എവിടെ തുടങ്ങണം?
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

കബീര്‍: എവിടെയാണ് തുടങ്ങേണ്ടത് എന്ന് നമുക്കാലോചിക്കാം.

ഞാന്‍: ഞങ്ങള്‍ അമ്പലപ്പുഴയില്‍ പ്രാദേശികതലത്തില്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഗവണ്മെന്റും, രാഷ്ട്രീയ-ജാതി-മത ശക്തികളും എല്ലാം പ്രാദേശിക സമൂഹരചനയ്ക്ക് ഊന്നല്‍ നല്‍കണം. പ്രവര്‍ത്തകരുടെ സമീപനം അതിന് വഴി തുറക്കത്തക്കവണ്ണമായിരിക്കണം. എല്ലാവരും സഹകരിച്ചാല്‍ മാത്രമേ ഇക്കാര്യം നടക്കൂ.

നവ: ഒരു ഗവണ്മെന്റിനും നിയമം കൊണ്ട് സാധിക്കാവുന്ന കാര്യമല്ല നവസമൂഹരചന. ഗവണ്മെന്റുകളെ ഒഴിവാക്കിക്കൊണ്ടും സാദ്ധ്യമല്ല. പ്രാദേശികതലങ്ങളില്‍ ജനങ്ങളെ ഉണര്‍ത്തണം. പരാര്‍ത്ഥ ജീവിതത്തിന് പ്രേരിപ്പിക്കണം. ഓരോരുത്തരും അവരുടെ കഴിവുകളെല്ലാം ആകെ ലോകത്തിന്റെ പുരോഗതിക്കുവേണ്ടി വിനിയോഗിക്കുവാന്‍ തയ്യാറാകുന്നൊരവസ്ഥ നാടുതോറും വളര്‍ത്തിയെടുക്കണം. ചെറിയ പ്രാദേശികസമൂഹങ്ങള്‍ ഉണ്ടായാല്‍ കാര്യം എളുപ്പമാകും. കൃഷിയിടങ്ങളില്‍നിന്നോ, ഫാക്ടറികളില്‍നിന്നോ വിദ്യാലയങ്ങളില്‍നിന്നോ, അല്ല; ജീവിത ഇടങ്ങളില്‍ നിന്നാണ് മാറ്റത്തിന്റെ തുടക്കം സംഭവിക്കേണ്ടത്.

രാജു: ഇന്നുള്ള സംഘടനകള്‍ ഈ പുതിയ ശ്രമത്തില്‍ പങ്കാളികളാകുമോ? രാഷ്ട്രീയ കക്ഷികള്‍ ഈ രംഗത്തേക്ക് വരുമോ?

ഞാന്‍: ഇല്ലെങ്കില്‍ ഇതു നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അവരെ പ്രവര്‍ത്തകര്‍ സമീപിക്കണം. ‘അവര്‍ സഹകരിക്കുന്നില്ലെങ്കില്‍ വേണ്ട; നമുക്കു ശ്രമിച്ചു നോക്കാം ’ എന്നു നിശ്ചയിക്കാനിടവന്നാല്‍ ഈ ശ്രമവും പരാജയപ്പെടും. മാറ്റത്തിന് തടസ്സമായി നില്ക്കുന്ന എല്ലാറ്റിന്റേയും ഒന്നിച്ചുള്ള മാറ്റമാണ് പരിവര്‍ത്തനം. മാറ്റത്തിനാഗ്രഹിക്കുന്നവരും ആഗ്രഹിക്കാത്തവരും തമ്മിലുള്ള യുദ്ധം മാറ്റത്തെ തടസ്സപ്പെടുത്തുകയേയുള്ളു.