ആരാധനാലയങ്ങള്‍
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

ചോദ്യം: ആരാധനാലയങ്ങള്‍ അന്നും ഉണ്ടായിരിക്കുമോ?

ഉത്തരം: ഉണ്ടായിരിക്കും. ഈശ്വരാഭിമുഖമായി മനസ്സിനെ വ്യാപരിപ്പിക്കുവാന്‍ പരിശീലനം നല്‍കുന്ന പവിത്രസ്ഥാനങ്ങളായി പ്രാര്‍ത്ഥനാലയങ്ങള്‍ എന്നും നിലനില്ക്കുമെന്നാണെന്റെ വിചാരം. മനുഷ്യനതാവശ്യമാണ്.

ചോദ്യം: ഈശ്വരാഭിമുഖം എന്നതുകൊണ്ടെന്താണുദ്ദേശിക്കുന്നത്?

ഉത്തരം: എല്ലാറ്റിലുമുള്ള തന്നെ കണ്ടെത്തുന്നതിനുള്ള അന്വേഷണമാണ് ഞാനുദ്ദേശിക്കുന്നത്. ജനനത്തിലും മരണത്തിലും അന്ധകാരത്തിലും പ്രകാശത്തിലും ഭൂമിയിലും ആകാശത്തിലും, ചരങ്ങളിലും അചരങ്ങളിലും, ഭൂതത്തിലും ഭാവിയിലും ഉടനീളം നിറഞ്ഞുനില്ക്കുന്ന എന്നെ നേര്‍ക്കുനേരെ കാണുന്നതാണ് ഈശ്വരാഭിമുഖത. ദേശമോ കാലമോ വിശ്വാസമോ ആചാരമോ ഏതെങ്കിലും ഒന്നിനാല്‍ ഈ അന്വേഷണം തടയപ്പെട്ടുപോയാല്‍ അവിടെവച്ച് ഈശ്വരാഭിമുഖം നഷ്ടപ്പെടും. ഞാന്‍ എന്റെ വെറുമൊരു ധാരണ പറയുന്നുവെന്നേയുള്ളു. എനിക്ക് പിടിയുള്ള കാര്യമല്ലിത്. ഒന്നിനും തടസ്സപ്പെടുത്താനാവാത്ത ഒരു വികാസം വ്യക്തികളില്‍ സംഭവിക്കണം.

ചോദ്യം: ഈശ്വരാഭിമുഖം എങ്ങനെയാണ് തടയപ്പെടുന്നത്?

ഉത്തരം: ഞാന്‍ ഹിന്ദുവാണ്. എന്റെ ആരാധനാലയമാണ് ക്ഷേത്രം. മോസ്‌ക്കും ചര്‍ച്ചും എനിക്കന്യമാണ് എന്നു തോന്നിപ്പോയാല്‍ ഈശ്വരാഭിമുഖ്യം നഷ്ടപ്പെട്ടു. ഞാന്‍ ഭാരതീയനാണ് പാകിസ്താന്‍കാര്‍ എന്റെ ശത്രുക്കളാണ് എന്നു തോന്നിയാല്‍ ഈശ്വരനോട് അടുക്കാനാവാതെ വരും. ജനനത്തിനപ്പുറം ഭൂതകാലത്തിലും മരണത്തിനപ്പുറം ഭാവികാലത്തിലും ഞാനുണ്ട്. അത്ര സൂക്ഷ്മമാണ് പ്രകൃതിയുമായുള്ള എന്റെ ബന്ധം. കാലദേശഭേദമൊന്നും ഇവിടെ ഇല്ല. മരണത്തിനും ഈശ്വരാഭിമുഖ്യം തടസ്സപ്പെടുത്താനാവില്ല. ശത്രുമിത്രഭേദവും ഇല്ല. ഞാനീപ്പറയുന്നത് വെറും ശബ്ദങ്ങളിലൂടെ ബുദ്ധിയെ വ്യാപരിപ്പിക്കുകയാണ് എന്നു ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ മഹാപുരുഷന്മാര്‍ക്ക് ഇത് അനുഭൂതിയാണ്; നിജസ്ഥിതിയാണ്. ശ്രീരാമകൃഷ്ണ ദേവന് ഈ സ്ഥിതിയില്‍ നിന്ന് താഴോട്ടു വരാനായിരുന്നു പ്രയാസം. അനുനിമിഷം മേലോട്ടുള്ള ഗതിയാവണം ജീവിതം. അതിനായിരിക്കണം വിദ്യാഭ്യാസം. വിദ്യാഭ്യാസവും ആദ്ധ്യാത്മികതയും ഇവിടെ ഒന്നായിത്തീരുന്നു. സര്‍വാത്മബന്ധം സംഭവിക്കുന്നു.

