ആശയവും പ്രയോഗവും
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

ചോദ്യം: ആശയം പ്രാവര്‍ത്തികമാകുന്നതെങ്ങനെ?

ഉത്തരം: ശരിക്കറിഞ്ഞുകൂടാ. ഒരാളില്‍ ഒരാശയം വിടര്‍ന്നുവന്നാല്‍ അത് ഭാഷയിലൂടെ മറ്റൊരാളില്‍ എത്തുന്നു. രണ്ടാമത്തെയാള്‍ക്കു അതൊരറിവാണ്. ആ അറിവ് അയാള്‍ സ്വയം രൂപീകരിച്ചെടുത്തതല്ല. അതു വീണ്ടും അയാളുടെ ആശയമായി തീരണം. അപ്പോള്‍ അയാള്‍ അതു മൂന്നാമതൊരാളോടു പറയുന്നു. മുന്നാമനിലും ആ അറിവ് ആശയമാകുകയും ആശയാവിഷ്‌കരണം നടക്കുകയും ചെയ്യും. ഇങ്ങനെ ആശയങ്ങള്‍ വിനിമയത്തിലൂടെ ആദ്യം അറിവായും അറിവു വീണ്ടും ചിന്തനത്തിലൂടെ ആശയമായും പരിചിതസമൂഹത്തില്‍ നിറഞ്ഞ് കനം തൂങ്ങിവന്ന് കര്‍മരൂപത്തില്‍ സംഭവങ്ങളാകണം. അതുകൊണ്ടാണ്, ഒരു പ്രദേശം കേന്ദ്രീകരിച്ച് എല്ലാ വീടുകളിലും ആശയം പകരണമെന്നു പറയുന്നത്.

ആശയം ഇങ്ങനെ വ്യക്തികളിലൂടെ പകര്‍ന്നു വരുമ്പോള്‍ വ്യക്തികളുടെ മാനസികനിലയ്ക്കനുസരിച്ച് അതില്‍ മാറ്റം സംഭവിക്കും. സാഹചര്യത്തിനനുസരിച്ച് ആശയം അങ്ങനെ തെളിയുകയോ മങ്ങുകയോ ചെയ്യും. ആവിഷ്‌കര്‍ത്താക്കള്‍ അതറിഞ്ഞ് വിശദീകരണം നല്‍കിക്കൊണ്ടേ ഇരിക്കണം. അല്ലെങ്കില്‍ ആശയങ്ങള്‍ തെറ്റിദ്ധരിക്കപ്പെടും. ലക്ഷ്യപ്രാപ്തിയിലെത്തുകയില്ല.

ആശയ കൈമാറ്റത്തിന് ഒരുദാഹരണം പറയാം. ‘നമ്മുടെ നാട്ടില്‍ അതിര്‍ത്തി തര്‍ക്കം ഉണ്ടാവരുത്. മനുഷ്യബന്ധത്തിന് അത് തടസ്സമാകും. മരത്തെക്കാളും മണ്ണിനേക്കാളും എത്രയോ വിലപ്പെട്ടതാണ് മനുഷ്യന്‍. അതുകൊണ്ട് നിലവിലുള്ള എല്ലാ അതിര്‍ത്തിത്തര്‍ക്കങ്ങളും സുല്ലിട്ടവസാനിപ്പിച്ച് അയല്‍ക്കാര്‍ തമ്മില്‍ നല്ല ബന്ധത്തില്‍ വരണം ’ എന്ന് ഒരാള്‍ക്ക് തോന്നുന്നുവെന്നിരിക്കട്ടെ. അയാള്‍ അത് മറ്റൊരു സുഹൃത്തിനോടു പറയുന്നു. ‘നടക്കാത്ത കാര്യം ’ എന്നുപറഞ്ഞ് ആ സുഹൃത്ത് അത് തള്ളിക്കളയുന്നു. മറ്റൊരു സുഹൃത്ത് ‘ഏറ്റവും ആവശ്യമുള്ള കാര്യം ’ എന്നു പറഞ്ഞ് അംഗീകരിക്കുന്നു. നമുക്ക് അടുത്ത വീട്ടില്‍ചെന്ന് ഇതേപ്പറ്റി പറഞ്ഞുനോക്കാം എന്നു പറയുമ്പോള്‍ അംഗീകരിച്ച സുഹൃത്ത് ‘എനിക്കിപ്പോള്‍ ഒരത്യാവശ്യകാര്യമുണ്ടെ ’ന്നു പറഞ്ഞുപോകുന്നു. ഇവിടെ എന്താണ് സംഭവിച്ചത്. അറിവ് രണ്ടുപേരിലും ആശയമായില്ല. ഒരാള്‍ ചിന്തിച്ചതേയില്ല. മുഖവിലയ്ക്കു തള്ളി. മറ്റെയാള്‍ അംഗീകരിച്ചു. എന്നാല്‍ അയാളില്‍ ആ അറിവ് സ്വന്തം ആശയമായി തീര്‍ന്നില്ല. ആശയത്തെ കര്‍മമാക്കി മാറ്റാന്‍ തക്ക സന്നദ്ധത അയാളില്‍ ഉണര്‍ന്നില്ല. ഈ സന്നദ്ധതയാണ് മുഖ്യ കാര്യം എന്നെനിക്കു തോന്നാറുണ്ട്.

