വിതരണ സമ്പ്രദായം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

ചോദ്യം: വിതരണ സമ്പ്രദായം എങ്ങനെ ആയിരിക്കും?

ഉത്തരം: മുമ്പൊരിക്കല്‍ ദര്‍ശനത്തില്‍ പുലരി എന്നൊരു ഗ്രാമത്തിലെ പുതിയ ജീവിതക്രമം വിവരിച്ചിരുന്നു, ആ ഗ്രാമത്തിലെ വീടുകള്‍തോറും രാവിലെ ഉന്തുവണ്ടികള്‍ വരുന്നു. നാളികേരം, മാങ്ങ, ചക്ക, വെണ്ടക്കാ, പൈനാപ്പിള്‍, കറിവേപ്പില, പാല്, മോര് തുടങ്ങിയ വിവിധ സാധനങ്ങള്‍ നിരത്തിവച്ചിട്ടുള്ള വണ്ടികള്‍. ഓരോ വീട്ടുകാരും അവര്‍ക്കു വേണ്ടത് അതില്‍ നിന്നെടുക്കുന്നു. അവര്‍ക്കുള്ളത് അതില്‍ വച്ചുകൊടുക്കുകയും ചെയ്യുന്നു. ഒന്നും വച്ചുകൊടുക്കാനില്ലെങ്കിലും വേണ്ടതെടുക്കാം.

വിവിധ ചരക്കു കപ്പലുകളും വിമാനങ്ങളും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു ചരക്കുകളുമായി പോകുന്നതും താവളങ്ങളില്‍ നിന്ന് ചെറുവാഹനങ്ങളില്‍ നാനാവഴി പ്രവഹിക്കുന്നതും ഞാന്‍ കാണുന്നു. എവിടെ എന്തിന്റെ കുറവ് അനുഭവപ്പെട്ടാലും അത് ലോകകേന്ദ്രത്തെ വേഗം അറിയിക്കുവാന്‍ കഴിയും. ലോകകേന്ദ്രം അത് ലോകത്തെയാകെ അറിയിക്കും. പലഭാഗങ്ങളില്‍നിന്നും വസ്തുവകകള്‍ അങ്ങോട്ടു നീങ്ങാന്‍ തുടങ്ങും. നിയമതടസ്സങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഈ പ്രക്രിയ വേഗം നടക്കും. ദൗര്‍ലഭ്യംകൊണ്ട് ലോകത്താരും വേര്‍തിരിഞ്ഞ് കഷ്ടപ്പെടാനിടവരികയില്ല. വേഗത്തില്‍ എത്തിക്കേണ്ടവ ആകാശത്തുനിന്ന് ചൊരിഞ്ഞുകൊടുക്കുവാന്‍ കഴിയും. അതു കൈയില്‍ കിട്ടുന്നവര്‍ കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുക്കും. അന്യനെപ്പറ്റിയുള്ള ശ്രദ്ധയാണ് വിതരണത്തിന്റെ പ്രേരകശക്തി. ഏറ്റവും നല്ല സാധനങ്ങള്‍ ആയിരിക്കും വിതരണം ചെയ്യുന്നത്. കൂടാതെ കൈവഴി വിതരണം നിത്യേന നടക്കും. വീടുകള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ പൊതുജീവിതത്തിലെ സന്തോഷകരമായ കാര്യമായിരിക്കും. അപൂര്‍വവസ്തുക്കള്‍ ഉണ്ടാക്കി അയല്‍വീടിന് കൊടുക്കുന്നതിന് ഓരോ വീട്ടുകാരും മനസ്സുവയ്ക്കും. വെള്ളത്തിലൊഴുക്കിയും സാധനങ്ങള്‍ വിതരണം ചെയ്യാം. ജന്തുക്കളും വിതരണത്തില്‍ പങ്കാളികളാകും. മനുഷ്യബുദ്ധി വികസിക്കാന്‍ തുടങ്ങിയാല്‍ ഇന്നു കാണാത്ത പലതും അന്നു കണ്ടെത്തും.