പഞ്ചായത്തീരാജ് സഹായകമാകുമോ?
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

മിനി: ഞാനൊരു കാര്യം ചര്‍ച്ച ചെയ്യണമെന്നു വിചാരിക്കുകയാണ്. പോരുമ്പോഴേ ഓര്‍ത്തതാണ്. ഞങ്ങളുടെ ചോദ്യാവലിയില്‍ അതുള്‍പ്പെടുത്തിയിട്ടില്ല. ഈ പഞ്ചായത്തീരാജ് ക്രമേണയെങ്കിലും ഒരു പുതിയ സമൂഹരചനയ്ക്ക് സഹായകരമാകുമോ?

നവ: മിനിക്കെന്തു തോന്നുന്നു?

മിനി: വളരെക്കൂടുതല്‍ അധികാരങ്ങള്‍ അവയിലേക്കു കൈമാറാന്‍ ഗവണ്മെന്റിന് ഉദ്ദേശ്യം ഉണ്ടെന്നു തോന്നുന്നു. ജില്ലാതലത്തിലും ബ്ലോക്കുതലത്തിലും പഞ്ചായത്തുതലത്തിലും ജനങ്ങള്‍ക്ക് അവസരം ലഭ്യമാകുന്നു. അങ്ങനെ വരുമ്പോള്‍ അതില്‍ ചില സാദ്ധ്യതകള്‍ ഉണ്ടായി വന്നേക്കാം. കേന്ദ്രത്തിന്റെ ആവശ്യം കുറഞ്ഞേക്കാം.

നവ: ഗാന്ധിജി ഉദ്ദേശിച്ച ഗ്രാമസ്വരാജുമായി പഞ്ചായത്തീരാജിനു ബന്ധമുണ്ടെന്നു മിനിക്കു തോന്നുന്നുണ്ട് ഇല്ലേ?

മിനി: ഇങ്ങനെ പോയാല്‍ ബന്ധിപ്പിക്കാന്‍ കഴിഞ്ഞേക്കാം. എന്നു ഞാന്‍ കരുതുന്നു.

നവ: ഗാന്ധിജി ഉദ്ദേശിച്ച ഗ്രാമസ്വരാജ് രാമരാജിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ്. ലോകത്തിലൊരിടത്തും ഭരണകൂടം ആവശ്യമില്ലാതാകുന്ന അവസ്ഥയാണ് രാമരാജ്. രാമരാജിലേക്കുള്ള പാതയാണ് ഗ്രാമരാജ്. ഗ്രാമസ്വരാജ് ഗവണ്മെന്റു പ്ലാന്‍ചെയ്ത് നടപ്പാക്കുന്നതായാല്‍ അതിനു ഗവണ്മെന്റിനെ ഇല്ലാതാക്കാനുള്ള ശക്തി ഉണ്ടാവുകയില്ല. എന്നാല്‍ ജനങ്ങള്‍ മുന്നോട്ടുവന്ന് പ്രാദേശികസമൂഹങ്ങളായി ജീവിക്കാന്‍ തുടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാന്‍ ഗവണ്മെന്റു സന്നദ്ധമാകുന്ന ഒരു ഘട്ടം വരണം. രൂപീകരണം ഗവണ്മെന്റിന്റെ കൈകളിലാവരുത്. ഗവണ്മെന്റിനെതിരായും ആകരുത്. ഗവണ്മെന്റുകള്‍ക്ക് പുറംമടലിന്റെ സ്ഥാനമേ നല്‍കാവൂ. പുറംമടല്‍ കൊഴിഞ്ഞു പോകുന്നത് പുറംമടലിന് നാമ്പെതിരായതുകൊണ്ടല്ലല്ലോ. പുതിയ നാമ്പുകള്‍ വളര്‍ന്നു വരുമ്പോള്‍ അവയുടെ രക്ഷയ്ക്ക് പുറംമടലുകള്‍ വേണം. എപ്പോള്‍ ആവശ്യം ഇല്ലാതായി വരുന്നുവോ അപ്പോളവ കൊഴിഞ്ഞുപോകണം. പകരം ഗവണ്മെന്റ് അതിന്റെ പദ്ധതി പ്രകാരം കൊണ്ടുവരുന്ന ഗ്രാമസ്വരാജ് ഗവണ്മെന്റിന്റെ നിയന്ത്രണം ഗ്രാമങ്ങളില്‍ ഉറപ്പിക്കുന്നതിനുള്ള പദ്ധതികളായിരിക്കും. അത്തരം പദ്ധതികളിലൂടെ മനുഷ്യനു മോചനം കിട്ടില്ല, ഭക്ഷണം കിട്ടി എന്നു വരും.