രാജു: ഇന്നത് സാധിക്കുന്നില്ല, ജാതി, മതം, കക്ഷി തുടങ്ങി നിരവധി വിഭാഗീയതകള്‍ മനുഷ്യനെ തമ്മിലടുക്കുവാന്‍ അനുവദിക്കുന്നില്ല.

ഞാന്‍: പുതിയ ലോകത്തില്‍ അതുണ്ടാവില്ല. ലോകത്തുള്ള സര്‍വപ്രാര്‍ത്ഥനാലയങ്ങളും സര്‍വര്‍ക്കും ഉള്ളതാകുമ്പോഴേ ‘സര്‍വേശ്വരാ ’ എന്ന് സംബോധന ചെയ്യുന്നതിലര്‍ത്ഥമുള്ളു എന്ന് എല്ലാവരും മനസ്സിലാക്കും.

നവ: ലോകത്തുള്ള എല്ലാ ആരാധനാലയങ്ങളിലും ഒരേ ആചാരക്രമം ആയിരിക്കുമോ അന്നുണ്ടാവുക.

ഞാന്‍: അല്ല വ്യത്യസ്തമായിരിക്കും. എന്നാല്‍ വൈവിദ്ധ്യം ഭിന്നിപ്പിന് കാരണമാകില്ല. വിഗ്രഹാരാധനയില്‍ വിശ്വാസം ഇല്ലാത്തവരും ഉള്ളവരും ഒന്നിച്ചിരുന്ന് പ്രാര്‍ത്ഥന നടത്തും. വ്യത്യസ്തതകള്‍ പലതുണ്ടായിരിക്കെ ഐക്യം സാധിക്കുന്നിടത്താണ് ആനന്ദാനുഭൂതി ഉണ്ടാവുക. പ്രപഞ്ചത്തിന് അനന്തമായ വ്യത്യസ്തതകള്‍ ഉള്ളതുകൊണ്ടല്ലേ ജീവിതം ഇത്ര സന്തോഷപ്രദമായിരിക്കുന്നത്.

നവ: നാം എത്തിച്ചേര്‍ന്ന ഈ വീക്ഷണഗതിയിലൂടെ നോക്കുമ്പോള്‍ ഇന്നുള്ള ആരാധനാലയങ്ങള്‍ ഒന്നും ഈശ്വരാഭിമുഖമല്ലെന്നു വരും. ലോകത്ത് ദേവാലയങ്ങള്‍ ഇല്ലെന്നു പറയേണ്ടിവരും.

ഞാന്‍: വിദ്യാലയങ്ങള്‍ പോലെ ദേവാലയങ്ങളും ഇന്നില്ലെന്ന് അംഗീകരിച്ചാലേ യഥാര്‍ത്ഥ വിദ്യാലയങ്ങള്‍ക്കുവേണ്ടിയും ദേവാലയങ്ങള്‍ക്കുവേണ്ടിയും നമുക്ക് ശ്രമിക്കാനാവൂ. ദേവാലയങ്ങളില്‍ ഒരു മനുഷ്യനും പ്രവേശനം നിഷേധിച്ചുകൂടാ. ഒരു മതത്തിനും ഈ നിഷേധം ചേരില്ല. ഈശ്വരവിശ്വാസവും ഈശ്വരനിഷേധവും ഒന്നിച്ചുകൊണ്ടുപോകുവാന്‍ ശ്രമിക്കുകയാണ് നാമിന്ന്. ഇവ ഒന്നിച്ചുപോവില്ല. ഈശ്വരനിഷേധം ഇന്ന് ഈശ്വരവിശ്വാസികളുടെകൂടെയുണ്ട് എന്നു പറയേണ്ടിവരും. അവരവര്‍ക്കേ താന്‍ വിശ്വാസിയാണോ നിഷേധിയാണോ എന്ന് നിശ്ചയിക്കാന്‍ കഴിയൂ. ക്ഷേത്രദര്‍ശനം, ജപം, ധ്യാനം, പൂജ, പുരാണപാരായണം, ഭജന, വ്രതാനുഷ്ഠാനം, ദാനം, ഇതെല്ലാം വിശ്വാസത്തില്‍പെടും. ഇതെല്ലാം അനുഷ്ഠിച്ചാലും ഈശ്വരനിഷേധി ആയെന്നും വരും. ഈശ്വരന് എല്ലാം സ്വന്തമാണ്. പ്രപഞ്ചത്തെയാകെ സ്വന്തമായി കാണാന്‍ പരിശ്രമിക്കുമ്പോള്‍ വ്യക്തി ഈശ്വരവിശ്വാസിയാവാന്‍ തുടങ്ങുന്നു. ഒരു മതത്തിലോ, ഗ്രന്ഥത്തിലോ, പ്രവാചകനിലോ, ദേശത്തിലോ, ചര്യയിലോ എവിടെയെങ്കിലും തടയപ്പെട്ട് മറ്റുള്ളവയെ അന്യമായി കാണാനിടവരുന്നേടത്ത് ഈശ്വരന്‍ കൈവിട്ടുപോകും. ഈശ്വരവിശ്വാസം പിന്നേയും നിലനിന്നെന്നു വരും. ചാര്‍ജ് തീര്‍ന്ന ബാറ്ററിയുള്ള ടോര്‍ച്ചുപോലെ കൊണ്ടുനടക്കാം. ക്രമേണ ടോര്‍ച്ചിനെക്കൂടി അതു കേടാക്കുകയും ചെയ്യും.

