ലൈംഗികാസക്തി
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

ചോദ്യം: അന്ന് മനുഷ്യന്റെ ലൈംഗികവാസന ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായിരിക്കുമോ? എങ്ങനെയായിരിക്കും അന്നത്തെ വൈവാഹികബന്ധങ്ങള്‍?

ഉത്തരം: മനുഷ്യമനസ്സിലും സാഹചര്യത്തിലും വരുന്ന മാറ്റത്തിനനുസരിച്ച് എല്ലാ രംഗങ്ങളിലും ഉയര്‍ച്ച ഉണ്ടാവുന്ന കൂട്ടത്തില്‍ ലൈംഗികതലത്തിലും ഉയര്‍ച്ച ഉണ്ടാവാതെ വരില്ല. എന്നാല്‍ ജന്തുസഹജമായ സംഭോഗാസക്തി എന്നും നിലനില്ക്കും എന്നാണെന്റെ വിചാരം. സ്ത്രീപുരുഷ ബന്ധത്തിലും അല്ലാതെയും നാനാതരത്തില്‍ അത് പ്രകടമായെന്നുവരും. ഏക ദാമ്പത്യം മനുഷ്യജീവിതത്തില്‍ ഒരിക്കലും പൂര്‍ണമായി എന്നു വരികയില്ല. എന്നാല്‍ ഉപജീവനത്തിനുവേണ്ടി ആര്‍ക്കും ലൈംഗികബന്ധത്തിനു വഴങ്ങേണ്ടിവരികയില്ല. ബലാത്‌സംഗങ്ങള്‍ക്കും സാഹചര്യം കുറഞ്ഞെന്നു വരും. കാരണം തന്റെ നേരെ അഹിതമായ ഒരു സമീപനം മറ്റൊരാളില്‍നിന്നുണ്ടായാല്‍ തന്റെ അനിഷ്ടം വ്യക്തമാക്കിക്കൊടുക്കാന്‍ അപരന് അവസരമുണ്ടാകും. സ്ത്രീപുരുഷന്മാര്‍ക്കു തമ്മില്‍ അത്ര അടുത്ത് തുറന്ന് ഇടപെടാന്‍ കഴിയും. ഇന്നത്തേക്കാള്‍ തുറന്ന ജീവിതമാകുമെന്നതിനാല്‍ ബലാത്‌സംഗത്തിന്റെ സൂചനകളെ എല്ലാവരും നിരുത്സാഹപ്പെടുത്തും. എന്നാല്‍ ആരിലും ഈദൃശമായ തോന്നലുകള്‍ ഉണ്ടാവില്ല എന്നു പറയാന്‍ സാദ്ധ്യമല്ല. ലൈംഗികാകര്‍ഷണങ്ങള്‍ക്ക് പതിത്വം കല്പിക്കാത്ത ഒരു സാമൂഹിക മാനസികാവസ്ഥയായിരിക്കും അന്നുള്ളത്. മനുഷ്യന് ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ജന്മസിദ്ധമായ അവകാശത്തെ സമൂഹം അംഗീകരിക്കും.

ചോദ്യം: ഒരു നിയന്ത്രണവും കാണുകില്ല എന്നാണോ ഉദ്ദേശിക്കുന്നത്?

ഉത്തരം: അന്നത്തെ സമൂഹത്തിന് ആ സംഗതി വിടുകയാണുത്തമം എന്നെനിക്ക് തോന്നുന്നു. ഓരോരുത്തരും ആവശ്യമുള്ളത്ര സ്വയം നിയന്ത്രണം ഉള്ളവരാകും. ഇണകളുടെ ആനന്ദം ആരും നിന്ദ്യമായി കരുതുകില്ല. ജീവികള്‍ക്ക് പ്രകൃതിദത്തമായ ആനന്ദാനുഭൂതിയാണ് ലൈംഗികത. അതു നിലനില്ക്കും.