വര്‍ഗസമരമല്ല; വര്‍ഗമോചനമാണ് ഇനി വേണ്ടത്
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

ഞാന്‍: ഇതുപോലൊരു തെറ്റിദ്ധാരണ വര്‍ഗസമരത്തെപ്പറ്റിയും ഉണ്ട്. വര്‍ഗസമരം ഇതുവരെ ഒരിടത്തും നടന്നിട്ടില്ലെന്നാണെന്റെ അഭിപ്രായം. തൊഴിലാളി-മുതലാളിസമരങ്ങള്‍ നടന്നിട്ടുണ്ട്. രാജാ-പ്രജാസമരങ്ങള്‍ നടന്നിട്ടുണ്ട്. അടിമ-ഉടമസമരം നടന്നിട്ടുണ്ട്. തൊഴിലാളികള്‍ സംഘടിച്ചു സമരം ചെയ്തത് മുതലാളിയാകാന്‍ വേണ്ടിയാണ്. പ്രജകള്‍ സംഘടിച്ച് രാജാവിന്റെ തല അറുത്തത് രാജാക്കന്മാരാകാന്‍ വേണ്ടിയായിരുന്നു. വിദേശി-സ്വദേശി യുദ്ധം കസേരയ്ക്കുവേണ്ടിയുള്ളതായിരുന്നു. ഇതൊക്കെ വിജയപ്രാപ്തിക്കുശേഷം തെളിഞ്ഞു കഴിഞ്ഞ കാര്യങ്ങളാണ്. പ്രഥമമായി നാം അറിഞ്ഞിരിക്കേണ്ട ഒരു സത്യം ചൂഷകരുടെ സമൂഹമാണ് നാം എന്നതാണ്. അവസരം കിട്ടുന്നതിനനുസരിച്ച് ഓരോരുത്തരും ചൂഷകരാകും. ഒരു ചെറിയ സംഭവം ഓര്‍ത്തുപോകുന്നു.

ഇവിടെ ഒരു കര്‍ഷകന്റെ പുഞ്ചനിലത്തില്‍ നാലു ജോലിക്കാര്‍ ചേര്‍ന്ന് വളം ചിതറുകയായിരുന്നു. കര്‍ഷകന്‍ സ്ഥലത്തില്ല. അദ്ദേഹത്തിന്റെ നോട്ടക്കാരനാണ് മറ്റു മൂന്നുപേരെക്കൂടി കൂട്ടി വളമിട്ടത്. വളമിട്ടുതീര്‍ന്ന് മൂന്നുപേര്‍ക്കും അയാള്‍ കൂലി കൊടുത്തു. ഒരു ചാക്കു വളം ചിതറാന്‍ 5 രൂപയാണ് കൂലി. ഓരോരുത്തര്‍ക്കും 5 രൂപാവീതം കിട്ടി. വളമിട്ടതില്‍ ഒരു യുവാവ് പ്രീഡിഗ്രിവരെ പഠിച്ചിരുന്നു. അയാള്‍ക്ക് ഒരു സംശയം. നാലുചാക്ക് വളമേ ഉണ്ടായിരുന്നുള്ളോ? ഒഴിഞ്ഞ ചാക്കുമായി അയാള്‍ കര്‍ഷകന്റെ വീട്ടിലേക്കു നടന്നപ്പോള്‍ ചെറുപ്പക്കാരന്‍ വിളിച്ചു. ചാക്കുവാങ്ങി എണ്ണിനോക്കി. 5 ചാക്കുണ്ട്. സംഭവിച്ചതെന്താണ്. കര്‍ഷകനോട് അയാള്‍ 5 ചാക്കിന്റെ കൂലി 25 രൂപാവാങ്ങി. വളം കൂട്ടിച്ചേര്‍ത്ത് 4 ചാക്കാണെന്ന് തന്റെ സഹപ്രവര്‍ത്തകരോടു പറഞ്ഞു. മറ്റുള്ളവര്‍ക്ക് 5 രൂപാവീതം കിട്ടിയപ്പോള്‍ അയാള്‍ക്കു 10 രൂപാ കിട്ടി.

ഇത് ഒറ്റപ്പെട്ട കാര്യമായി തള്ളരുത്. ഇതുവരെ നടന്ന പോരാട്ടങ്ങള്‍ ചൂഷകര്‍ ഫലത്തില്‍ തമ്മിലായിരുന്നെന്ന സത്യം ബോധ്യപ്പെടാന്‍ തക്ക ധൈര്യമുണ്ടായാല്‍ മാത്രമേ പുതിയ ചുവടുവയ്ക്കാന്‍ നമുക്കു കഴിയൂ. ഭരിക്കേണ്ടത് ഇടതുപക്ഷമോ വലതുപക്ഷമോ എന്നതല്ല നമ്മുടെ മുമ്പിലുള്ള പ്രശ്‌നം: ഭരണമല്ല നമുക്ക് വേണ്ടത്; ജീവിതമാണ് എന്ന കാഴ്ചപ്പാടാണ് വളര്‍ത്തിയെടുക്കേണ്ടത്. വൃഥാ പോളിംഗ് ബൂത്തിലേക്ക് 16-ആം വയസ്സുകാരെക്കൂടി നിരത്തി നിറുത്തുന്നതെന്തിന്? നമുക്ക് ഈ മൂടിക്കെട്ടിയ സ്വകാര്യവര്‍ഗ കാലാവസ്ഥയില്‍നിന്ന് അന്യോന്യതയുടെ തെളിഞ്ഞ കാലാവസ്ഥയിലേക്കുള്ള മോചനമാണാവശ്യം. പെട്ടെന്നതു സാദ്ധ്യമല്ലെന്നു ഞാന്‍ സമ്മതിക്കുന്നു. അതുകൊണ്ട് അനിവാര്യമായ തിന്മ എന്ന നിലയില്‍ ചിലതൊക്കെ നമുക്കു ചെയ്യേണ്ടിവരും. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദീര്‍ഘവീക്ഷണം പുലര്‍ത്തി ചെയ്യേണ്ടത് ചെയ്യാന്‍ നാം ഇനിയും മടിച്ചുകൂടാ. സാധാരണ ജനങ്ങള്‍ മുന്നോട്ടുവന്നാലേ ഈ മോചനപ്രക്രിയ തുടങ്ങാനാവൂ.