തുമുള്ള എല്ലാ പ്രാര്‍ത്ഥനാലയങ്ങളും മനുഷ്യബന്ധത്തിന്റെ ചുമതല ഏറ്റെടുക്കണം. നഗരസഭകളും പഞ്ചായത്തുകളും പ്രോത്സാഹനം നല്‍കണം. പ്രൈമറി വിദ്യാലയം മുതല്‍ യൂണിവേഴ്‌സിറ്റികള്‍ വരെ എല്ലാ വിദ്യാലയങ്ങളും ഈ വെല്‍ഡിംഗ് ജോലിക്കുകൂടി സമയം കണ്ടെത്തണം. ഗവണ്മെന്റു തങ്ങളുടെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഈ പ്രവര്‍ത്തനത്തിനനുവാദം നല്‍കണം, ഓരോ കരയിലുള്ള സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകള്‍ തറക്കൂട്ടം ചര്‍ച്ചാവിഷയമാക്കണം. നാടും വീടും രക്ഷപ്പെടും. മനുഷ്യരാശി രക്ഷപ്പെടും. ഭാവിതലമുറകള്‍ക്ക് സ്വസ്ഥജീവിതത്തിന് വഴിയൊരുക്കും. രണ്ടായിരാമാണ്ടുവരെ അടുത്ത പത്തുവര്‍ഷം ഈ വഴിക്ക് ഒന്നിച്ചൊരു ശ്രമം ചെയ്യുവാന്‍ കേരളത്തിനു കഴിഞ്ഞെങ്കില്‍, അതിന് എല്ലാ വിഭാഗക്കാരേയും ആത്മഭാവേന സമീപിക്കാന്‍ കഴിയുന്ന പ്രവര്‍ത്തകരുണ്ടാകണം. ഈ പുസ്തകം വായിക്കുന്നവര്‍ മുന്നോട്ടുവരണമെന്ന് നമുക്കപേക്ഷിക്കാം.

മിനി: ഓരോ കരയിലും നാലഞ്ചുപേര്‍ വീതം മുന്നോട്ടു വരാനുണ്ടായാല്‍ നല്ല പിന്തുണ കിട്ടും. ഇന്ന് കുടുംബത്തിനുള്ളിലേക്ക് ഒതുങ്ങിക്കൂടിയിട്ടുള്ള നിരവധി നല്ല വ്യക്തികള്‍ ഇത്തരം ഒരു പ്രവര്‍ത്തനവേദിയുണ്ടായാല്‍ മുന്നോട്ടുവന്ന് സഹകരിക്കും. നല്ല കാഴ്ചപ്പാടുള്ള എത്രയോ പേര്‍ വീടുകളിലേക്ക് ഒതുങ്ങിയത് സാമൂഹ്യരംഗം തങ്ങള്‍ക്കു പ്രവര്‍ത്തിക്കാന്‍ പറ്റാത്തതാണെന്നു കണ്ടതുകൊണ്ടാണ്. നിസ്വാര്‍ത്ഥവേദി ഒരുങ്ങിവന്നാല്‍ സ്വാതന്ത്ര്യസമരകാലഘട്ടങ്ങളേക്കാള്‍ കൂടുതലാളുകള്‍ രംഗത്തു വരും. ഇനി രണ്ടാം സ്വാതന്ത്ര്യസമരമല്ല; പുതിയ പരസ്പരാശ്രിതജീവിതമായിരിക്കണം പ്രേരകശക്തി. ഇതിന് സാമൂഹ്യപ്രവര്‍ത്തകരുടെ കാഴ്ചപ്പാടില്‍ ആകെ മാറ്റം വരുത്തേണ്ടിയിരിക്കുന്നു.