നവ: ആ കേട് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ഗീയലഹളകള്‍ക്കെല്ലാം കാരണം ഈശ്വരന്‍ നഷ്ടപ്പെട്ട ഈശ്വരവിശ്വാസമാണ്. ഈശ്വരനിലല്ല; തങ്ങളുടെ ഗ്രൂപ്പുകളിലാണ് പലരും വിശ്വാസമര്‍പ്പിച്ചിരിക്കുന്നതെന്ന് സൂക്ഷിച്ചുനോക്കിയാല്‍ കാണാന്‍ കഴിയും. തങ്ങളുടെ മതക്കാര്‍ ന്യൂനപക്ഷമായിപ്പോയെങ്കിലോ എന്നാണ് ഭയം. ഭൂരിപക്ഷമതക്കാര്‍ തങ്ങളെ നാമാവശേഷമാക്കിയേക്കാം. ഈശ്വരന്റെ പേരില്‍ ഒരു ബലാബലപരീക്ഷയാണ് അപ്പോള്‍ നടക്കുക. അപ്പോഴാണ് ഭൂമിയില്‍ ഇടം കിട്ടാത്തതുകൊണ്ട് ഈശ്വരന്‍ അനന്തമായ ആകാശം സ്വസ്ഥാനമാക്കുന്നത്! ഒരാരാധനാലയത്തിന്റെ പേരില്‍ ഈശ്വരവിശ്വാസികള്‍ കലഹിക്കുമ്പോള്‍ അവിടെ ഈശ്വരന്റെ സ്ഥാനത്ത് പിശാചിന് കയറിപ്പറ്റാന്‍ സന്ദര്‍ഭം കൊടുക്കുകയാണ്. വ്യക്തികളിലുള്ള ഈശ്വരാംശം മങ്ങിമങ്ങി അന്ധകാരാവൃതമാകുന്നൊരവസ്ഥയാണിന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാസ്തികരല്ല, ആസ്തികരെന്നു കരുതപ്പെടുന്നവരാണു അറിയാതെ ഈ ദുഃസ്ഥിതി വരുത്തിവയ്ക്കുന്നത്. എന്താണിതിനൊരു പരിഹാരം?

ഞാന്‍: മതന്യൂനപക്ഷസങ്കല്പമേ ഇല്ലാതാകണം. പുതിയ ലോകത്തില്‍ ന്യൂനപക്ഷസമുദായം എന്നൊന്നുണ്ടായിരിക്കുകയില്ല. പുതിയ ലോകത്തില്‍ ഈശ്വരന്‍ ഉണ്ടാകും. കേവല വിശ്വാസമല്ല, അനുഭവമായിരിക്കും ഈശ്വരസാന്നിദ്ധ്യം. പരസ്പരാനുകൂലതയിലൂടെ ആയിരിക്കും ഈശ്വരസാന്നിദ്ധ്യം ഓരോരുത്തര്‍ക്കും അനുഭവപ്പെടുക. ഒരു വ്യക്തി ലോകത്ത് എല്ലാവര്‍ക്കും വേണ്ടപ്പെട്ടവനാകുകയും, എല്ലാവരും തനിക്ക് വേണ്ടപ്പെട്ടവരാണെന്ന് വ്യക്തിക്ക് അനുഭവമാകുകയും ചെയ്യുമ്പോഴുണ്ടാകുന്ന സ്വസ്ഥത ഈശ്വരാനുഭൂതിയല്ലേ? പുതിയ തലമുറയ്ക്ക് ആ സ്വസ്ഥത ലഭിക്കും, ശാന്തി കൈവരും.