അല്പം ചരിത്രം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989
പുതിയ ലോകം പുതിയ വഴി

ഞാന്‍: ദര്‍ശനം സ്വീകരിച്ച പ്രവര്‍ത്തനശൈലി വ്യക്തമാക്കാം. 1976 മെയ്മാസം 23-ആം തീയതി പറവൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ 23 പേര്‍ കൂടിച്ചേര്‍ന്നാണ് അമ്പലപ്പുഴ ബ്ലോക്ക് പുതിയ സമൂഹരചനയുടെ ഒരു പരീക്ഷണഭൂമി ആകാമോ എന്ന് ശ്രമിച്ചു നോക്കുവാന്‍ നിശ്ചയിച്ചത്. തുടര്‍ന്ന് നാലുവര്‍ഷം വീടു കയറിയിറങ്ങി.

1980 സെപ്തംബര്‍ 15 മുതല്‍ 21 വരെ ഏഴുദിവസവും പിന്നെ ഒരു നാലു ദിവസവും ഉള്‍പ്പെടെ പതിനൊന്നു ദിവസം അമ്പലപ്പുഴ കച്ചേരിമുക്കില്‍ ശ്രീ. അരവിന്ദാക്ഷന്‍ സാറിന്റെ ട്യൂട്ടോറിയല്‍ കോളേജില്‍ രാത്രികാല യോഗങ്ങള്‍ നടത്തിയതില്‍ നിന്നാണ് ഒരു മാര്‍ഗരേഖ രൂപപ്പെട്ടത്. അതിനു മുമ്പും അതിനുശേഷവും നൂറുകണക്കിനു ചര്‍ച്ചായോഗങ്ങളും യാത്രകളും പതിനായിരക്കണക്കിനു ലഘുലേഖാ വിതരണവും ഈ മേഖലയില്‍ നടന്നു. പതിനയ്യായിരത്തില്‍പരം വീടുകളില്‍ പ്രവര്‍ത്തകര്‍ ചെന്നിരുന്ന് ആശയസംവാദം നടത്തി. കാക്കാഴത്ത് നൂറു വീടുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നോക്കി എങ്കിലും തുടരാന്‍ പറ്റിയില്ല. 1987 ആഗസ്റ്റ് 9-ആം തീയതി ക്വിറ്റിന്ത്യാ ദിനത്തില്‍ അമ്പലപ്പുഴ കോമനയില്‍ കേശവമന്ദിരം എന്ന വീട്ടില്‍വച്ച് ഒരു ചര്‍ച്ചായോഗം നടന്നു. 23 പേരാണ് അന്ന് യോഗത്തില്‍ സംബന്ധിച്ചിരുന്നത്. അന്നവിടെ വച്ചാണ് തറക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ നിശ്ചയിച്ചത്. തറ രൂപീകരിക്കാറായിട്ടില്ല എന്ന അഭിപ്രായം അന്നും ചിലര്‍ പ്രകടിപ്പിക്കുകയുണ്ടായി. അടുത്തടുത്തുള്ള വീടുകള്‍ ചേരുമെങ്കില്‍ തറ രൂപീകരിച്ചുനോക്കാം. എന്ന് അവിടെ വച്ചു നിശ്ചയിച്ചു. പിറ്റേന്ന് ആഗസ്റ്റ് പത്തിന് അവിടെ അടുത്ത് ചതവള്ളി എന്ന വീട്ടില്‍ അടുത്തടുത്തുള്ള 19 വീട്ടുകാര്‍ വന്നുകൂടി. അമ്പലപ്പുഴയില്‍ ഇന്നു പരീക്ഷണം നടക്കുന്ന ഗ്രാമക്കൂട്ട പ്രദേശത്ത് ഒന്നാം തറ അങ്ങനെ രൂപപ്പെട്ടു. പിറ്റേന്ന് രണ്ടാം തറ. തുടര്‍ന്ന് 25 തറകള്‍ രൂപപ്പെട്ടു. അടുത്തടുത്ത 5 തറകള്‍ ചേര്‍ന്ന് അയല്‍ക്കൂട്ടമായി; 5 അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് അങ്ങനെ ഒന്നാമത്തെ ഗ്രാമക്കൂട്ടമായി. ഗ്രാമക്കൂട്ടത്തിന്റെ ഒന്നാം വാര്‍ഷികയോഗത്തില്‍ വച്ച് ‘മാനവത ’ എന്നപേരില്‍ ചാരിറ്റബിള്‍ സൊസൈറ്റി ആക്ടനുസരിച്ച് വളരെ അയവുള്ള ഒരു സംഘടനയും രൂപീകരിച്ചു. ഇതൊക്കെ ഉണ്ടായെങ്കിലും സ്വകാര്യപരതയുടെ പിടിയില്‍നിന്ന് മോചനം നേടാന്‍ ജനങ്ങള്‍ക്കു കഴിഞ്ഞിട്ടില്ല എന്ന സത്യം ഇവിടെയും ബാക്കി നില്ക്കുന്നു.

കബീര്‍: പ്രാരംഭത്തില്‍ സമയദൈര്‍ഘ്യം വരുമെങ്കിലും പിന്നീട് കാര്യങ്ങള്‍ എളുപ്പമാവാന്‍ ഈ വഴിതന്നെയാണുത്തമം എന്നെനിക്കു തോന്നുന്നു.