മനുഷ്യമനസ്സ്
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

ചോദ്യം: പുതിയ ലോകത്തില്‍ മനുഷ്യമനസ്സിന് കാര്യമായ മാറ്റം സംഭവിക്കും എന്നാശിക്കാമോ?

ഉത്തരം: പുതിയ മനസ്സാണ് പുതിയ ലോകം സൃഷ്ടിക്കേണ്ടത്. മനസ്സ് ദൃഢമായ ഉറച്ച ഒരു വസ്തുവല്ലല്ലോ. രണ്ടുതരത്തില്‍ മനസ്സിന് മാറ്റം സംഭവിക്കും. ഒന്ന്, സാഹചര്യം മാറുന്നതിനനുസരിച്ച്, രണ്ട്, ബോധത്തിനനുസരിച്ച്. പുതിയ ലോകത്തില്‍ സാഹചര്യത്തിലും ബോധത്തിലും മാറ്റം സംഭവിക്കുമെന്നതിനാല്‍ മനുഷ്യമനസ്സ് ആകെ മാറിവരും. മനസ്സിന്റെ നിഗൂഢതകളെപ്പറ്റി എനിക്കൊന്നും അറിഞ്ഞുകൂടാ. എന്നാലും കഠിനത മാറിയും, ആര്‍ദ്രത വര്‍ദ്ധിച്ചും വരും എന്നതില്‍ എനിക്കു സംശയമില്ല. കുശുമ്പ് നിലനില്ക്കാനിടയില്ല. ഒരാളുടെ സൗഭാഗ്യത്തില്‍ എല്ലാവര്‍ക്കും സന്തോഷിക്കാന്‍ കഴിയും. അന്യത്വഭാവം ഭൂമിയില്‍നിന്നു മാറിക്കൊണ്ടിരിക്കും. ആരെ എവിടെ കണ്ടാലും അയാള്‍ വേണ്ടപ്പെട്ടവനാണെന്ന തിരിച്ചറിവ് എല്ലാവരിലും ഉണ്ടായിരിക്കും. മന്ദബുദ്ധികളോ, ദുര്‍ബുദ്ധികളോ ഉണ്ടായിക്കൂടെന്നില്ല. അവരുടെ എണ്ണം കുറഞ്ഞുവരാനാണ് സാദ്ധ്യത.

ഭാവത്തില്‍ മാറ്റം വരുന്നതിനനുസരിച്ച് രൂപത്തിലും മാറ്റം വരും. എല്ലാവര്‍ക്കും സൗന്ദര്യം വര്‍ദ്ധിച്ചുകൊണ്ടേവരും. ആയുര്‍ദൈര്‍ഘ്യം തീര്‍ച്ചയായും വരും.