ഞാന്‍: സര്‍ക്കാരിന്റെ പഞ്ചായത്തീരാജ് പരിശോധിച്ചാല്‍ അതില്‍ പഞ്ചായത്തിനുപരി ബ്ലോക്കും ജില്ലാതലവും ഉണ്ട്. പഞ്ചായത്തിനു താഴെയോ? അമ്പലപ്പുഴ പഞ്ചായത്തില്‍ 14 വാര്‍ഡുകള്‍ ഉണ്ട്. ഈ വാര്‍ഡുകളിലുള്ളവര്‍ക്ക് ഒരു മെമ്പറെ തെരഞ്ഞെടുത്തു കൊടുക്കുക എന്ന ബാദ്ധ്യതയല്ലേ ഉള്ളു. ഒരു വാര്‍ഡ് 600, 700 വീടുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇത് കൈയിലൊതുങ്ങുന്നതല്ല. ഇതു ചെറുതാക്കി ഓരോ ചെറുതും കൂടിയാലോചനാ സ്വാതന്ത്ര്യമുള്ള ഓരോ പ്രാദേശിക യൂണിറ്റാക്കട്ടെ. ജനജീവിതം ആ യൂണിറ്റുകളിലാണ്. അവിടെയവര്‍ക്കു സംഘടിക്കാനവസരം കിട്ടണം. പഞ്ചായത്തീരാജില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ഒന്നിച്ചുകൂടുന്നതല്ലാതെ, തിരഞ്ഞെടുക്കുന്ന ജനങ്ങള്‍ ഒരിക്കലും കൂടേണ്ട ആവശ്യം വരുന്നില്ല. ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ പാര്‍ട്ടികള്‍ കാട്ടുന്ന വഴിയിലൂടെ ബൂത്തുകളില്‍ ചെന്നാല്‍ മാത്രം മതി. തങ്ങളുടെ നാടിനുവേണ്ടി നേര്‍ക്കുനേരെ ചിന്തിക്കുന്ന ഒരു വേദി പഞ്ചായത്തീരാജിലില്ല. ഈ ശൂന്യത നമ്മുടെ ചിന്തകന്മാര്‍ക്ക് എന്തേ ബോദ്ധ്യമാകാത്തത്? നമുക്ക് നിയമസഭയും ജില്ലാസഭയും ബ്ലോക്കു സമിതിയും പഞ്ചായത്തു സമിതികളുമെല്ലാം വേണം. ഇവയെല്ലാം വേണ്ടത് ജനങ്ങള്‍ രാജ്യമാകെ പ്രാദേശികതലത്തില്‍ കൂടിയാലോചിച്ച് ചെയ്യുന്ന തീരുമാനങ്ങള്‍ അവരവരുടെ തലങ്ങളില്‍ നടപ്പാക്കിക്കഴിഞ്ഞ് ബാക്കിവരുന്നത് അവരുടെ നിര്‍ദ്ദേശാനുസരണം വ്യാപകമായി നടപ്പാക്കാനായിരിക്കണം.

നവ: അതാണ് യഥാര്‍ത്ഥ ജനാധിപത്യം.

മിനി: നമ്മുടെ ദേശീയഗാനത്തിലൂടെ ഗുരുദേവ് ടാഗോര്‍ ഭാരതത്തിന്റെ ഭാഗ്യവിധാതാക്കള്‍ ജനഗണങ്ങളാണെന്ന് നിത്യേന നമ്മെ അനുസ്മരിപ്പിക്കാറുണ്ടല്ലോ. അതിന്റെ പ്രായോഗിക പ്രത്യക്ഷ രൂപമാണ് തറക്കൂട്ടം.

ഞാന്‍: സാമൂഹ്യപ്രവര്‍ത്തകര്‍ ഈ ലക്ഷ്യത്തില്‍ ഒറ്റയും കൂട്ടായും ജനങ്ങളെ സമീപിക്കുവാന്‍ ധൈര്യപ്പെടണം. ജനങ്ങളെ മറ്റെന്തെങ്കിലും തരത്തില്‍ ആകര്‍ഷിക്കുന്ന പ്രശ്‌നമേയില്ല. ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കാര്യമാണിത് എന്നുതന്നെ പറയണം. ഒരു പുതുലോകത്തിനുവേണ്ടി ഞങ്ങള്‍ ഒന്നിച്ചുചേരുന്നു എന്ന ബോധത്തിലാണ് പത്തുവീടുകള്‍ കൂടിച്ചേരേണ്ടത്. പുതിയലോകം തന്നെയാവണം ആകര്‍ഷണകേന്ദ്രം.

കബീര്‍: ഈ ജ്യോതിസ്സ് ജനമനസ്സുകളില്‍ തെളിയാനെന്തു ചെയ്യണം?