ചോദ്യം: അപ്പോള്‍ പിന്നെന്തുചെയ്യും?

ഉത്തരം: അറിഞ്ഞുകൂടെന്നതാണു സത്യം. എങ്കിലും ചെയ്യുന്നതു പറയാം. കണ്ടവരെ വീണ്ടും കാണുന്നു. ചിലര്‍ ഒന്നിച്ചുവരാന്‍ തയ്യാറാകുന്നു. അവരിലും സന്നദ്ധത ഉണര്‍ന്നിട്ടുണ്ടെന്ന് വരില്ല. ഇവിടെ വ്യക്തിബന്ധം പ്രവര്‍ത്തിക്കും. തനിക്ക് ഉപേക്ഷിക്കാന്‍ വയ്യാത്ത ഒരാളുടെ കൂടെ സഞ്ചരിക്കാന്‍ കൗതുകം തോന്നുന്നു. ആശയപരമായ യോജിപ്പ് ഉണ്ടെന്ന വസ്തുതയും ഉണ്ട്. ഇങ്ങനെ പുതിയ പുതിയ ആളുകളെ കണ്ടും പറഞ്ഞും ഉണര്‍ത്തിയും ഒരു പ്രദേശത്ത് അതിര്‍ത്തി തര്‍ക്കങ്ങളില്‍ നിന്നുള്ള മോചനം ഒരു സംഭാഷണവിഷയമാകണം. ചായക്കടയിലും ചാരായഷാപ്പിലും അമ്പലപ്പറമ്പിലും ഒക്കെ ആളുകള്‍ പരസ്പരം സംസാരിക്കാന്‍ തുടങ്ങുന്ന ഒരു ഘട്ടത്തില്‍ എത്തണം. സാവധാനം സമൂഹമനസ്സ് രൂപപ്പെട്ടുവരുന്ന പ്രക്രിയയാണിത്. സമൂഹമനസ്സില്‍ ഈ ബോധം വന്നു കഴിഞ്ഞാല്‍ അത് സാമൂഹ്യാവശ്യമായിത്തീരും. പിന്നീട് എല്ലാവരും ഒന്നിച്ചുചേര്‍ന്ന് അത് നടപ്പാക്കും. തന്റെ കൂടെ മറ്റുള്ളവരും ഉണ്ട് എന്ന് എല്ലാവരും സാവധാനം അറിയുന്നു. ഒന്നിച്ചായാല്‍ ജനം എന്തിനും തയ്യാറാകും. വിശേഷിച്ചും വ്യക്തികളില്‍ ബോധപൂര്‍വം ഉറച്ച ഒരാവശ്യം നടപ്പാക്കാന്‍ എല്ലാവരും ഒന്നിച്ചുണ്ട് എന്നുവന്നാല്‍ ആ കാര്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കപ്പെടും. സമൂഹജീവിതം എന്ന ആശയത്തെ ഇപ്രകാരം ഒരു സാമൂഹ്യാവശ്യമാക്കി തീര്‍ക്കാന്‍ കഴിയുമോ എന്നാണ് അമ്പലപ്പുഴയില്‍ പരീക്ഷിക്കുന്നത്.