മനസ്സ് ഊര്‍ദ്ധഗതിയിലേക്കു തിരിയുന്നതിനുള്ള പരിശീലനങ്ങള്‍ വ്യാപകമായി നടക്കും. മനസ്സ് സങ്കോചവികാസങ്ങളിലൂടെ വിശാലമായി വരുന്നതിന് അനുകൂലമായ സാഹചര്യം നിലനിറുത്തുവാന്‍ പ്രാദേശികസമൂഹങ്ങള്‍ ശ്രദ്ധിക്കും. ഒരു വ്യക്തിയുടെ മനസ്സ് താഴുകയോ ഉയരുകയോ ചെയ്യുന്നത് മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാന്‍ അധികസമയം വേണ്ടിവരില്ല. നിത്യബന്ധജീവിതം പ്രാദേശികസമൂഹങ്ങളില്‍ ഉണ്ടായിരിക്കുമെന്നതുകൊണ്ട് ഓരോരുത്തരും മറ്റെല്ലാവരുടേയും ശ്രദ്ധയില്‍വരും. ഒരു മനുഷ്യനും വ്യാപനത്തിന് തടസ്സമായി വരില്ല. ഇന്ന് സര്‍വത്ര തടസ്സമാണുള്ളത്. എങ്ങോട്ടും പ്രവേശിക്കാനാവാത്തതരത്തില്‍ മതിലുകളുണ്ട്. തൊട്ടടുത്ത വീടിനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യം ഇന്നു വരുന്നില്ല. പുതിയ യുഗത്തില്‍ ലോകമാകെ പടര്‍ന്നുപരക്കാന്‍ ഓരോ മനസ്സിനും സന്ദര്‍ഭം ലഭിക്കുമെന്നതിനാല്‍ മനസ്സ് നിര്‍മലമാകും. ക്ഷോഭിക്കേണ്ട സന്ദര്‍ഭം കുറഞ്ഞുവരും. ഹൃദയശുദ്ധി കൈവരുന്നതിനുപരി മനുഷ്യന് എന്തു സൗഭാഗ്യമാണ് വേണ്ടത്. ഓരോ കുട്ടിക്കും ആയിരം അമ്മമാര്‍. ഓരോ അമ്മയ്ക്കും ആയിരം മക്കള്‍. മനസ്സിന്റെ ശക്തികളുടേയും ഭാവനകളുടേയും ചുരുളുകള്‍ അന്നാണ് വിടരാന്‍ തുടങ്ങുക. മനസ്സുകള്‍ പരസ്പരം പടര്‍ന്ന് പൂത്തുവിരിഞ്ഞ്, ലോകമാകെ സുഗന്ധം പരത്തി, സ്വര്‍ഗാനുഭൂതി ഉണര്‍ത്തുന്ന ആ കാലഘട്ടം നമുക്കിനി വിദൂരമായിക്കൂടാ.

കൂട്ടത്തില്‍ പിറകിലാകാന്‍ ഒരു മനസ്സും ഇഷ്ടപ്പെടുന്നില്ല. മനസ്സിന് സംക്രമണസ്വഭാവമുണ്ട്. ഒന്നിച്ചെങ്കില്‍ മരണം വരിക്കാന്‍പോലും മനസ്സൊരുക്കമാകും. പുതിയ ഉണര്‍വ് ലോകവ്യാപകമായ മുന്നേറ്റത്തിലേക്കായിരിക്കും എന്നതുകൊണ്ട് ഒരു മനസ്സും പിന്നോക്കം പോകില്ല എന്നാശിക്കാം.

മനസ്സിന്റെ മഹത്തായ കഴിവുകള്‍ അപൂര്‍വം ചില വ്യക്തികളിലൂടെ പുറത്തുവന്ന് ലോകം കണ്ടിട്ടുണ്ട്. ഫ്രാന്‍സീസ് അസ്സീസിയുടെ മനസ്സ് നിര്‍മലസ്‌നേഹമായി പ്രവഹിച്ച് ജന്തുക്കളെക്കൂടി സ്വാധീനിച്ചിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്റെ മനസ്സ് അമ്പാടിയിലെ ഗോപാലകുലത്തെയും ഗോക്കളെയും തരുലതാദികളേയും യമുനയേയും ആശ്ലേഷിച്ചിരുന്നു. ക്രിസ്തുദേവന്റെ സ്‌നേഹം ജഡങ്ങളില്‍ ചൈതന്യം പകര്‍ന്നിരുന്നു. തന്റെ ഏക വത്സലപുത്രനെപ്പോലും ബലി അര്‍പ്പിക്കത്തക്ക വണ്ണം എത്രമാത്രം സമര്‍പ്പിതമായിരുന്നു ഇബ്രാഹിം നബിയുടെ മനസ്സ്. എന്നാല്‍ വ്യക്തികളിലൂടെ പ്രകാശിതമായി കണ്ട ഈ മാനസിക ഉയര്‍ച്ച ഒരു സമൂഹം നേടിയെടുത്തതായി ഇതുവരെ അറിഞ്ഞുകൂടാ. വ്യക്തിപ്രഭാവം സമൂഹത്തിനാകെ പ്രയോജനം ചെയ്ത ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നല്ലാതെ സമൂഹമനസ്സ് പരസ്പരം ബന്ധപ്പെട്ട് വിശാലതയിലേക്കു വന്നതായി കാണുന്നില്ല. പുതിയ സമൂഹത്തില്‍ അതു സംഭവിക്കും.